കെ.എച്ച്.എൻ.എ.യുടെ പതിനാലാമതു പ്രസിഡന്റായി ചരിത്രവിജയം നേടിയ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കുള്ള അധികാരക്കൈമാറ്റം വിവിധ ആഘോഷപരിപാടികളോടെ റ്റാമ്പായിൽ പൂർണ്ണമായി.
അവിട്ടം നക്ഷത്രവും ഏകാദശിവൃതവും സംഗമിച്ച വെള്ളിയാഴ്ചയുടെ സായംസന്ധ്യയിൽ ടാമ്പാ അയ്യപ്പക്ഷേത്ര സന്നിധിയിൽ അനുഗ്രഹപൂജയും ആരതിയും അർപ്പിച്ചുകൊണ്ട് സംഗമത്തിനു തിരശ്ശീലയുയർന്നു. സമീപത്തുള്ള റമദാ വെസ്റ്റ്‌ഷോർ ബാൻകറ്റ് ഹാളിൽ അടുത്തദിവസം ഭാരവാഹികൾ ഭദ്രദീപം തെളിയിച്ചതോടെ കാര്യപരിപാടികൾക്കു തുടക്കമായി.
ഔപചാരികമായ അധികാരക്കൈമാറ്റത്തിനു മുൻപ് സെമിനാർ നടന്നു. സനാതനധർമ്മ പ്രചാരണ രംഗത്ത് വടക്കൻ അമേരിക്കയിൽ കാൽനൂറ്റാണ്ടു പിന്നിട്ട കെ.എച്ച്.എൻ.എയുടെ തുടക്കവും കടന്നുവന്ന വഴികളും വർത്തമാനകാല വെല്ലുവിളികളും അടുത്ത ദശകത്തിലേക്കുള്ള ഭാവിപ്രവർത്തന രേഖകളുമായിരുന്നു വിഷയം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർക്കും അനുഭാവികൾക്കും സംഘടനാസംബന്ധമായ അറിവും അച്ചടക്കവും പകർന്നു നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം. നിയന്ത്രിതവും നിശ്ചിതമായ അജണ്ടകളിൽ ഒതുക്കപ്പെട്ടവയുമാകയാൽ സംഘാടകർ അതിനെ കോൺക്ലേവ് എന്നാണ് നാമകരണം ചെയ്തിരുന്നത്.
പുതിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന്റെ ഹൃദ്യമായ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച കോൺക്ലേവിൽ മുൻ പ്രസിഡന്റ് സുരേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. വടക്കെ അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ ചിതറിക്കിടന്നിരുന്ന ഹൈന്ദവ കുടുംബങ്ങളെയും ഹിന്ദു കൂട്ടായ്മകളെയും ധർമ്മ സംരക്ഷണാർത്ഥം ഒന്നിപ്പിക്കണമെന്ന ജഗത്ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെ നിരന്തരമായ ആഹ്വാനം ഏറ്റെടുത്ത ഡാളസ്സിലെ ഹിന്ദു സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് സംഘടനാ ചരിത്രത്തിന്റെ താളുകൾ പ്രഭാഷകൻ മറിച്ചു തുടങ്ങിയത്.
രണ്ടായിരാമാണ്ടിൽ ഭാസി നായരുടെ അധ്യക്ഷതയിൽ ചേർന്ന കെ.എച്ച്.എസിന്റെ പൊതുയോഗം അടുത്തവർഷം നോർത്ത് അമേരിക്കൻ മലയാളി ഹിന്ദു അസോസിയേഷൻ എന്ന പേരിൽ ഒരു ദേശീയ സംഘടനാ രൂപീകരണവും ഒരു ഹിന്ദു സംഗമവും ലക്ഷ്യമിട്ടുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് പതിനായിരം ഡോളറിന്റെ പ്രാരംഭഫണ്ടും നേതൃനിരയും രൂപീകരിച്ചു.
സംഘടനാ സംസ്ഥാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മന്മഥൻ നായർ (ചെയർമാൻ), ടി.എൻ. നായർ, ഗംഗാധരൻ ആല, ഗോപാല പിള്ള (വൈസ് ചെയർമാൻമാർ), സജി നായർ (സെക്രട്ടറി), ഹരിദാസൻ പിള്ള (ട്രഷറർ) എന്നിവർ നടത്തിയ നിസ്വാർത്ഥ പ്രവർത്തനത്തെയും ചെയർമാനും വൈസ് ചെയർമാന്മാരും നടത്തിയ നിരന്തര യാത്രകളെയും തുടർന്ന് 2001 ഏപ്രിൽ 13 മുതൽ 15 വരെയുള്ള വിഷു ആഘോഷവേളയിൽ ഡാളസ്സിൽ ഒരു ദേശീയ ഹിന്ദു സമ്മേളനം സാധ്യമായി. അവിടെവച്ച് മുനി നാരായണ പ്രസാദ്, ആചാര്യ അപർണ്ണ ചൈതന്യ (ചിന്മയ മിഷൻ) എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു അമേരിക്കൻ മലയാളി ഹിന്ദുക്കൾക്ക് ഒരു സംഘടന എന്ന ചിരകാല സ്വപ്‌നം സക്ഷാത്കരിച്ചു.
ഡാളസ്സിൽനിന്ന് ഹ്യൂസ്റ്റണിലേക്ക് ശശിധരൻ നായരുടെ നേതൃത്വത്തിൽ രണ്ടാം കൺവെൻഷൻ എത്തിയപ്പോൾ കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്നപേരിൽ സംഘടന വ്യവസ്ഥാപിതമായി രജിസ്റ്റർ ചെയ്യപ്പെടുകയും തുടർച്ച ഉറപ്പാക്കുകയും ചെയ്തു. ഹ്യൂസ്റ്റനിൽനിന്ന് ഷിക്കാഗോയിലേക്കും തുടർന്ന് ഈ രാജ്യത്തിന്റെ വിവിധ പട്ടണങ്ങളിലേക്കും കൺവൻഷനുകളും ഹൈന്ദവ ശാക്തീകരണങ്ങളും വിജയകരമായി പൂർത്തീകരിച്ചു പതിനാലാമതു ആഗോള ഹൈന്ദവ സംഗമത്തിനായി ഫ്‌ളോറിഡ വേദിയാകുമ്പോൾ പിന്നിട്ട പ്രവർത്തനവഴികളിലെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കോൺക്ലേവ് ആഴമുള്ള ചർച്ചക്ക് വിധേയമാക്കി.
ഭാരതീയ മൂല്യസങ്കൽപ്പങ്ങളെയും വൈദികദർശനങ്ങളെയും അമേരിക്കൻ ഭൂമികയിൽ സംരക്ഷിക്കുക എന്ന ചരിത്രപരമായ നിയോഗം ഏറ്റെടുത്തു മുന്നോട്ടുവന്നിരിക്കുന്ന പുതിയ നേതൃത്വം തികഞ്ഞ ജനാധിപത്യ ബോധത്തോടെയും പരസ്പര ബഹുമാനത്തോടെയും പ്രവർത്തിച്ച് സംഘശക്തിയുടെ അടുത്ത ഘട്ടത്തിലേക്ക് സംഘടനയെ എത്തിക്കുമെന്ന പ്രത്യാശയോടെ മുൻ പ്രസിഡന്റ് ഉപസംഹരിച്ചു.
ധാർമ്മികതയും പങ്കാളിത്വവും പരസ്പര പൂരകമാകുന്ന ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണവും പ്രവർത്തന വഴികളിൽ കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളും ഉൾപ്പെടുത്തി സ്ഥാനമൊഴിയുന്ന ട്രഷറർ രഘുവരൻ നായർ അടുത്ത വിഷയാവതരണം നടത്തി. തുടർന്ന് കൗമാരം പിന്നിട്ടു യുവത്വത്തിലേക്കു കടക്കുന്ന അമേരിക്കൻ മണ്ണിൽ ജനിച്ചു വളരുന്ന യുവതീയുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കുന്നതിനായി നടപ്പിലാക്കേണ്ട കർമ്മപദ്ധതികളെക്കുറിച്ച് സിൽവർജൂബിലി കൺവൻഷൻ ചെയർമാൻ സുനിൽ പൈഗോൾ സംസാരിച്ചു.
കോൺക്ലേവിന്റെ സമാപനം കുറിച്ചുകൊണ്ടു സംസാരിച്ച നിയുക്ത സെക്രട്ടറി സിനു നായർ മൂല്യാധിഷ്ഠിത കുടുംബ സങ്കൽപ്പവും കുഞ്ഞുങ്ങളെ കൂടെക്കൂട്ടിയുള്ള മുന്നേറ്റവും മനോഹരമായി പ്രതിപാദിച്ചു.
ഉച്ചക്കുശേഷം ട്രസ്റ്റി ബോർഡിന്റെ നിയന്ത്രണത്തിൽ നടന്ന അധികാര കൈമാറ്റയോഗം കർണ്ണാടക സംഗീത രംഗത്ത് അമേരിക്കയിൽ ശ്രദ്ധേയനായ ഹരി കോയിപ്പള്ളിയുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. സുധ കർത്ത സ്വാഗതം ആശംസിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ്, എക്‌സിക്യൂട്ടീവ് ചെയർ പേഴ്‌സൺ ഡോ: രഞ്ജിനി പിള്ള, പ്രസിഡന്റ് ഡോ: നിഷ പിള്ള ട്രസ്റ്റി സെക്രട്ടറി രതീഷ് നായർ, നിയുക്ത ചെയർ പേഴ്‌സൺ വനജ നായർ എന്നിവർ സംസാരിച്ചു.
നിയമാനുസൃതമായി പ്രസിഡന്റ് ഡോ: നിഷ പിള്ള പുതിയ പ്രസിഡന്റ് ഉണ്ണികൃഷ്ണന് സംഘടനയുടെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കോർപറേറ്റ് രേഖകൾ കൈമാറി. സെക്രട്ടറി മധു ചെറിയേടത്ത് സംഘടനാ രജിസ്റ്ററുകൾ സിനു നായർക്കും ട്രഷറർ രഘുവരൻ നായർ ഫിനാൻഷ്യൽ രേഖകൾ നിയുക്ത ട്രഷറർ അശോക് മേനോനും കൈമാറി. ട്രസ്റ്റി ബോർഡിന്റെ രേഖകൾ രതീഷ് നായരിൽ നിന്ന് സെക്രട്ടറി ഡോ: സുധിർ പ്രയാഗയും ട്രസ്റ്റി ബോർഡിന്റെ സഞ്ചിതനിധിയുടെ ബാങ്ക് വിവരങ്ങൾ ഗോപിനാഥക്കുറുപ്പിൽനിന്ന് വനജ നായരും സ്വീകരിച്ചു.
അനന്തരം സംസാരിച്ച പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ വിജയിപ്പിച്ച അംഗങ്ങളോടും സ്ഥാനം ഒഴിഞ്ഞ ഭാരവാഹികളോടും നന്ദി പറഞ്ഞു. വൈസ് പ്രഡിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ ജോയിന്റ് ട്രഷറർ അപ്പുകുട്ടൻ പിള്ള, തെരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങൾ എന്നിവരെയും പിന്നാലെ പരിചയപ്പെടുത്തി.
നാലുവർഷത്തെ സേവനം പൂർത്തിയാക്കി പടിയിറങ്ങിയ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അനിൽകുമാർ പിള്ള സേവനകാലത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും പുതുതായി കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട സുധ കർത്ത, ഗോപാലൻ നായർ, രാമദാസ് പിള്ള എന്നിവർ ഉൾപ്പെടെയുള്ള പുതിയ ഭാരവാഹികൾക്ക് ആശംസയർപ്പിക്കുകയും ചെയ്തു. രണ്ടു ദിവസമായി നടന്ന പരിപാടികളിൽ ക്ഷണിക്കപ്പെട്ട ഇരുന്നൂറ്റിയമ്പതിലധികം പ്രതിനധികൾ പങ്കെടുത്തു. ചടങ്ങിൽ അമ്പത്തിനായിരത്തിലധികം ഡോളർ സീഡ് മണി സമാഹരിക്കാനായത് പ്രതിനിധികളിൽ കൂടുതൽ ഉത്സാഹം പകർന്നു .
സെക്രട്ടറി സിനു നായരുടെ നന്ദി പ്രകടനത്തിനു ശേഷം ആത്മ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളോടെ ചടങ്ങുകൾക്ക് തിരശീല വീണു.
സുരേന്ദ്രൻ നായർ, കെ.എച്ച്.എൻ.എ. മീഡിയ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്