ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഈ വർഷത്തെ ഓണാഘോഷം 'നാദം 25' ഷിക്കാഗോ മലയാളികൾക്ക് അവിസ്മരണീയമായ അനുഭവമായി. ബെൽവുഡ് സിറോ മലബാർ കത്തീഡ്രൽ ഹാളിൽ സെപ്തംബർ 7ന് വൈകിട്ട് 4ന് ഓണസദ്യയോടെ ആരംഭിച്ച പരിപാടിയിലേക്ക് നൂറുകണക്കിനാളുകൾ ഒഴുകിയെത്തി.
തുടർന്ന് നടന്ന ഘോഷയാത്രയിൽ താലപ്പൊലിയേന്തിയ ബാലികമാരും ചെണ്ടമേളക്കാരും കേരളീയ വേഷവിധാനങ്ങളോടെയെത്തിയ മലയാളി മങ്കമാരും ചേർന്ന് മാവേലിത്തമ്പുരാനെയും മുഖ്യാതിഥി പ്രശസ്ത സിനിമ/സീരിയൽ താരം അർച്ചന സുശീലനെയും സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി അധ്യക്ഷയായിരുന്നു. സെക്രട്ടറി ആൽവിൻ ഷിക്കോർ എംസി ആയിരുന്ന സമ്മേളനം സജി മാലിത്തുരുത്തേലിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ചു. അർച്ചന സുശീലൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ അസോസിയേഷന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന പരിപാടികളുടെ വിശദ വിവരങ്ങളും അതോടൊപ്പം തന്നെ സാഹിത്യാഭിരുചിയുള്ള ഷിക്കാഗോ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിക്കൊണ്ട് പ്രസിദ്ധീകരിച്ച 'നാദം 2025' എന്ന ഓണപ്പതിപ്പിന്റെ പ്രകാശനം മുൻ പ്രസിഡന്റ് ലെജി പട്ടരുമഠത്തിന് ആദ്യ പ്രതി നൽകിക്കൊണ്ട് അർച്ചന സുശീലൻ നിർവ്വഹിച്ചു. ചീഫ് എഡിറ്റർ സന്തോഷ് വി. ജോർജ്, പി.ആർ.ഒ ബിജു മുണ്ടക്കൽ എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ രണ്ടു വർഷങ്ങൾ സംഘടനയോടൊപ്പം നിന്ന് പ്രവർത്തിച്ച അസോസിയേഷൻ അംഗങ്ങളെയും സംഘടനക്ക് വിവിധ നിലകളിൽ നേതൃത്വവും പിന്തുണയും നൽകുന്നവരേയും അസോസിയേഷൻ ആദരിച്ചു. ജെസ്സി റിൻസി, ആൽവിൻ ഷിക്കോർ, ജോഷി പൂവത്തുങ്കൽ എന്നിവർ നേതൃത്വം നൽകി.
ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും നൽകി വരുന്ന എഡ്യൂക്കേഷണൽ അവാർഡുകൾ സച്ചു ഷാജി കുര്യൻ, ബിജു മുണ്ടക്കൽ, വിവിഷ് ജേക്കബ് എന്നിവർ കുട്ടികൾക്ക് സമ്മാനിച്ചു. സാൽവിയോ ബിനോയി, ജ്യോതിസ് ജെയ്‌സൺ, ജേക്കബ് സ്‌കറിയ എന്നീ കുട്ടികൾ അവാർഡുകൾ കരസ്ഥമാക്കി. ഡോ. സൂസൻ ചാക്കോ ഇതിന് നേതൃത്വം നൽകി.
തുടർന്ന് 2025-27 കാലയളവിലേക്ക് അസോസിയേഷനെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ടീമിനെ യോഗത്തിന് ആൽവിൻ ഷിക്കോർ പരിചയപ്പെടുത്തി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോസ് മണക്കാട്ട് അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു.
തുടർന്ന് നടന്ന കലാസന്ധ്യ 'ഓണനിലാവ് ' ഷിക്കാഗോ മലയാളികൾക്ക് വേറിട്ട ഒരു കാലാനുഭവം സമ്മാനിച്ചു. സാറ അനിൽ നേതൃത്വം നൽകിയ കലാസന്ധ്യയിൽ നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുത്തു.
ഓണാഘോഷ പരിപാടികൾക്ക് കോ-ഓർഡിനേറ്റർമാരായ പ്രിൻസ് ഈപ്പൻ, കിഷോർ കണ്ണാല, ബോർഡ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ മനോജ് അച്ചേട്ട്, സിബിൽ ഫിലിപ്പ്, വിവിഷ് ജേക്കബ്, ഫിലിപ്പ് പുത്തൻപുര, വർഗീസ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്