സർവരാജ്യ 'ചെറ്റ'കളേ സംഘടിക്കുവിൻ, സംഘടിച്ച്, സംഘടിച്ച് ശക്തരാകുവിൻ...

MARCH 26, 2026, 3:51 AM

മീനമാസത്തിലെ പൊരിവെയിൽ. ആ കൊടും ചൂടിൽ വീടു കയറിയും കവലകൾ നിരങ്ങിയും വോട്ട് യാചിക്കുന്ന സ്ഥാനാർത്ഥികൾ. മുഖ്യമന്ത്രിയും വി.ഡി. സതീശനും തമ്മിൽ മിക്കപ്പോഴും പൊരിഞ്ഞ വാക് പയറ്റ്. ഇതിനിടെ, ഭരണം നിലനിർത്താൻ ചെലവഴിച്ച കോടികൾ പാഴായോ എന്ന സംശയം പിണറായിയെ വിറളിപിടിപ്പിക്കുന്നുണ്ട്.

ബി.ജെ.പി.യുടെ 'താമര' യിൽ ട്വന്റി ട്വന്റിയുടെ 'ചക്ക' വീണ് ആകെ 'കൊഴു കൊഴാന്നുള്ള പരുവത്തിലാണ് കാര്യങ്ങൾ. ശബരിമല സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പ് വിഷയമല്ലാതാക്കാൻ ബി.ജെ.പി.യും സി.പി.എം. ഉം ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിൽ 'കഴമ്പും കുഴമ്പു' മുണ്ടെന്ന് സതീശൻ പറയുന്നു. ശബരിമല ഉൾപ്പെട്ട കോന്നി മണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥിയായി ഒരു പെന്തക്കോസ്തുകാരൻ മൽസരിക്കുന്നു. രാഷ്ട്രീയത്തിന്റെ 'ഏബിസിഡി' അറിയാത്ത ഈ  മനുഷ്യന്റെ വിളിപ്പേര് ബ്ലെസ്സൻ  എന്നാണ്.

എൽ.ഡി.എഫിന്റെയും യു.ഡി.എഫി.ന്റെയും സ്ഥാനാർത്ഥികളിൽ ഏറെ വ്യത്യസ്തനായ ഈ 'രാഷ്ട്രീയ ബാല' നെ എന്തിനായിരിക്കാം ബി.ജെ.പി.കളത്തിൽ ഇറക്കിയത്? ശബരിമല സ്വർണ്ണക്കൊള്ള പ്രശ്‌നത്തിൽ ഇടതിനെതിരെ 'നാല് വർത്തമാനം' പറയാൻ കെൽപ്പുള്ള കെ.സുരേന്ദ്രനെയോ, രാജീവ് ചന്ദ്രശേഖർ വി.മുരളീധരൻ സുരേന്ദ്രൻ കൂട്ടുകെട്ടിന്റെ ഇരയായ എം.ടി.രമേശിനെയോ എൻ.എസ്.എസിനും ക്രൈസ്തവർക്കും സമ്മേതനായ മുൻ ഗവർണർ ശ്രീധരൻപിള്ളയേയോ ഇവിടെ സ്ഥാനാർത്ഥിയാക്കാത്തതിന്റെ പിന്നിൽ 'ഡീലു' ണ്ടെന്ന് പറയുന്നതിനെ പൂർണ്ണമായും തള്ളിക്കളയാനാവില്ല

vachakam
vachakam
vachakam

ഭരണം പോയാലും പാർട്ടി കൂടെ വേണം...

ഇപ്പോൾ പിണറായി ചിന്തിക്കുന്നത് ഭരണാനന്തര കാലത്തെക്കുറിച്ചാണ്. കേരളത്തിലെ 14 ജില്ലകളിലെയും സി.പി.എം. ജില്ലാ സെക്രട്ടറിമാരിലേക്ക് കണ്ണയച്ചാൽ പിണറായിയുടെ കുരുട്ടുബുദ്ധി പിടികിട്ടും. അണികൾക്കെതിരെ കണ്ണും പൂട്ടി നടപടിയെടുക്കാൻ കഴിയുന്ന രീതിയിൽ ഓരോ ജില്ലാ സെക്രട്ടറിയേറ്റും മുഖ്യൻ കൈയടക്കിക്കഴിഞ്ഞിട്ടുണ്ട്. എന്തിന് സി.പി.എം.ന് ഏറെ വേരോട്ടമുള്ള പാലക്കാട്ട് 100ൽ ഏറെ പ്രാദേശിക നേതാക്കൾക്കെതിരെയാണ് കോൺഗ്രസ് വിട്ടുവന്ന പിണറായിയുടെ വിശ്വസ്തനായ ജില്ലാ സെക്രട്ടറിയായ സുരേഷ്ബാബു നടപടി സ്വീകരിച്ചിട്ടുള്ളത്.

മന്ത്രി അളിയനും മറ്റൊരു അളിയനും ചേർന്ന് പാലക്കാട്ടെ സി.പി.എം.നെ ഒരു അബ്കാരി  മണമുള്ള പ്രസ്ഥാനമാക്കി മാറ്റിയെന്ന് പാർട്ടിക്കാർക്കുപോലും പരാതിയുണ്ട്. പാർട്ടി സെക്രട്ടറി സുരേഷ് ബാബു സ്പിരിറ്റ് കച്ചവടക്കാരനെന്ന പി.കെ.ശശിയുടെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇതേവരെ ശശിക്ക് വക്കീൽ നോട്ടീസൊന്നും കിട്ടിയതായി അറിയില്ല.

vachakam
vachakam
vachakam

കണ്ണൂരിൽ 'ജയരാജത്രയ' ത്തെ ചവിട്ടിയൊതുക്കുകയാണ് പിണറായി ചെയ്തത്. തലസ്ഥാനത്ത് തന്റെ 'നിഴലിൽ' കഴിഞ്ഞിരുന്ന കെ.കെ. രാഗേഷിനെ പാർട്ടി സെക്രട്ടറിയായി അവരോധിക്കാൻ ചാർട്ടേഡ് വിമാനത്തിലാണ് പിണറായി കണ്ണൂരിലെ വിമാനത്താവളത്തിലെത്തിയത് കഷ്ടിച്ച് അരമണിക്കൂർകൊണ്ട് രാഗേഷിന്റെ സ്ഥാനാരോഹണച്ചടങ്ങ് പൂർത്തിയാക്കി പിണറായി തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയത് പിൽക്കാലത്ത് വലിയ വാർത്തയായി.

പിണറായിയുടെ മധുര മലയാള പദാവലികൾ

കേരളയെ കേരളമാക്കിയതും ഔദ്യോഗിക ഭാഷ മലയാളമാക്കിയതും രണ്ടാം പിണറായി ഭരണമാണ്. അടുത്ത സർക്കാർ ഇത് നടപ്പാക്കണമെങ്കിൽ മിനിമം 300 കോടി രൂപയെങ്കിലും വേണമെന്നാണ് കണക്ക്. ഏതായാലും ഭരണമൊഴിയുമ്പോൾ മലയാളത്തിന് കുറെ 'കോമള പദങ്ങൾ' സംഭാവാന ചെയ്യാൻ പിണറായി കാണിച്ച കരുതൽ നല്ലതാണ്. ഏറ്റവും ഒടുവിലായി, അമ്പലപ്പുഴയിൽ പാർട്ടി വിട്ട ജി.സുധാകരനെ 'ചെറ്റ' എന്നു പരോക്ഷമായി വിളിച്ചത് വിവാദമാക്കിയിട്ടുണ്ട്. ജി.സുധാകരനാകട്ടെ കിട്ടിയ അവസരം മുതലാക്കുകയാണ്. തന്റെ വീട് ഓലമേഞ്ഞ ചെറ്റ വീടായിരുന്നുവെന്നും, അതുകൊണ്ട് 'ചെറ്റ' എന്നു വിളിക്കുന്നത് തനിക്ക് ബഹുമതിയാണെന്നും സുധാകരൻ പറയുന്നു.

vachakam
vachakam
vachakam

അമ്പലപ്പുഴയിലെ 36000 വരുന്ന മുസ്ലീം വോട്ടുകൾ പാർട്ടിക്ക് കിട്ടാനാണ് എച്ച്. സലാമിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് സുധാകരൻ ആരോപിക്കുന്നു. സലാം ജയിച്ചുവെങ്കിലും ഭൂരിപക്ഷം കുറഞ്ഞുപോയതിന് പാർട്ടി സുധാകരനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെ എളമരം കരീമിനെ പാർട്ടി അന്വേഷണത്തിനായി നിയോഗിക്കുകയുണ്ടായി. ഈ കമ്മീഷന്റെ നോട്ടീസിനു മറുപടിയായി 22 വിശദീകരണങ്ങൾ സുധാകരൻ നൽകിയെങ്കിലും അതൊന്നും പാർട്ടി ചർച്ച ചെയ്തതേയില്ല.

ജി.സുധാകരന്റെ അഴിമതിരഹിത നിലപാട് ഇപ്പോഴത്തെ പാർട്ടിക്ക് അനുയോജ്യമല്ലെന്ന് പിണറായിക്കറിയാം. പത്ത് വർഷം ദേവസ്വം, പി.ഡബ്ലിയു.ഡി. തുടങ്ങിയ ''കൈയിട്ടുവാരാൻ'' വിസ്താരമ ഭീതിയിൽ സാധ്യതകളുണ്ടായിട്ടും സുധാകരന്റെ പേരിൽ അഴിമതിയാരോപണം ശത്രുക്കൾ പോലും ആരോപിക്കാറില്ല. ഏഷ്യാനെറ്റിലെ ചാനൽ ചർച്ചയിൽ റോയ് മാത്യു എന്ന മാധ്യമ പ്രവർത്തകൻ മന്ത്രിയായിരുന്ന സുധാകരനെ കണ്ടത് ഓർമ്മിക്കുന്നത് കേട്ടു.

ഒരു ഇലക്‌ട്രോണിക്‌സ് ഷോപ്പിൽ ഏ.സി.വാങ്ങാൻ വന്നതായിരുന്നു മന്ത്രി. എല്ലാ മന്ത്രിമന്ദിരങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന വകുപ്പായിരുന്നു (പി.ഡബ്ലിയു.ഡി.) അന്ന് സുധാകരൻ ഭരിച്ചിരുന്നത്. ഏ.സി. മന്ത്രിയുടെ ഡിപ്പാർട്ടുമെന്റ് തന്നെ വാങ്ങി സ്ഥാപിക്കല്ലേ എന്ന ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടി ''അതുവേണ്ട. ഏ.സി. എന്റെ ചെലവിൽ സ്ഥാപിക്കും. അധികാരമൊഴിയുമ്പോൾ എനിക്ക് അതഴിച്ചുകൊണ്ടുപോകാമല്ലോ'' എന്നായിരുന്നു.

കൈക്കരുത്തും അരിവാൾ പാർട്ടിയും

ആലപ്പുഴ ടൗണിൽ സ്ഥാപിച്ച ജി.സുധാകരന്റെ 4 ഫ്‌ളക്‌സ് ബോർഡുകൾ തകർത്തു. കൈതമനയിൽ സുധാകരന്റെ പോസ്റ്റർ പതിപ്പിക്കാൻ പാർട്ടിക്കാർ സമ്മതിച്ചില്ല. സുധാകരന്റെ വീട് ആലപ്പുഴ എസ്.ഡി. കോളജിനടുത്തുള്ള തൂക്കുകുളം എന്ന സ്ഥലത്താണ്. അവിടെ ഒരു അമേരിക്കൻ  പ്രവാസിയുടെ പറമ്പിൽ സുധാകരനെതിരെ പ്രചാരണ യോഗങ്ങളും മറ്റും സംഘടിപ്പിക്കാൻ കുറെ 'കുട്ടി സഖാക്കൾ' ശ്രമിച്ചിരുന്നു. ആ യു.എസ്. വ്യവസായി സി.സി.ടി.വി.യിൽ തന്റെ പറമ്പിൽ നടന്നുകൊണ്ടിരിക്കുന്ന പേകൂത്തുകൾ കണ്ടപ്പോൾ, അതിനെതിരെ അമേരിക്കയിൽ ഇരുന്നുകൊണ്ടുതന്നെ പൊലീസിൽ പരാതിപ്പെട്ടു. ഏതായാലും ഇപ്പോൾ കുട്ടിസഖാക്കൾ അവിടം വിട്ടു കഴിഞ്ഞിട്ടുണ്ട്.

അമ്പലപ്പുഴയിൽ മുസ്ലീം വോട്ടുകൾ ഒരു മുസ്ലീം നാമധാരിക്ക് കിട്ടുമെന്ന പ്രവചനത്തിലുമുണ്ട് തമാശ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുധാകരനെതിരെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായത് ഷേഖ് പി. ഹാരിസാണ്. പക്ഷെ മുസ്ലീം വോട്ടുകൾ കൂടുതലുള്ള 72 ബൂത്തുകളിൽ 70 എണ്ണത്തിലും സുധാകരനായിരുന്നു ഭൂരിപക്ഷം. ജനാധിപത്യ, സ്വതന്ത്ര ചിന്ത എന്നിവയെല്ലാം ഇന്ന് സി.പി.എംൽ നിന്ന് ഒലിച്ചുപോയിരിക്കുന്നു. അതിന് മുഖ്യകാരണം, പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകളാണ്. മോഹൻലാലുമായുള്ള അഭിമുഖത്തിൽ ഒരു സന്യാസിയുടെ ഹൃദയമാണ് തനിക്കുള്ളതെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു സന്യാസി എങ്ങനെ ഇത്തരം നീചപദങ്ങൾ പറയും?

കിഴവൻ നേതാക്കളുടെ ഗ്രൂപ്പ് തഴമ്പുകൾ...

കോൺഗ്രസ് നയിക്കുന്ന മുന്നണി എങ്ങനെയും തെരഞ്ഞെടുപ്പിൽ ജയിക്കാൻ പതിനെട്ടടവും പയറ്റുന്നതിനിടയിൽ, പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാൻ പ്രയാസപ്പെടുന്ന സീനിയർ നേതാക്കളുടെ ചില 'കോലിട്ടിളക്കൽ' എത്രയോ അരോചകമാണ്?

കഴക്കൂട്ടത്ത് ജയിക്കുന്നതിനു മുമ്പ് തന്നെ വി.എസ്. ശിവകുമാർ മന്ത്രിയാകുമെന്ന് ഏ.കെ.ആന്റണി പ്രവചിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം പി.ജെ. കുര്യന്റെ വക 'ഉടുക്കു കൊട്ടൽ' വേറെയും കേട്ടു. രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന മട്ടിൽ പി.ജെ. 'ചന്ദ്രികാ സോപ്പിട്ട്' പതപ്പിക്കുന്നത് കേട്ടു. കോൺഗ്രസിൽ മുഖ്യമന്ത്രി പദം പങ്കിടാൻ സാധ്യതയുണ്ടെന്ന 'ഗോസിപ്പും' തലസ്ഥാനത്ത് പടർന്നിട്ടുണ്ട്.

സർവരാജ്യ 'ചെറ്റ'കളുടെ  കൂടിവരവ്..

കേരളത്തിൽ ഔദ്യോഗിക സി.പി.എം.നെ എതിർക്കുന്നവരുടെ കൂട്ടായ്മയുണ്ടാകുമെന്ന് ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ.രമ സൂചിപ്പിച്ചു കഴിഞ്ഞു. കണ്ണൂർ, ആലപ്പുഴ, പാലക്കാട് തുടങ്ങിയ മൂന്ന് ജില്ലകളിൽ ഇപ്പോൾ തന്നെ വിമത ശബ്ദങ്ങൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന പാർട്ടി സെക്രട്ടറിമാരുടെ ഭാര്യമാർ എം.എൽ.ഏ.യോ, എം.പി.യോ ഒക്കെ ആകണമെന്ന പാർട്ടിയുടെ പുതിയ മാനിഫെസ്റ്റോ ഏ.വിജയരാഘവനും നിലവിലുള്ള പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും പുറത്തിറക്കിയിട്ടുണ്ട്. എം.വി.ഗോവിന്ദനു ചുറ്റുമുള്ള ഉപജാപക വൃന്ദങ്ങളെപ്പറ്റി കൂടുതൽ രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ടി.കെ. ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസനോട് പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ടി.കെ.ജി. പാർട്ടി സെക്രട്ടറിയെ വെട്ടിലാക്കാൻ ശ്രമിക്കുന്നുമുണ്ട്.

വോട്ട് കിട്ടാൻ പി.പി.ദിവ്യയെ വരെ ഗോവിന്ദ പത്‌നി പി.കെ. ശ്യാമള തള്ളിപ്പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ശ്യാമളയ്ക്ക് 'അനായാസം' ജയിക്കാൻ ടി.കെ.ജി.യുടെ സാന്നിധ്യം തടസ്സമാകും.

ഇലക്‌ട്രോണിക് 'യന്തിരൻ' ചതിക്കുമോ?

എസ്.ഐ.ആറിൽ തട്ടി യു.ഡി.എഫ്. അനുകൂലമായുള്ള വോട്ടുകൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ മരവിപ്പിച്ചിട്ടുണ്ടത്രെ. ഏപ്രിൽ 9ന് തെരഞ്ഞെടുപ്പ് കഴിയുമെങ്കിലും വോട്ടെണ്ണൽ മേയ് 4നാണ്. വോട്ടിംഗ് യന്ത്രങ്ങൾ കുറ്റമറ്റതായി പ്രവർത്തിക്കുമെന്ന് കരുതാം. ഡോ.തോമസ് ഐസകിന്റെ നേതൃത്വത്തിലുള്ള വിജ്ഞാന കൈരളി ടീമുകളും പോരാളി ഷാജിയും മറ്റും ബി.ജെ.പി.യുടെ പിന്തുണയോടെ 'തെരഞ്ഞെടുപ്പ് ഫലം' അട്ടിമറിക്കുമെന്ന വന്യമായ സ്വപ്‌നങ്ങളെ നമുക്ക് അവഗണിക്കാം. പാവം ഉമ്മൻചാണ്ടിക്കെതിരെ ഏറെ നീചമായ ആരോപണങ്ങൾ ഉന്നയിച്ചവർ ഇത്തവണ മൽസരരംഗത്തുണ്ട്. ജനം അവരോട് പ്രതികാരം ചെയ്യും.

ഭരണവിരുദ്ധ വികാരത്തിന്റെ അലയടികൾ സെക്രട്ടറയേറ്റിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. അതിനുസരിച്ചുള്ള അണിയറ നീക്കങ്ങൾ സെക്രട്ടറയേറ്റിൽ നടന്നുകൊണ്ടിരിക്കുന്നു.  ഏതായാലും ഒരു കാര്യം നമുക്ക് തീരുമാനിക്കാം. ഇത് ചെറ്റകളുടെ കാലമാണ്. അവർ സംസ്ഥാന തലത്തിൽ സംഘടിച്ചാൽ ആ 'ശാപ സമുദ്രം' കടക്കാൻ മന്ത്രി റിയാസ് നിർമ്മിച്ച പെരുമ്പാമ്പ് പോലെയുള്ള  പെരുമ്പളം പാലം മതിയാവില്ല.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam