സർവെ ഫലങ്ങളും ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകളും ഗൗനിക്കാതെ ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ വിജയം സ്വയം പ്രഖ്യാപിച്ച കോൺഗ്രസിനോളം ആത്മവിശ്വാസം മറ്റാർക്കുണ്ട്? വെറുതെ ഒറ്റവാക്കിൽ കോൺഗ്രസ് എന്ന് വിശേഷിപ്പിച്ചാൽ കേരളത്തിലെ പാർട്ടിയെ സംബന്ധിച്ച് ഒന്നും വ്യക്തമാവില്ല. പാർട്ടിയുടെ ജീവവായുവായ ഗ്രൂപ്പ് ബ്രാക്കറ്റിൽ ഇട്ടാൽ മാത്രമേ കാര്യം പിടികിട്ടുകയുള്ളൂ.
ഐക്യ കേരള കാലഘട്ടം മുതൽ നേതാക്കൾ ഇരുചേരികളിൽ നിന്നുകൊണ്ട് ഒരേ വേദി പങ്കിടുന്ന രസകരമായ കാഴ്ച നാട് കണ്ടുവരുന്നതാണ്. രണ്ട് അച്ചുതണ്ടിൽ പ്രത്യേക രീതിയിൽ കറങ്ങുന്ന പാർട്ടി, തുടക്കകാലത്ത് ആർ. ശങ്കറിന്റെയും പി.ടി. ചക്കോയുടെയും പേരിൽ ഗ്രൂപ്പുകൾക്ക് തുടക്കമിട്ടു. അടുത്ത തലമുറ ഏവർക്കും ലീഡർ ആയിരുന്ന കെ. കരുണാകരന്റെ പേരിലും ആദർശം എന്നും മുദ്രാവാക്യമായി കൊണ്ടുനടന്ന എ.കെ. ആന്റണിയുടെ പേരിലും ഗ്രൂപ്പിനെ തെളിയിച്ചു നിർത്തി. എ, ഐ ഗ്രൂപ്പുകൾ അതിന്റെ ശക്തി ദൗർബല്യങ്ങൾ തെളിയിച്ചുകൊണ്ട് പലപ്പോഴും ഭരിക്കുകയും പ്രതിപക്ഷത്ത് ഇരിക്കുകയും ചെയ്തു.
എപ്പോഴും ആൾക്കൂട്ടത്തിന്റെ ഗ്രൂപ്പായി നിലകൊണ്ട ഐ ഗ്രൂപ്പ് കരുണാകരൻ എന്ന ഒറ്റയാന്റെ തന്ത്രങ്ങളിലൂടെ കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പാർട്ടിക്കുള്ളിൽ നടന്ന ആ പോരാട്ടങ്ങൾക്ക് പിന്തുടർച്ചയായി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഗ്രൂപ്പുകളെ നയിച്ചു. സമാന്തരമായി നാലാം ഗ്രൂപ്പ് വയലാർ രവിയുടെ പേരിൽ ഉദയം കൊള്ളുന്നതും നാം കണ്ടു. തിരുത്തൽ വാദികൾ എന്ന പേരിൽ മറ്റൊരു സംഘം യുവാക്കൾ കോൺഗ്രസിൽ സജീവമായി. എന്നാൽ എ, ഐ ഗ്രൂപ്പുകൾക്കുള്ള പ്രസക്തി മറ്റാർക്കും ലഭിച്ചില്ല.
വർത്തമാനകാലത്ത് കേരളത്തിലെ കോൺഗ്രസിൽ ഐ ഗ്രൂപ്പ് എന്നാൽ അത് ഹൈക്കമാന്റിനോട് ഒട്ടിനിൽക്കുന്ന കെ.സി വേണുഗോപാലിന്റെ പേരിലാണ്. കഴിഞ്ഞ പുനഃസംഘടനയോടെയാണ് അത് ശക്തി പ്രാപിച്ചത്. എന്നാൽ ഐ ഗ്രൂപ്പ് ഒന്നല്ല, രണ്ടാണ്. ആ രണ്ടാം ഗ്രൂപ്പിന്റെ നായകൻ സാക്ഷാൽ വി.ഡി.സതീശനും. ഗ്രൂപ്പിന്റ പേരിൽ സതീശന് ഇടനിലക്കാരില്ല. ഒരു ഒറ്റയാൾ പട്ടാളം ശൈലിയാണ് അദ്ദേഹത്തിന്. വടക്കൻ ജില്ലകളിൽ ചലനമുണ്ടാക്കാൻ കെ. സുധാകരനും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് ആവാൻ ശ്രമങ്ങൾ നടത്തുന്നു.
എന്നാൽ പണ്ട് വിശാല ഐ ഗ്രൂപ്പ് രൂപീകരിച്ച രമേശ് ചെന്നിത്തലയെ മറന്നുകൂടാ. അദ്ദേഹത്തിനുമുണ്ട് സ്വന്തം അനുയായി വൃന്ദങ്ങൾ. പാർട്ടിയിൽ നിന്ന് പോയി മടങ്ങി വന്ന ശേഷം ഇനി ഗ്രൂപ്പുകൾക്ക് നിന്നു കൊടുക്കില്ലെന്ന് പറഞ്ഞ കരുണാകര പുത്രൻ കെ. മുരളീധരനും എല്ലാ ജില്ലകളിലും സ്വന്തം പോക്കറ്റുകൾ ഉണ്ട്. വിശ്വ പൗരനായ ശശി തരൂരിനും പാർട്ടിക്കുള്ളിൽ ആരാധകർ ഏറെയാണ്.
ഒരു പ്രശ്‌നം വരുമ്പോൾ അതിനെ എങ്ങനെ നേരിടണം എന്ന് ചിന്തിക്കാൻ കേരളത്തിലെ പാർട്ടിയിൽ അഞ്ചോ ആറോ തലകളുണ്ട് എന്ന് ചുരുക്കം. അക്കാരണത്താൽ അധികാരം കിട്ടിയാലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാലും ഒരോ ഗ്രൂപ്പ് തലവന്മാരുടെയും ആശയങ്ങളും താല്പര്യങ്ങളും വ്യത്യസ്തങ്ങളായിരിക്കും അതിന് പാർട്ടി നയവുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഉണ്ടാവാൻ വഴിയില്ല. ഹൈക്കമാൻഡ് വിചാരിച്ചാൽ പോലും ആ സമവാക്യങ്ങൾ പൊളിച്ചെഴുതാൻ എളുപ്പമല്ല. അപ്പോൾ സംസ്ഥാനത്ത് വീണ്ടും അധികാരത്തിൽ എത്തിയേക്കുമെന്ന പ്രതീതി മാത്രം മതി ഗ്രൂപ്പുകൾക്ക് അവരുടെ ശബ്ദം കേൾപ്പിക്കാൻ. ഗ്രൂപ്പുകളുടെ ബലാബലം അളക്കുന്ന ഒരു സുവർണാവസരം കൂടിയാണ് തെരഞ്ഞെടുപ്പ് കാലം. സ്ഥാനാർത്ഥി നിർണയം മുതൽ അത് പ്രകടമായതാണ്.
പണ്ട്, കെ.കരുണാകരൻ ഗ്രൂപ്പ് തർക്കങ്ങളെ കുറിച്ച് മാധ്യമങ്ങൾ ചോദിക്കുമ്പോൾ പറയുമായിരുന്നു, കോൺഗ്രസ് ഒരു ആൾക്കൂട്ടമാണ്, അവിടെ പല അഭിപ്രായങ്ങൾ വരുന്നത് ജനാധിപത്യത്തിന്റെ ലക്ഷണമാണ് എന്നെല്ലാം.
ആ കസേര ആർക്ക്?
സി.പി.എം പോളിറ്റ് ബ്യൂറോ ഓൺലൈനിൽ ചേർന്ന് ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് പ്രഖ്യാപിക്കുമ്പോഴും അത് കേവലം ഒരു വാർത്ത മാത്രമാണെന്ന് മട്ടിൽ സജീവമായി മുന്നോട്ടു പോവുകയാണ് കോൺഗ്രസ്. ഇടതുപക്ഷത്തിന്റെ വിജയം പ്രഖ്യാപിക്കുന്ന സർവ്വേഫലങ്ങൾ പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. നാട്ടിലാകെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് വെച്ചത് പൊതു ഖജനാവിലെ പണം കൊണ്ടാണെന്നും അവർ കരുതുന്നു. പിണറായി വിജയന്റെ ഫുൾ ഫിഗർ പരസ്യങ്ങൾ എന്താണ് കാണിച്ചുതരുന്നത്! ആ പാർട്ടിയിൽ രണ്ടാമതൊരു നേതാവ് ഇല്ല എന്നപോലെ. യു.ഡി.എഫിന് എതിർക്കാൻ ഒരേയൊരു പിണറായി.
അവിടെയാണ് നേതൃബാഹുല്യം കൊണ്ട് നാലുവഴിയായി നിൽക്കുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനാനന്തരം നടത്തേണ്ട വലിയ ഉത്തരവാദിത്തങ്ങൾ മുന്നിൽ വന്നു നിൽക്കുന്നത്. കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രിപദം. മറ്റെല്ലാം തീരുമാനിച്ചാലും ആരാവണം മുഖ്യമന്ത്രി എന്ന വലിയ ചോദ്യത്തിന് മുന്നിൽ യു.ഡി.എഫിന് വോട്ട് ചെയ്തവർ പോലും പകച്ചു നിൽക്കുകയാണ്. ആർക്കും ഒന്നും പ്രവചിക്കാൻ കഴിയുന്നില്ല. ഗ്രൂപ്പിന്റെ ശക്തിയുടെ പേരിൽ ആരെങ്കിലും മുഖ്യമന്ത്രി ആവുമെന്ന് കരുതുന്നവരും അധികമില്ല. എന്നാൽ അതേക്കുറിച്ചുള്ള തലവേദനകൾ അതാത് ഗ്രൂപ്പ് മനേജർമാർ ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു.
എല്ലാം ചെന്ന് അവസാനിക്കുന്നത് ഹൈക്കമാന്റിൽ ആണെന്ന് കരുതുന്നത് കൊണ്ട് അവിടെ നിന്നുള്ള പച്ചക്കൊടി കിട്ടാൻ ഗ്രൂപ്പുകൾ അവരുടേതായ സാഹിത്യം എഴുതിവിടുന്നുണ്ട്. ഹൈക്കമാൻഡിനു മുന്നിലെ പ്രശ്‌നം അവരെ വലുതായി സ്വാധീനിക്കുന്ന വൻകിട നേതാക്കൾ ഇപ്പോൾ കേരളത്തിൽ ഇല്ല എന്നതാണ്.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന 1991ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തി. പി.വി.നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കാൻ നിർണായക ഇടപെടലുകൾ നടത്തി കരുണാകരൻ രാജീവ് ഗാന്ധിയുടെ കാലത്ത് ഡൽഹിയിൽ നഷ്ടമായിരുന്ന പ്രതാപം വീണ്ടെടുത്തു. രാജ്യമാകെ കരുണാകരനെ കിങ് മേക്കർ എന്ന് വിശേഷിപ്പിച്ചു. അതുകൊണ്ട് തന്നെ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് യാതൊരു വെല്ലുവിളിയുമുണ്ടായില്ല. പക്ഷെ മന്ത്രിസഭാ രൂപീകരണം വലിയ പൊട്ടിത്തെറികളാണ് സൃഷ്ടിച്ചത്.
ആന്റണി നിർദേശിച്ച വി.എം. സുധീരന്റെ പേര് കരുണാകരൻ നിഷ്‌കരുണം തള്ളി.
മാളയിൽ തന്നെ തോൽപ്പിക്കാൻ സുധീരൻ ശ്രമിച്ചു എന്നായിരുന്നു കരുണാകരന്റെ പക്ഷം. ചേർത്തലയിൽ വയലാർ രവിയുടെ തോൽവിയും എ ഗ്രൂപ്പ് കാലുവാരിയത് കൊണ്ടാണെന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ടായിരുന്നു. എ ഗ്രൂപ്പിൽനിന്ന് ഉമ്മൻചാണ്ടിയും കെ.പി. വിശ്വനാഥനും മന്ത്രിമാരായി. എ ഗ്രൂപ്പ് മന്ത്രിസഭയിൽ ചേർന്നതിൽ പ്രതിഷേധിച്ച് വി.എം. സുധീരൻ ഗ്രൂപ്പ് വിട്ടു.
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗ്രൂപ്പ് വൈരം പരസ്യമായ യുദ്ധമായി മാറി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കരുണാകരൻ ഒരുകാലത്ത് തന്റെ ഏറ്റവും വലിയ വിമർശകനും ആന്റണിയുടെ ഉറ്റ ചങ്ങാതിയുമായിരുന്ന വയലാർ രവിയെ സ്ഥാനാർഥിയാക്കി. രവി വിജയിച്ചു. എ ഗ്രൂപ്പ് കെ.പി.സി.സിയുമായി പൂർണ നിസ്സഹകരണം പ്രഖ്യാപിച്ചു. പക്ഷെ തിരുപ്പതി എ.ഐ.സി.സി സമ്മേളനത്തിൽ വർക്കിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന രണ്ടാമനായി എ.കെ. ആൻണി വിജയിച്ചു. താമസിയാതെ കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിയുമായി.
ഗ്രൂപ്പ് പോരാട്ടം കൊണ്ട് അങ്ങനെ ആദർശ ധീരനായ എ.കെ. ആന്റണിക്കും നേട്ടമുണ്ടായി.
തൽക്കാലം കേരളത്തിൽ കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം മറ്റാരെക്കാളും കുഴപ്പത്തിലാക്കിയിട്ടുള്ളത് കോൺഗ്രസിനെ തന്നെ. സതീശൻ മുഖ്യമന്ത്രി പദത്തിന് അർഹനാണെന്ന് കരുതുന്ന വലിയൊരു വിഭാഗമുണ്ട്. ഒരിക്കൽ അവസരം കയ്യിൽ നിന്ന് വഴുതിപ്പോയ രമേശ് ചെന്നിത്തലയ്ക്ക് അവസരം നൽകണമെന്ന് കരുതുന്നവരും കുറവല്ല. തമ്മിലടി രൂക്ഷമായാൽ അവസാന നിമിഷം കെ.സി. വേണുഗോപാൽ രംഗപ്രവേശം ചെയ്യുമെന്ന് കണക്കുകൂട്ടുന്ന വരും പാർട്ടിയിലും പുറത്തുമുണ്ട്. ഇതൊന്നുമല്ല നമ്മുടെ വിശ്വ പൗരനെ തന്നെ മുഖ്യമന്ത്രിയാക്കിയാൽ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്ന ന്യൂജൻ വോട്ടർമാരുമുണ്ട്.
സതീശനോടുള്ള ആരാധന മൂത്ത് എറണാകുളം ജില്ലക്കാരൻ തന്നെ മുഖ്യമന്ത്രിയാവട്ടെ എന്ന് പ്രത്യാശിച്ച ഡി.സി.സി അധ്യക്ഷനെ പാർട്ടിക്ക് തിരുത്തേണ്ടിവന്നു. മുതിർന്ന നേതാക്കളായ കെ. ബാബുവും ബെന്നി ബഹനാനുമെല്ലാം മുഖ്യമന്ത്രി തർക്കത്തിൽ അസ്വസ്ഥരായി. ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന് മുസ്ലിംലീഗും ഒന്നിടഞ്ഞു. ഇവരെ ജയിപ്പിച്ചാൽ ഇതാണ് കുഴപ്പം എന്ന് വിമർശിക്കുന്ന ഒരു വിഭാഗം വോട്ടർമാരും അപ്പുറത്തുണ്ട്.
അപ്പോൾ വേണ്ടത് ഒരു മുഖ്യമന്ത്രിയാണ്. അതിനുവേണ്ടത് ഒരു വിജയമാണ്. വിജയ പ്രഖ്യാപനത്തിന് സമയം കൊടുത്തിട്ട് പോരെ മുഖ്യമന്ത്രി കസേരയിലേക്കുള്ള എണി വെച്ചുകയറ്റം എന്നതാണ് പ്രധാന ചോദ്യം.
കേരളത്തിന് നല്ലൊരു മുഖ്യമന്ത്രിയെ കോൺഗ്രസ് നൽകുമെന്നും തീരുമാനം പെട്ടെന്നുണ്ടാകുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞ വാക്കുകൾ പൊന്നായി മാറുമോ എന്നതാണ് അടുത്തമാസം നാലിന് ഫലപ്രഖ്യാപനശേഷം കണ്ടറിയേണ്ടത്.
പ്രജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ മലയാളികൾക്കായി 'സേവ് പ്രോപ്പർട്ടി സെൽ' ആരംഭിക്കുമെന്ന് ഫോമാ ടീം പ്രോമിസ്
എച്ച്-1ബി വിസക്കാർക്ക് ജെഡി വാൻസിന്റെ കർശന മുന്നറിയിപ്പ്; അമേരിക്കൻ താൽപ്പര്യങ്ങൾക്കായി പുതിയ നയം
കടലിൽ വീണ്ടും തീപ്പൊരി; 2,222 കോടി വിലയുള്ള അമേരിക്കൻ ചാര ഡ്രോൺ തകർന്നു,
മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി