കടം വീട്ടുന്നതിന് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അമ്മയുടെ ഇടപെടലിലല്‍ കുഞ്ഞിന്റെ അച്ഛനും വാങ്ങാനെത്തിയവരും പിടിയില്‍

OCTOBER 26, 2025, 9:00 PM

കോട്ടയം: കുമ്മനത്ത് രണ്ടരമാസം പ്രായമുള്ള ആണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച അസം സ്വദേശിയായ അച്ഛനും വാങ്ങാനെത്തിയ യുപി സ്വദേശികളും പൊലീസ് പിടിയില്‍. തിരുവാര്‍പ്പ് കുമ്മനത്ത് താമസിക്കുന്ന കൂദ്ദൂസ് അലി (25) ആണ് മകനെ വില്‍ക്കാന്‍ ശ്രമിച്ചത്. കുട്ടിയെ വാങ്ങാനെത്തിയ ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അര്‍മാന്‍ (31), ഇടനിലക്കാരനായ മോഹ്ദ് ദാനിഷ് ഖാന്‍(32) എന്നിവരെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. 

50,000 രൂപ വില ഉറപ്പിച്ചാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. 1000 രൂപ അഡ്വാന്‍സ് വാങ്ങി. എന്നാല്‍ കുട്ടിയുടെ അമ്മയുടെ ഇടപെടലില്‍ അച്ഛനും കൂട്ടാളികളും പിടിയിലാകുകയായിരുന്നു.

നാല് വര്‍ഷം മുന്‍പാണ് അസം സ്വദേശിയായ കൂദ്ദൂസ് അലി കുമ്മനത്ത് കൂലിപ്പണിക്കായി എത്തിയത്. അഞ്ച് വയസുകാരിയായ മൂത്തമകളെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയെയും കൂട്ടി ഒന്നരമാസം മുന്‍പ് ഭാര്യ സബീനയും എത്തി. തൊണ്ടമ്പ്രാല്‍ റോഡില്‍ ഹോമിയോ ആശുപത്രിക്ക് സമീപം 12 അതിഥിത്തൊഴിലാളികള്‍ ഒന്നിച്ച് താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗത്തെ മുറിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.

കൂദ്ദൂസ് അലി മിക്ക ദിവസവും ജോലിക്ക് പോകാറില്ല. 50,000 രൂപ കടംവീട്ടാനാണ് മകനെ വില്‍ക്കാനുള്ള ശ്രമം നടത്തിയത്. ഏതാനും ദിവസം മുന്‍പ് ഇടനിലക്കാരനായ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ ദാനിഷിനെ സമീപിച്ചു. തുടര്‍ന്ന് ദാനിഷിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് അര്‍മാന്‍ ഈ ആണ്‍കുട്ടിയെ വാങ്ങാന്‍ തീരുമാനിച്ചു. അര്‍മാന് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. ആണ്‍കുട്ടിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ വാങ്ങാന്‍ അര്‍മാന്‍ തീരുമാനിച്ചതെന്നാണ് പറയുന്നത്.

ഇതിനായി കൂദ്ദൂസ് അലിക്ക് 1000 രൂപ അഡ്വാന്‍സും നല്‍കി. ഇതിനിടയില്‍ കുട്ടിയെ കാണാനായി ദാനിഷും അര്‍മാനും ശനിയാഴ്ച കുമ്മനത്തെ വീട്ടിലെത്തി. കുട്ടിയുടെ അമ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി. എല്ലാവരും ജോലിക്ക് പോയ ശേഷം ഞായറാഴ്ച രാവിലെ കുട്ടിയെ കൊണ്ടുപോകാന്‍ എത്തണമെന്നായിരുന്നു ധാരണ. ഇത് മനസിലാക്കിയ ഭാര്യ സബീന സമീപത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളികളായ അര്‍ഷാദ് ഹക്ക്, ഷെയ്ക്ക് ഹമീദ് എന്നിവരോട് സഹായം ആവശ്യപ്പെട്ടു. ഇവര്‍ തങ്ങളുടെ കോണ്‍ട്രാക്ടറായ കുമ്മനം സ്വദേശി അന്‍സില്‍ പാഴൂരിനെ വിവരം ധരിപ്പിച്ചു. 

അന്‍സില്‍ സുഹൃത്തായ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. കുമരകം എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ താമസസ്ഥലത്തെത്തി കൂദ്ദൂസ് അലിയെ പിടികൂടി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് അര്‍മാന്‍, ദാനിഷ് ഖാന്‍ എന്നിവരെയും ഒരു മണിക്കൂറിനുള്ളില്‍ കുമ്മനം പ്രദേശത്തുനിന്ന് തന്നെ പിടികൂടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam