ബംഗളൂരു: ബസ് കിട്ടാത്തതിനെ തുടർന്ന്, മീറ്റിങ് മുടങ്ങി, പിന്നീട് ആ പരാതി ഉപഭോക്തൃ കമ്മീഷനിലെത്തി, പിന്നാലെ വിധിയും വന്നു. ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം കൃത്യസമയത്ത് ഓഫിസിലെത്താനും മീറ്റിംഗിൽ പങ്കെടുക്കാനും കഴിയാതെ വന്ന യാത്രക്കാരന് അനുകൂലമായാണ് ബല്ലാരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി.
എൻ.അനുദീപിന്റെ പരാതിയിലാണ് ഇടപെടൽ. ബസ് ജീവനക്കാരുടെ അനാസ്ഥകാരണം യാത്ര മുടങ്ങിയ യാത്രികന് 14,725 രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ശരിയായ സേവനങ്ങൾ നൽകാത്തപ്പോൾ ടിക്കറ്റ് തുക തിരികെ നൽകേണ്ടത് ഏജൻസിയുടെ കടമയാണെന്നും, അവധി ദിവസങ്ങളിൽ സ്വകാര്യ ഏജൻസികൾ ഉയർന്ന നിരക്ക് ഈടാക്കുന്നത് പതിവാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. ടിക്കറ്റ് നിരക്കായ 1725 രൂപയും, സേവനത്തിലെ വീഴ്ചക്കും ഉപഭോക്താവിനുണ്ടായ മാനസിക വേദനയ്ക്കും 10000 രൂപയും കോടതി ചെലവുകൾക്കായി 3000 രൂപയും ഉൾപ്പെടെ ആകെ 14725 രൂപയാണ് ഒക്ടോബർ 13 ലെ ഉത്തരവ് പ്രകാരം കമ്പനി നൽകേണ്ടത്.
സംഭവം ഇങ്ങനെ
മാർച്ച് 21 ന് ബല്ലാരിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി, മാതാപിതാക്കൾക്കൊപ്പം അനുദീപ് ഹൈദരാബാദിലേക്ക് പോകാൻ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. കൃത്യസമയത്ത് പിക്കപ്പ് പോയിന്റിൽ എത്തിയിട്ടും ബസോ ജീവനക്കാരോ അവിടെയുണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും ജീവനക്കാർ പ്രതികരിച്ചില്ല. പിന്നീട് അനുദീപിനെയും മാതാപിതാക്കളെയും അധിക്ഷേപിക്കുകയും ചെയ്തു. ട്രാവൽ ഏജൻസിക്ക് ലീഗൽ നോട്ടീസ് അയച്ചെങ്കിലും കമ്പനി പ്രതികരിക്കുകയോ കമ്മീഷൻ നടപടികളിൽ പങ്കെടുക്കുകയോ ചെയ്തില്ല. തുടർന്ന് പരാതിക്കാരൻ നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ വിധി പുറപ്പെടുവിക്കുകയായിരുന്നു.
ഉത്തരവ് തീയതി മുതൽ 45 ദിവസത്തിനകം തുക നൽകണമെന്നും, വീഴ്ച വരുത്തിയാൽ പ്രതിവർഷം ആറ് ശതമാനം പലിശയും നിയമ നടപടികളും നേരിടേണ്ടി വരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
