കണ്ണൂര്‍: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പോലീസിന്റെ പിടിയിലായി. പുലര്‍ച്ചെ രണ്ട് മണിയോടെ കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നത്.
പിടിയിലായ അര്‍ജുന്‍ ആയങ്കിയെ ഉടന്‍ തന്നെ എറണാകുളത്തേക്ക് എത്തിക്കും. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുള്‍പ്പെടെ മൂന്ന് കേസുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ പിടികൂടാനായി സംസ്ഥാനത്തിനകത്തും പുറത്തുമായി പോലീസ് വ്യാപക അന്വേഷണമാണ് നടത്തിയിരുന്നത്. അന്വേഷണ സംഘത്തെ വലയ്ക്കാന്‍ വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വഴിതെറ്റിച്ചുമായിരുന്നു ഇയാളുടെ സഞ്ചാരം. അതിനിടയിലും പോലീസിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിക്കുന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ ഇയാള്‍ നിരന്തരം പങ്കുവെച്ചിരുന്നു.
തൃശ്ശൂരില്‍ അര്‍ജുന്‍ ഉണ്ടെന്ന സൂചന ലഭിച്ച് പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ആയങ്കിയുടെ സഹോദരന്‍ അഖിലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ തന്നെ തന്റെ ലൊക്കേഷന്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി പോലീസിനെ വെല്ലുവിളിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കണ്ണൂരില്‍ വെച്ച് പോലീസ് ഇയാളെ വലയിലാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
