കുന്ദമംഗലം: സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളിലേക്ക് വഴിതുറക്കുന്ന മർകസ് ഐ.ടി.ഐയിലെ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോഴ്സുകളുടെ 2026-27 അധ്യയന വർഷത്തെ ഉദ്ഘാടനം 'ഇഗ്നൈറ്റ് 2026' സംഘടിപ്പിച്ചു.
ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
കോളേജ് ബിരുദം നേടി ജോലി അന്വേഷിച്ചു നടക്കുന്ന നിലവിലെ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പ്രമുഖ കമ്പനികളിൽ ജോലി നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് മർകസ് ഐ.ടി.ഐ നൽകുന്നതെന്നും, സാമൂഹിക പുരോഗതിയിൽ ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഠനാരംഭത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടർ മുഹമ്മദ് അഷ്രഫ് സൂർപ്പിൽ നിർവഹിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാൻ കോടികൾ ചെലവഴിക്കേണ്ടിവരുന്ന നമ്മുടെ രാജ്യത്ത്, എല്ലാവരും കൃത്യമായി റോഡ് നിയമങ്ങൾ പാലിച്ചാൽ ഭീമമായ ഈ തുക ലാഭിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിൽ മർകസ് ഐ.ടി.ഐ പോലെയുള്ള മികച്ച സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്ക് കേവല അറിവിനപ്പുറം തൊഴിൽ മേഖലയിൽ നേരിട്ട് പ്രയോജനപ്പെടുത്താവുന്ന പ്രായോഗിക പരിശീലനം, വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നൈപുണ്യ വികസനം, തൊഴിൽ സാധ്യതകൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഐ.ടി.ഐ അധികൃതർ വ്യക്തമാക്കി.
ചടങ്ങിൽ ഐ.ടി.ഐ പ്രിൻസിപ്പൽ എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മർകസ് ഹയർ എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ അക്ബർ ബാദുഷ സഖാഫി, അബ്ദുൽ അസീസ് സഖാഫി, അസിസ്റ്റന്റ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ഫാസിൽ, സജീവ് കുമാർ, ഷറഫുദ്ദീൻ പി.സി, ഇബ്രാഹിം കെ. തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി സ്വാഗതവും ഇറാഷ് വി.കെ. നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
