ഇറാന്‍-യു.എസ് ചരിത്രക്കരാര്‍: ആഗോള വിപണിയിലെ വിലക്കയറ്റത്തിന് ഉടന്‍ അറുതിയാകുമോ?

JUNE 17, 2026, 4:23 AM

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാനും അമേരിക്കയും തമ്മില്‍ ഇടക്കാല സമാധാനക്കരാറില്‍ ധാരണയായ വാര്‍ത്ത ആഗോളതലത്തില്‍ വലിയ ആശ്വാസമാണ് പകരുന്നത്. എന്നാല്‍ യുദ്ധ സമാനമായ സാഹചര്യങ്ങള്‍ക്ക് അയവ് വന്നാലും സാധാരണക്കാരുടെ കീശ ചോര്‍ത്തുന്ന എണ്ണ, ഭക്ഷ്യ വസ്തുക്കള്‍, വിമാന ടിക്കറ്റുകള്‍ തുടങ്ങിയവയുടെ വിലക്കയറ്റം ഉടനടി കുറയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

കരാര്‍ ഔദ്യോഗികമായി ഒപ്പിടുന്നതോടെ ലോകത്തിലെ പ്രധാന ചരക്കുപാതകള്‍ തുറക്കുമെങ്കിലും, വിപണി പൂര്‍ണ്ണമായും സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ എടുത്തേക്കും. 2026 ലെ ആഗോള വിപണിയെ ഈ കരാര്‍ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിശദമായി പരിശോധിക്കാം.

ഹോര്‍മുസ് കടലിടുക്ക്: എന്തുകൊണ്ട് ഇത് നിര്‍ണായകം?

കരാര്‍ ഔദ്യോഗികമായി ഒപ്പിടുന്നതോടെ ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ ജീവനനാഡിയായാണ് ഈ ചരക്ക് ഇടനാഴി അറിയപ്പെടുന്നത്. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ആഗോള എണ്ണ നീക്കത്തിന്റെ 20 ശതമാനവും ഈ വഴിയിലൂടെയായിരുന്നു. കൂടാതെ ആഗോള വളംനീക്കത്തിന്റെ 30 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോയിരുന്നത്. ഇറാന്‍ ഈ പാത അടച്ചതോടെയാണ് ആഗോള വിതരണ ശൃംഖല പൂര്‍ണ്ണമായും തകിടം മറിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് കൃത്രിമ ക്ഷാമം നേരിട്ടതും.

എണ്ണവില കുറഞ്ഞിട്ടും എന്തുകൊണ്ട് വിപണിയില്‍ പ്രതിഫലിക്കുന്നില്ല?

സമാധാന കരാര്‍ പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെയുണ്ടായ ആശ്വാസത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വില ബാരലിന് 80 ഡോളറായി കുറഞ്ഞിട്ടുണ്ട് (യുദ്ധത്തിനുമുന്‍പ് ഇത് 67 ഡോളറായിരുന്നു). എങ്കിലും ഇന്ധനവില പെട്ടെന്ന് കുറയാത്തതിന് പിന്നില്‍ ചില സാങ്കേതിക കാരണങ്ങളുണ്ട്.

1. റിഫൈനറികളുടെ മുന്‍കൂര്‍ കരാറുകള്‍

പൊതുവേ, എണ്ണ ശുദ്ധീകരണശാലകള്‍ ചുരുങ്ങിയത് ഒരു മാസമോ അതില്‍ക്കൂടുതലോ കാലയളവിലേക്കുള്ള അസംസ്‌കൃത എണ്ണ ഉയര്‍ന്ന വിലയ്ക്ക് മുന്‍കൂട്ടി പണമടച്ചാണ് വാങ്ങാറ്. അതുകൊണ്ട് പുതിയ കുറഞ്ഞ നിരക്കിലുള്ള എണ്ണ വിപണിയില്‍ എത്തുന്നതുവരെ, പഴയ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ എണ്ണ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ അവര്‍ തയ്യാറാകില്ല.

2. വിതരണത്തിനുള്ള സമയ ദൈര്‍ഘ്യം

കുറഞ്ഞ വിലയ്ക്ക് വീണ്ടും അസംസ്‌കൃത എണ്ണ വാങ്ങി ശുദ്ധീകരിച്ച് പ്രാദേശിക വിപണികളിലെത്തിക്കാന്‍ ചുരുങ്ങിയത് നാല് മുതല്‍ ആറ് ആഴ്ച വരെ സമയമെടുക്കും. അതുവരെ സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ വിലക്കുറവിന്റെ ഗുണം നേരിട്ട് ലഭിക്കില്ല.

വിമാന ടിക്കറ്റ് നിരക്കുകളും ഭക്ഷ്യവിലയും

എണ്ണ വിലയില്‍ ഉണ്ടാകുന്ന കുറവ് വിമാന ടിക്കറ്റ് നിരക്കുകളെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും സ്വാധീനിക്കാന്‍ ഇനിയും സമയമെടുക്കും. വിമാനക്കമ്പനികള്‍ സാധാരണയായി തങ്ങളുടെ ഇന്ധനമായ എടിഎഫ് (ATF-Aviation Turbine Fuel) മാസങ്ങള്‍ക്ക് മുമ്പേ ഫ്യുവല്‍ ഹെഡ്ജിംഗ് വഴി മുന്‍കൂട്ടി വാങ്ങി വെക്കാറുണ്ട്. ഉയര്‍ന്ന വിലയ്ക്ക് വാങ്ങി സംഭരിച്ചിരിക്കുന്ന ഈ ഇന്ധന സ്റ്റോക്ക് തീരുന്ന മുറയ്ക്കേ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ കമ്പനികള്‍ക്ക് സാധിക്കൂ. അതിനാല്‍ വരും മാസങ്ങളിലെ വിമാന യാത്രകള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നിരക്ക് തന്നെ നല്‍കേണ്ടി വരും.

ഭക്ഷ്യ വസ്തുക്കളും പലചരക്ക് സാധനങ്ങളും

ഭക്ഷ്യ സാധനങ്ങളുടെ വില നേരിട്ട് ഇന്ധനച്ചെലവിനെയും ഗതാഗതച്ചെലവിനെയും ആശ്രയിച്ചിരിക്കുന്നു. ആഗോള സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് ഗ്രോസേഴ്സ് അലയന്‍സ് വ്യക്തമാക്കുന്നത് അനുസരിച്ച്, ഭക്ഷണ സാധനങ്ങളുടെ ആകെ ഉത്പാദന-വിതരണ ചെലവിന്റെ അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ ഇന്ധനച്ചെലവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഹോര്‍മുസ് പാത അടഞ്ഞതോടെ കൃഷിക്ക് ആവശ്യമായ വളത്തിന്റെ വില ക്രമാതീതമായി ഉയര്‍ന്നിരുന്നു. വളം നീക്കം പുനസ്ഥാപിക്കപ്പെട്ട്, അടുത്ത വിളവെടുപ്പ് നടക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഭക്ഷ്യവിലക്കുറവ് വിപണിയില്‍ പ്രകടമാകൂ.

വിപണിയിലെ മറ്റ് ആഘാതങ്ങള്‍

യുദ്ധം മൂലം അസംസ്‌കൃത എണ്ണയുടെ വിതരണം മാത്രമല്ല, നിത്യോപയോഗ സാധനങ്ങളായ ചെരിപ്പ്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ എന്നിവയുടെ വിതരണ ശൃംഖലയും തകര്‍ന്നിരുന്നു. ചരക്കുകൂലി കുത്തനെ ഉയര്‍ന്നതാണ് ഇതിന് കാരണം.

കപ്പല്‍ ഗതാഗതം പൂര്‍ണ്ണ തോതില്‍ സുരക്ഷിതമാകണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളുടെ പ്രീമിയം നിരക്കുകള്‍ കുറയ്‌ക്കേണ്ടതുണ്ട്. ഇതിനും മാസങ്ങളുടെ സമയ ദൈര്‍ഘ്യം ആവശ്യമാണ്. ഇറാന്‍-യു.എസ് സമാധാന കരാര്‍ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാ അടിസ്ഥാനത്തില്‍ വലിയ ഉത്തേജനം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. വിപണിയിലെ അനിശ്ചിതത്വം മാറിയത് നിക്ഷേപകരില്‍ ആത്മ വിശ്വാസം വളര്‍ത്തിയിട്ടുണ്ട്.

എങ്കിലും യുദ്ധം വരുത്തിവെച്ച സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് വിപണിയും വിതരണ ശൃംഖലയും പൂര്‍ണമായി മുക്തമാകാന്‍ 2026 ന്റെ രണ്ടാം പകുതി വരെ സാധാരണക്കാര്‍ കാത്തിരിക്കേണ്ടി വരും. ചുരുക്കത്തില്‍, സമാധാനം ഉടനടി പ്രാബല്യത്തില്‍ വരുമെങ്കിലും യഥാര്‍ത്ഥ വിലക്കുറവിലേക്ക് വിപണി മാറാന്‍ അല്‍പം കൂടി ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam