2026 ലോകകപ്പിലെ തങ്ങളുടെ കന്നി മത്സരത്തില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കാബോ വെര്‍ദെ എന്ന കുഞ്ഞന്‍ രാജ്യം. മുന്‍ ലോക-യൂറോപ്പ് ചാമ്പ്യന്മാരായ കരുത്തരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ഈ ആഫ്രിക്കന്‍ രാജ്യം ചരിത്രം കുറിച്ചത്. സ്പാനിഷ് പടയുടെ എണ്ണം പറഞ്ഞ ആക്രമണങ്ങളെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെ തടുത്തിട്ടത് കാബോ വെര്‍ദെയുടെ നായകനും 40 കാരനുമായ ഗോള്‍കീപ്പര്‍ ജോസിമര്‍ ജോസ് എവോറ ഡയസ് എന്ന 'വൊസീഞ്ഞോ' ആണ്.
മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ലോക ഫുട്‌ബോളിലെ പുതിയ തരംഗമായി മാറിയിരിക്കുകയാണ് ഈ താരം.
സ്‌പെയിനിന്റെ 27 ഷോട്ടുകള്‍ക്ക് മുന്നില്‍ മഹാമേരുവായി വൊസീഞ്ഞോ
യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെ കാബോ വെര്‍ദെയ്ക്ക് കളിവിദഗ്ധര്‍ ആരും തന്നെ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പ്രതീക്ഷിച്ചതുപോലെ കളിയുടെ 74 ശതമാനം സമയവും പന്ത് സ്പാനിഷ് താരങ്ങളുടെ കാല്‍ക്കലായിരുന്നു. ലക്ഷ്യത്തിലേക്ക് അവര്‍ ഉതിര്‍ത്തത് 27 ഷോട്ടുകള്‍. എന്നാല്‍ സ്‌പെയിനിന്റെ 18 കാരനായ സൂപ്പര്‍ താരം ലമീന്‍ യമാല്‍ അടക്കമുള്ളവരുടെ ഗോളെന്നുറച്ച പല മുന്നേറ്റങ്ങളെയും വൊസീഞ്ഞോ അതിസാഹസികമായി തടഞ്ഞു. മത്സരത്തില്‍ 7 നിര്‍ണായക സേവുകളുമായി കളം നിറഞ്ഞ ഈ നാല്‍പ്പതുകാരന്‍ തന്നെയാണ് കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയത്.
കളി അവസാനിച്ചതിന് പിന്നാലെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന്റെ സന്തോഷക്കണ്ണീരുമായി നടുക്കളത്തിലിരുന്ന നായകനെ സഹതാരങ്ങള്‍ ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു. കാബോ വെര്‍ദെയെ സംബന്ധിച്ച് ഈ സമനില ഒരു കിരീട നേട്ടത്തോളം മധുരമുള്ളതാണ്.
റെക്കോര്‍ഡുകള്‍ തിരുത്തി നാല്‍പ്പതുകാരന്‍
സ്‌പെയിനെതിരായ മത്സരത്തോടെ നിരവധി അപൂര്‍വ്വ റെക്കോര്‍ഡുകളാണ് വൊസീഞ്ഞോ തന്റെ ലോകകപ്പ് ഡയറിയില്‍ എഴുതിച്ചേര്‍ത്തത്. ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കളിക്കാനിറങ്ങുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് ഇനി വൊസീഞ്ഞോയ്ക്ക് സ്വന്തം. സ്‌പെയിനിനെതിരെ ബൂട്ടണിയുമ്പോള്‍ 40 വയസും 12 ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ലോകകപ്പ് ചരിത്രത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ ഗോള്‍കീപ്പറായും താരം മാറി.
കളിക്കളത്തിന് പുറത്ത് വോളിബോള്‍ കോച്ചും ഇലക്ട്രീഷ്യനും!
വൊസീഞ്ഞോയുടെ ജീവിതം ഫുട്‌ബോള്‍ മൈതാനത്തിന് പുറത്തും കൗതുകങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹം ഒരു പ്രൊഫഷണല്‍ ഫുട്‌ബോളര്‍ മാത്രമല്ല, ഒരു ബീച്ച് വോളിബോള്‍ പരിശീലകന്‍ കൂടിയാണ്. കാബോ വെര്‍ദെയിലെ 'റെയ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍' വേനല്‍ക്കാലത്ത് കുട്ടികള്‍ക്കായി അദ്ദേഹം വോളിബോള്‍ ക്ലാസുകള്‍ നയിക്കാറുണ്ട്. ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഇത്തവണ മാത്രമാണ് അദ്ദേഹം തന്റെ അധ്യാപന ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നത്. ബീച്ച് വോളിബോള്‍ കോര്‍ട്ടിലെ അനുഭവങ്ങള്‍ തന്നെ ഒരു മികച്ച ഗോള്‍കീപ്പറായി മാറാന്‍ സഹായിച്ചുവെന്ന് വൊസീഞ്ഞോ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം ഒരു ഇലക്ട്രീഷ്യന്‍ ജോലിയില്‍ നിന്നാണ് അദ്ദേഹം ലോകകപ്പിന്റെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
മണല്‍പ്പരപ്പിലെ വോളിബോള്‍ കളി തന്റെ ഫുട്‌ബോള്‍ കരിയറിനെ എങ്ങനെ സ്വാധീനിച്ചു എന്ന് വൊസീഞ്ഞോ തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്:- 'മണലില്‍ കളിക്കുന്നത് ശരീരത്തിന്റെ ഫ്‌ലെക്‌സിബിലിറ്റിയും വേഗതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വോളിബോളിലെ 'ഡൈവിങ്' രീതികളാണ് ഫുട്‌ബോള്‍ പോസ്റ്റിന് മുന്നില്‍ പെട്ടെന്ന് പ്രതികരിക്കാനും വായുവില്‍ ഉയര്‍ന്നുചാടി പന്ത് തട്ടിയകറ്റാനും എന്നെ സഹായിക്കുന്നത്.'എന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. ലക്ഷ്യ ബോധമുണ്ടെങ്കില്‍ ഏത് പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാമെന്ന് തെളിയിക്കുന്നതാണ് ഈ 40 കാരന്റെ ജീവിതം.
തുടക്കകാലത്ത് മികച്ച പരിശീലന സൗകര്യങ്ങളോ ആധുനിക സ്റ്റേഡിയങ്ങളോ ഇല്ലാതിരുന്നിട്ടും, സ്വന്തം കഠിനാധ്വാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും ലോക വേദിയിലെത്തിയ വൊസീഞ്ഞോയുടെ കരിയര്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയൊരു പ്രചോദനമാണ്.
English Summary
Kicking off their debut 2026 World Cup campaign with a historic milestone, underdog Cabo Verde held former world and European champions Spain to a thrilling goalless draw, largely thanks to a heroic performance by their 40-year-old captain and goalkeeper, Josimar José Évora Dias, known as Vozinha. Defying all odds against a dominant Spanish side that held 74% possession and fired 27 shots, the veteran goalkeeper pulled off seven crucial saves—including thwarting 18-year-old star Lamine Yamal—to secure a well-deserved Player of the Match award. With this appearance, Vozinha etched his name into the history books as the oldest player to make a World Cup debut for a nation, while also becoming the third-oldest goalkeeper to keep a clean sheet in the tournament's history. Off the pitch, his journey from working as an electrician and coaching youth beach volleyball at the Raiz Institute back in his small, six-island African nation serves as an incredible inspiration, proving how his sand-court reflexes paved the way to stopping Europe's finest on football's biggest stage.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
