മെസ്സി പ്രഖ്യാപനത്തിലെ 126 കോടി: ജി.എസ്.ടി വെട്ടിപ്പ് കേസില്‍ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്തു; 22.68 കോടിയുടെ നോട്ടീസില്‍ കുരുക്ക് മുറുകുന്നു

AUGUST 8, 2026, 8:04 PM

കാഞ്ഞങ്ങാട്: അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലുമായി ബന്ധപ്പെട്ട ആന്റോ അഗസ്റ്റിന്‍ കാഞ്ഞങ്ങാട് ജി.എസ്.ടി. കാര്യാലയത്തില്‍ ഹാജരായി മൊഴിനല്‍കി. വിദേശ അക്കൗണ്ടിലേക്ക് തുക കൈമാറിയ സാഹചര്യത്തില്‍ റിവേര്‍സ് ചാര്‍ജ് വിഭാഗത്തില്‍പ്പെടുത്തി 22.68 കോടി രൂപ സേവന നികുതിയായി അടയ്ക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. കാര്യാലയം മുന്‍പ് സമന്‍സ് അയച്ചിരുന്നു.

മെസ്സി ഇതുവരെ കേരളത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ സേവന നികുതി അടയ്‌ക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ആന്റോ അഗസ്റ്റിന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. എന്നാല്‍ പണം വിദേശത്തേക്ക് കൈമാറിയ സ്ഥിതിക്ക് ജി.എസ്.ടി തുക ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണ് മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമായത്. അന്നത്തെ കായികമന്ത്രി അബ്ദുള്‍റഹ്മാന്‍ മെസ്സി കേരളത്തിലെത്തുമെന്ന് ഒന്നിലേറെ തവണ ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്കൊടുവില്‍ താരം കേരളത്തില്‍ എത്തിയില്ല. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന ആരംഭിക്കുകയായിരുന്നു. സംസ്ഥാനത്ത് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഏത് യൂണിറ്റിനും പരിധികളില്ലാതെ പ്രാഥമിക അന്വേഷണം നടത്താനും തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കാനും അനുമതിയുണ്ട്. കാഞ്ഞങ്ങാട്ടെ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ വിദേശത്തേക്ക് വലിയ തുക കൈമാറ്റം ചെയ്തതായും എന്നാല്‍ അതിനുള്ള സേവന നികുതി അടച്ചിട്ടില്ലെന്നും വ്യക്തമായി. ഇതോടെയാണ് വകുപ്പ് ആദ്യം നോട്ടീസും പിന്നീട് സമന്‍സും പുറപ്പെടുവിച്ചത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ കേസ് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ നടപടികള്‍ താത്കാലികമായി നിലച്ചിരുന്നു. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് മുടങ്ങിക്കിടന്ന ഫയലുകള്‍ വീണ്ടെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും ആന്റോ അഗസ്റ്റിന് സമന്‍സ് അയച്ച് മൊഴിയെടുത്തതും. കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് ജി.എസ്.ടി വകുപ്പിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam