ഷിക്കാഗോ : സീറോ മലബാർ ഷിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും രജത ജൂബിലി കൺവെൻഷന്റെയും ഭാഗമായി, രൂപതയുടെ വളർച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുന്നതിനായി വിപുലമായ 'മഹാ സംഗമം' സംഘടിപ്പിക്കുന്നു.
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 2026 ജൂലൈ 9, 10, 11, 12 തിയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന സീറോ മലബാർ കൺവൻഷനിലാണ് ഈ സംഗമം.
രൂപതയുടെ പ്രാരംഭകാലം മുതൽ സജീവമായി പ്രവർത്തിച്ചവരുടെ അനുഭവങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷ കൂട്ടായ്മ ഒരുങ്ങുന്നത്.
രൂപതയുടെ ചരിത്രവഴികളിലെ സുപ്രധാനമായ ഈ സംഗമത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനുഗ്രഹ പ്രഭാഷണങ്ങൾ, അനുഭവസമ്പന്നരായ അംഗങ്ങളുടെ ചർച്ചകൾ എന്നിവ ഈ സംഗമത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
നമ്മുടെ ഇടവകകളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പ്രാരംഭഘട്ടത്തിൽ മുൻനിര പ്രവർത്തകർ നേരിട്ട വെല്ലുവിളികളെയും അവർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക അഭിമുഖങ്ങളും സിമ്പോസിയങ്ങളും ഈ അവസരത്തിൽ നടക്കും.
സീറോ മലബാർ ഷിക്കാഗോ രൂപത വികാരി ജനറാൾ റവ. മോൺ. ജോൺ മേലേപ്പുറം, വികാരി ജനറാളും ഷിക്കാഗോ കത്തീഡ്രൽ പള്ളി വികാരിയുമായ റവ. മോൺ. തോമസ് കടുകപ്പള്ളിലും സംഘവുമാണ് ഈ ചർച്ചകൾക്കും സംവാദങ്ങൾക്കും നേതൃത്വം നൽകുന്നത്. ചരിത്രപരമായ പ്രാധാന്യമുള്ള ഈ സംഭാഷണങ്ങളും അഭിമുഖങ്ങളും വീഡിയോ റെക്കോർഡ് ചെയ്ത് പിൽക്കാലത്തേക്കായി പ്രക്ഷേപണം ചെയ്യാനും സംഘാടകർ പദ്ധതിയിട്ടിട്ടുണ്ട്.
ഈ സുവർണ്ണാവസരത്തിൽ പയനീർസ്, സീനിയേഴ്സ് വിഭാഗങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ പ്രായഭേദമന്യേ എല്ലാവരുടെയും സാന്നിധ്യം സംഘാടകർ അഭ്യർത്ഥിക്കുന്നു.
പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും അതിൽ സജീവമായി പങ്കുചേരുന്നതിനും താല്പര്യമുള്ള രൂപതയിലെ പ്രഥമ പ്രവർത്തകരും മുതിർന്നവരും എത്രയും വേഗം കോർഡിനേറ്റർമാരായ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി (847-636-0936 / [email protected]), തോമസ് പുതുകുളം (847-924-8079) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
രജത ജൂബിലി കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കും അതിഥികൾക്കും ഈ പരിപാടിയിൽ പ്രവേശനം ഉണ്ടായിരിക്കും.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
