ഫിലഡൽഫിയ: ജോസ് തോമസിന് ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അവാർഡ്. വിദ്യാർത്ഥികളുടെ സർവതോമുഖമായ വ്യക്തിത്വ വികാസത്തിന്, പാഠപുസ്‌കേതര സർഗ വാസനകളുടെ പരിപോഷണം ലക്ഷ്യമിട്ട്, ജോസ് തോമസ് പങ്കാളിയായ, മാതൃകാപരമായ പ്രവർത്തനങ്ങൾ, എടുത്തുകാട്ടപ്പെടേണ്ടതാണെന്ന്, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ, കേരള ദിനോത്സവസമിതിയ്ക്ക് ' ഓർമാ ഇന്റർനാഷണൽ' നൽകിയ മൂല്യ നിർദ്ദേശ പത്രത്തിൽ,വ്യക്തമാക്കിയിരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം, അമേരിക്കൻ മലയാളി അദ്ധ്യാപരെ ആദരിച്ചിരുന്നതിന്റെ തുടർച്ച, എന്ന നിലയിലാണ് ഇത്തവണ, ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അവാർഡ്, കേരള ദിനോത്സവഭാഗമായി ഏർപ്പെടുത്തിയത്. ഇന്ത്യ സമ്മാനിച്ച ഏറ്റവും പ്രഗത്ഭന്മാരായ രാഷ്ട്രതന്ത്രജ്ഞന്മാരിൽ, തത്വ ചിന്തകൻ എന്ന നിലയിൽ, പൗരസ്ത്യവും പാശ്ചാത്യവുമായ ദാർശനിക ചിന്തകളെ പരസ്പരബന്ധിതമാക്കി ദർശിപ്പിക്കുവാൻ കഴിഞ്ഞ അദ്ധ്യാപക കുലപതിയാണ് ഡോ.എസ്. രാധാകൃഷ്ണൻ (5 സെപ്തംബർ 1888 - 17 ഏപ്രിൽ 1975). സംഘടനകൾ നിർദ്ദേശിക്കുന്ന അദ്ധ്യാപകരിൽ നിന്നായിരുന്നു 'ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ അവാർഡ് ' ജേതാവിനെ നിർണ്ണയിച്ചത്.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ അവാർഡ് സമ്മാനം നിർവ്വഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'കേരളം ദിനോത്സവം 24' ചെയർമാൻ ജോർജ് നടവയൽ ആമുഖ പ്രസ്താവന നടത്തി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ജോൺ പണിക്കർ സ്വാഗതവും ജോയിന്റ് ട്രഷറാർ രാജൻ സാമുവേൽ നന്ദിയും പറഞ്ഞു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ ആശംസകൾ നേർന്നു പ്രസംഗിച്ചു. സെക്രട്ടറി ബിനു മാത്യു, ട്രഷറാർ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, അലക്‌സ് ബാബു, അൻസു ആലപ്പാട്ട് എന്നിവർ യോഗ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബിസിനസ് പ്രമുഖരായ മണിലാൽ മത്തായി, അറ്റേണി ജോസഫ് കുന്നേൽ, പമ്പ, കോട്ടയം അസോസിയേഷൻ, ഓർമാ ഇന്റർനാഷനൽ, ഫൊക്കാനാ, ഫോമാ, പിയാനോ, തിരുവല്ലാ അസോസിയേഷൻ, റാന്നീ അസോസിയേഷൻ, ഫിലഡൽഫിയാ മലയാള സാഹിത്യ വേദി, ഫിൽമാ, എന്നിങ്ങനെ വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ മൂന്നു വർഷങ്ങളായി രാജ്യാന്തര തലത്തിൽ, ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച, 'ഓർമാ ഇന്റർനാഷണൽ സ്പീച് കോമ്പറ്റീഷനിൽ' ഓരോ തവണയും രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു എന്നതും, ഭീമമായ തുകകളുള്ള സമ്മാനങ്ങൾ വിദ്യാർത്ഥി പ്രസംഗകർക്ക് നൽകാനായി എന്നതും, ജസ്റ്റീസ് മഹാദേവൻ, മന്ത്രി റോഷി അഗസ്റ്റിൻ, മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ഭാരത മിസൈൽ വനിത ഡോ. ടെസി തോമസ്, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഡയറക്ടർ അനീഷ് പി. രാജൻ, സിനിമാ സംവിധായകൻ സിബി മലയിൽ, മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ ഡി.ജി.പി ഡോ. ബി. സന്ധ്യ, ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, സിനിമാ കലാകാരി മിയാ ജോർജ്, എന്നിങ്ങനെ ഒട്ടനവധി പ്രഗത്ഭരുടെ സാന്നിദ്ധ്യത്തിൽ അവാർഡ് ദാനങ്ങൾ നടത്തുന്നതിനും ഓർമാ ഇന്റർനാഷണലിനു കഴിഞ്ഞു. 'ഓർമാ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ' എന്ന നിലയിൽ മറ്റു ഭാരവാഹികൾക്കൊപ്പം, ജോസ് തോമസിന്റെ സേവനങ്ങൾ സഹായകമായി. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ 'ഓർമാ ഇന്റർനാഷനലിന്റെ' ഭാരവാഹികൾ സമർപ്പിച്ച നാമ നിർദ്ദേശ പരാമർശങ്ങൾ ശരിവച്ചാണ്, ആധുനിക ഭാരതത്തിലെ സർവകാല അദ്ധ്യാപകപ്രകാശമായ, ഡോ. സർവേപ്പള്ളി രാധാകൃഷണന്റെ നാമധേയത്തിലുള്ള അവാർഡ്, ജോസ് തോമസിനു നൽകുവാൻ ട്രൈസ്റ്റേറ്റ് കേരളാ ഫോറം തീരുമാനിച്ചത്.
പെൻസിൽവേനിയയിൽ സ്റ്റഫ്‌ഫോഡ് ഹൈസ്‌കൂളിൽ ഗണിതശാസ്ത്രവിഭാഗം അദ്ധ്യാപകനാണ് ജോസ് തോമസ്. മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമാണ്. സംഘാടകൻ എന്ന നിലയിലും, ഫിലഡൽഫിയയിൽ പ്രവർത്തിച്ചിരുന്ന 'പ്രവാസി തീയറ്റേഴ്‌സിനു വേണ്ടി' പ്രശസ്ത നാടകകാരൻ ജോയി കടുകമ്മാക്കൽ സംവിധാനം നിർവ്വഹിച്ച്, സാന്ദ്രാ പോൾ, മെർളിൻ അഗ്സ്റ്റിൻ, ബിനു ഫിലിപ്, ബേബി തടവനാൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ' കുങ്കുമ സന്ധ്യ ' എന്ന നാടകത്തിന്റെ സംഘാടക വിജയത്തിലും, സെന്റ് തോമസ് സീറോ മലബാർ ഫിലഡൽഫിയാ ഫൊറോനാ ചർച്ചിലെ വിവിധ മാസികകളുടെയും സ്മരണികകളുടെയും മുഖ്യ പത്രാധിപർ എന്ന നിലയിലും, ട്രസ്റ്റി എന്ന നിലയിലും, ജോസ് തോമസിന്റെ പ്രവർത്തനമികവ് അദ്ധ്യാപക ലോകത്തിന് മാതൃകയായിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളജ്, കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ജോസ് തോമസ് പഠനം പൂർത്തിയാക്കിയത്.
യു.എന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച്, പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, പെൻസിൽവേനിയാ ഗവർണർ ടോം വൂൾഫ്, യുനൈറ്റഡ് സ്റ്റേറ്റ് സെനറ്റർ പാറ്റ് റ്റൂമി, കോൺഗ്രസ് വുമൻ മാഡലിൻ ഡീൻ, പെൻസിൽവേനിയാ സ്റ്റേറ്റ് സെനറ്റർ കെയ്റ്റീ മ്യൂറ്റ്, ലൂറ്റെനന്റ് ഗവർണർ ജോൺ ഫെട്ർമെൻ, കോൺഗ്രസ് വുമൻ മാഡലിൻ ഡീൻ, സ്റ്റേറ്റ് റെപ്രസെന്റേറ്റിവ് മാർടിനാ വൈറ്റ്, ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ്, മുൻ മന്ത്രി ശശി തരൂർ, മന്ത്രി സുരേഷ് ഗോപി, മന്ത്രി റോഷി അഗസ്റ്റിൻ, ജോസ് കെ. മാണി എം.പി എന്നീ രാഷ്ട്രീയ പ്രമുഖരുടെ നേരിട്ടുള്ള സന്ദർശനാവസരമുൾപ്പെടെ, പ്രശംസാപത്രങ്ങൾ നേടിയ എയ്മിലിൻ റോസ് തോമസ്, ജോസ് തോമസിന്റെ പുത്രിയാണ്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റി 2021 സെപ്തംബർ 17ന് സംഘടിപ്പിച്ച ചർച്ചാസമ്മേളനത്തിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥിനയായ എമിലിൻ റോസ് തോമസാണ് ആമുഖ പ്രഭാഷണം നിർവ്വഹിച്ചത്. യു.എന്നിൽ അമേരിക്കൻ പ്രതിനിധിയായി ബാലാവകാശ പ്രസംഗം മുഴക്കി അമേരിക്കൻ മലയാളി വിദ്യാർത്ഥി നിരയിൽ നിന്ന് ഡിപ്‌ളോമാറ്റുകളുടെ ശ്രദ്ധ നേടിയ ഉദയതാരമാണ് മലയാളി വിദ്യാർത്ഥിനി എയ്മിലിൻ തോമസ്.
താരതമ്യ മത പഠന ഫാക്കൽറ്റിയിലും താരതമ്യ തത്ത്വചിന്താശ്രേണിയിലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരിൽ ഒരാളായി ഡോ. രാധാകൃഷ്ണൻ കണക്കാക്കപ്പെടുന്നു. ഡോ. എസ്. രാധാകൃഷ്ണൻ, ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോൾ, വിദ്യാർത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. തന്റെ ജന്മദിനം ആഘോഷിക്കുന്നതിനുപകരം, സമൂഹത്തിന് അധ്യാപകർ നൽകുന്ന അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി, സെപ്തംബർ 5 അധ്യാപകദിനമായി ആചരിച്ചാൽ, അതാണ് നല്ലതെന്ന് ഡോ. എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടതനുസരിച്ചാണ് സെപ്തംബർ 5, ഭാരതത്തിൽ അദ്ധ്യാപകദിനമായി ആഘോഷിക്കുന്നത്. 1954ലെ ഭാരതരത്‌നാ പുരസ്‌കാരം ഡോ.എസ്. രാധാകൃഷ്ണനു സമ്മാനിച്ച് ഭാരതം അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചു.
ഡോ. സർവേപ്പള്ളി രാധാകൃഷ്‌നൻ, ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു (1962 മുതൽ 1967 വരെ). ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റുമായിരുന്നു (1952 മുതൽ 1962 വരെ). 1949 മുതൽ 1952 വരെ ഇന്ത്യയുടെ രണ്ടാമത്തെ സോവിയറ്റ് യൂണിയൻ അംബാസഡർ എന്ന നിലയിൽ രാഷ്ട്രതന്ത്രത്തിൽ സാമർത്ഥ്യം തെളിയിച്ചു. 1939 മുതൽ 1948 വരെ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ നാലാമത്തെ വൈസ് ചാൻസലറും 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ രണ്ടാമത്തെ വൈസ് ചാൻസലറുമായിരുന്നു. കൽക്കട്ടാ യൂണിവേഴ്‌സിറ്റിയിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ പേരിലുള്ള ചിന്താ ശാസ്ത്ര സന്മാർഗശാസ്ത്ര ഡിപാട്ട്‌മെന്റിന്റെ ചെയർ ആയി 1921 മുതൽ 1932 വരെ േേസനം അനുഷ്ഠിച്ചിരുന്നു. 1936 മുതൽ 1952 വരെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ഈസ്റ്റേൺ റിലീജിയൻ ആൻഡ് എത്തിക്‌സിന്റെ സ്പാൽഡിംഗ് ചെയർ ആയും തിളങ്ങിയിരുന്നു. ഏഷ്യൻ മതങ്ങളെയും ധാർമ്മിക വ്യവസ്ഥകളെയും കുറിച്ചുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർഷിപ്പാണ് സ്പാൽഡിംഗ് ചെയർ ഓഫ് ഈസ്റ്റേൺ റിലീജിയൻസ് ആൻഡ് എത്തിക്‌സ്. ഏഷ്യൻ മതങ്ങളെയും ധാർമ്മിക വ്യവസ്ഥകളെയും കുറിച്ചുള്ള പഠനത്തിൽ, ലോകത്തെ പ്രമുഖ സ്ഥാനങ്ങളിലൊന്നായാണ് ഈ പ്രൊഫസർഷിപ് കണക്കാക്കപ്പെടുന്നത്.
പി.ഡി. ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്