തൃശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിഗൂഢമായ ജയില്‍ച്ചാട്ടത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജീവിതത്തിലും ശരീരത്തിലും വന്‍ മാറ്റങ്ങള്‍. ജയില്‍ച്ചാട്ടത്തിനായി 10 മാസംകൊണ്ട് 19 കിലോഗ്രാം ഭാരം കുറച്ചിരുന്ന ഗോവിന്ദച്ചാമിയുടെ ശരീരഭാരം ഇപ്പോള്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെ ജീവിതത്തിനിടെ 20 കിലോ വര്‍ധിച്ച് 75 കിലോഗ്രാമില്‍ എത്തിയിട്ടുണ്ട്.
മുമ്പ് ഉച്ചയ്ക്കും രാത്രിയിലും രണ്ട് വീതം ചപ്പാത്തിയും വെള്ളവും മാത്രം കഴിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് ഇയാള്‍ ശരീരഭാരം 55 കിലോയിലേക്ക് കുറച്ചത്. എന്നാല്‍ തടവുചാട്ടത്തിന് പിന്നാലെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയതോടെ ശരീരഭാരം പഴയപടി തിരികെ എത്തി. കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് ദിവസവും ബിരിയാണിയും ബീഡിയും ആവശ്യപ്പെട്ട് പ്രശ്നങ്ങളുണ്ടാക്കുകയും ഭക്ഷണം മോശമാണെന്ന് ആരോപിച്ച് നിരാഹാരം കിടക്കുകയും ചെയ്തിരുന്ന ഗോവിന്ദച്ചാമി ഇപ്പോള്‍ തികച്ചും ശാന്തനാണ്. ഉദ്യോഗസ്ഥരോടും സഹതടവുകാരോടും കലഹിച്ചിരുന്ന സ്വഭാവം മാറി നല്കുന്ന ഭക്ഷണം തടസ്സമില്ലാതെ കഴിക്കുന്ന സ്ഥിതിയിലേക്ക് മാറി.
നിലവില്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണമുള്ള ഒറ്റയാള്‍ സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. മുറിക്കുള്ളില്‍ തന്നെ ശൗചാലയ സൗകര്യവുമുണ്ട്. യാതൊരു ജോലിയും നല്കിയിട്ടില്ലാത്തതിനാല് ഭക്ഷണം കഴിക്കാന്‍ മാത്രമാണ് സെല്ലിന് പുറത്തിറക്കുന്നത്. ഇതിനിടെ തനിക്ക് ഒരേയൊരു ഡിമാന്‍ഡ് മാത്രമാണ് ഉള്ളതെന്ന് ഗോവിന്ദച്ചാമി ജയില്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. 15 വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും പരോള്‍ പോലും ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട്ടിലെ ഏതെങ്കിലും ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് ഇയാളുടെ പ്രധാന ആവശ്യം.
2025 ജൂലൈ 24 ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 10-ാം ബ്ലോക്കില്‍ നിന്ന് ഒറ്റക്കൈനായ ഗോവിന്ദച്ചാമി ചാടിപ്പോയത്. എന്നാല്‍ ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തളാപ്പില്‍ നിന്ന് നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെ ഇയാളെ കിണറ്റില്‍ നിന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
