അനിലെന്ന ചങ്കുറപ്പുള്ള റിപ്പോർട്ടർ

JANUARY 4, 2026, 3:03 AM

 നമ്മുടെ നാടിന്റെ സംസ്‌ക്കാരം..! അതു പറയാതിരിക്കാൻ കഴിയുകയില്ല.

ലഹരിക്കേസിൽ ഒരു വിദേശ പൗരനെ രക്ഷിക്കാൻ വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച ഒരു മുൻ മന്ത്രി ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ..? ഇനി അത് ടൂറിസം വളർത്താനായിരുന്നു എന്ന് ചാനൽ ചർച്ചകളിൽ ഏതെങ്കിലും ഒരു സഖാവിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും അതിശയിച്ചു പോകരുത്..!

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് രണ്ടുപാക്കറ്റ് ഹാഷീഷുമായി എത്തിയ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോറിനെ പിടികൂടിയിടത്ത് നിന്നാണ് ഈ കേസ് തുടങ്ങുന്നത്. മേലിൽ ഒരു വിദേശ ടൂറിസ്റ്റിനും ഇത്തരം ഗതികേടുണ്ടാവരുതെന്ന് ഒരു വക്കിലായ ആന്റണി രാജു ആഗ്രഹിച്ചുപോയതിൽ എന്താ തെറ്റ്.!

vachakam
vachakam
vachakam

ഇതിലും വലിയ തട്ടിപ്പു നടത്തിയ വക്കീലന്മാരുണ്ടായിട്ടില്ലേ..? കാണും. പക്ഷേ, ഇങ്ങനെ ഒരു തട്ടിപ്പു വീരനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കില്ല എന്നു തീരുമാനിച്ച ഒരു മൂരാച്ചി സഖാവ് നമുക്കുണ്ടായിരുന്നു. വി. എസ് അച്യുതാനന്ദൻ..!

അങ്ങിനെ ആന്റണി രാജുവിന് വിലക്കേർപ്പെടുത്തി മൂന്നാം മണിക്കൂറിൽ ഓടിപ്പിടഞ്ഞെത്തി മത്സരിച്ച് മന്ത്രിയായ വ്യക്തിയാണ് സുരേന്ദ്രൻ പിള്ള. എന്നാൽ പിന്നീടുവന്ന പിണറായി വിജയൻ തട്ടിപ്പുനടത്തിയ ആന്റണി രാജുവിനെ ഇടതു മുന്നണിയിലെ മന്ത്രിയാക്കി വാഴിച്ചു. പക്ഷേ, കാലമെത്ര കഴിഞ്ഞാലും എംഎൽഎയും മന്ത്രിയുമായി ഭരണഘടന തൊട്ട് കള്ള സത്യപ്രതിജ്ഞ ചെയ്ത് മനഃസാക്ഷിക്കുത്തില്ലാതെ വിലസിയല്ലോ, അല്ലേ..? എന്നായിരിക്കും കോൺഗ്രസുകാരുടെ ജൽപ്പനം. 

അതിനി എന്തുമാകട്ടെ, വീര്യമുള്ള, നട്ടെല്ലുള്ള പത്രപ്രവർത്തകരുടെ കണ്ണി അറ്റുപോയിട്ടില്ലെന്നു നമുക്കെല്ലാം ആശ്വസിക്കാം. അതേ, മനോരമ ചാനലിൽ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ആയിരുന്ന അനിൽ ഇമ്മാനുവൽ തന്റെ സുരക്ഷിതമായ ജോലി പോലും കാറ്റിൽപ്പറത്തി പോരാടിയതിന് ഫലമുണ്ടായിരിക്കുന്നു.

vachakam
vachakam
vachakam

കേരളത്തിലെ ദൃശ്യമാധ്യമ ചരിത്രത്തിൽ ഏറ്റവും കൂടുൽ എക്‌സ്‌ക്ലൂസീവ് വാർത്തകൾ റിപ്പോർട്ട് ചെയ്ത അനിൽ ഇമ്മാനുവൽ. അയാളെ ഇറക്കിവിട്ട് പടിയടച്ച മനോരമ ആ കഴിവുള്ള പത്രപ്രവർത്തകനെ മുൻകാല പ്രാബല്യത്തോടെ മടക്കിയെടുക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. 2022ൽ മനോരമ ചാനലിൽ നിന്ന് രാജിവച്ച് മാധ്യമ സിൻഡിക്കറ്റ് എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റർ ഇൻ ചീഫായി പ്രവർത്തിച്ചു വരികയാണിപ്പോൾ കക്ഷി.

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിന്റെ 30 വർഷത്തോളം പഴക്കമുള്ള രേഖകൾ ശേഖരിച്ച് അനിൽ പുറത്ത് വിട്ടതോടെയാണ് കോടതികളെയും കബളിപ്പിച്ച് വിചാരണ മുടക്കിയിട്ടിരുന്ന കേസിന് വീണ്ടും അനക്കം വച്ചത്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ ചാനൽ വിസമ്മതിച്ചതിനും മതിയായ ഒരു കാരണം ഉണ്ട്. 

മനോരമയുടെ ആ വർഷത്തെ കോൺക്ലേവിനോടനുബന്ധിച്ച് കേരള മുഖ്യമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഒരേ വേദിയിൽ എത്തിച്ചുകൊണ്ട് കേന്ദ്രഭരണത്തിനെതിരെ, ഒരു രാഷ്ട്രീയ കളമൊരുക്കിക്കൊടുക്കലായിരുന്നു അതെന്ന് ചിലർ അടക്കം പറയുന്നുണ്ട്. എന്തായാലും ആ സമയത്ത് അനിൽ ഇമ്മാനുവൽ ആന്റണി രാജുവിനെതിരെ കണ്ടെത്തിയ രേഖകൾ പൊക്കിപ്പിടിക്കാൻ പോന്ന ബുദ്ധിമോശം കാണിക്കാൻ കണ്ടത്തിൽ കുടുംബത്തിന് കഴിയുമായിരുന്നില്ലെന്നു ജോണി ലൂക്കോസിന്റെ സുവിഷേത്തിൽ തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതുമാണല്ലോ എന്നു നമുക്കു സമാധാനിക്കാം

vachakam
vachakam
vachakam

ജോഷി ജോർജ് 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam