ഇന്ന് (ബുധൻ) നടന്ന മന്ത്രിസഭയോഗത്തിൽ പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിച്ചുകൊണ്ടുള്ള പഴയ നിർദ്ദേശം പാസ്സായി. പി.എസ്.സി. അംഗങ്ങളിൽ ഒരാളുടെ ഡീറ്റേയിൽസ് ഉദാഹരണത്തിനായി പറഞ്ഞുകൊള്ളട്ടെ: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പി.എ.യുടെ ഭാര്യയാണ് ഈ അംഗം. പാർട്ടിക്കാരുടെ ഇഷ്ടക്കാരാണ് പി.എസ്.സി. അംഗങ്ങളായി നിയമിക്കപ്പെടാറുള്ളതെന്ന് കാണിക്കാൻ വേണ്ടിയാണ് ഈ വ്യക്തിയുടെ 'വിശദ വിവരം' നൽകിയത്.
സെക്രട്ടറിയേറ്റ് നടയിൽ പൊരിവെയിലത്ത് ഇരുന്ന് കൈക്കുഞ്ഞുങ്ങളോടൊപ്പം സമരം ചെയ്യുന്ന ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 7000 രൂപയിൽ നിന്ന് 15000 രൂപയെങ്കിലും ആയി വർധിപ്പിക്കണമെന്ന് ആ ഇല്ലാപ്പാവങ്ങൾ കരഞ്ഞ് കൂവിക്കൊണ്ടിരിക്കെ, ഒരു പി.എസ്.സി. അംഗത്തിന് മിനിമം 3.300000 രൂപ വരെ ലഭിക്കുന്ന ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയത് ഈ ഇടതു ഭരണത്തിന്റെ മുൻഗണന എവിടെയാണെന്ന് സൂചിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് സി.പി.ഐ.യുടെ പാർട്ടി ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ ഇപ്പോൾ യോഗം ചേർന്നുകൊണ്ടിരിക്കുന്ന ഇടതുമുന്നണി നേതാക്കൾക്ക് ഈ ദുരവസ്ഥയെക്കുറിച്ച് എന്ത് പറയാനുണ്ട്?
'രാഷ്ട്രീയ കുമ്പിടി' യായി തരൂർ
നന്ദനം എന്ന രഞ്ജിത്ത് സിനിമയിലാണ് കുമ്പിടി എന്ന തരികിട കഥാപാത്രമായി ജഗതി ശ്രീകുമാർ തകർത്തഭിനയിച്ചത്. സിനിമയിൽ രക്ഷയില്ലെന്നു കരുതി ആസ്‌ത്രേലിയിലേക്ക് ഉപരിപഠനത്തിനു പോകാൻ തീരുമാനിച്ച പൃഥ്വീരാജ് സുകുമാരനോട്, 'ഇതൊന്നു അഭിനയിച്ചിട്ട് പൊയ്‌ക്കോളൂ' എന്ന രഞ്ജിത്തിന്റെ നിർബന്ധത്തിനു വഴങ്ങി പൃഥ്വി ചെയ്ത ഹീറോ വേഷം മിന്നിച്ചതോടെ വിദേശപഠനം പൃഥ്വി വേണ്ടെന്നുവയ്ക്കുകയായിരുന്നു. പൃഥ്വിയുടെ മുത്തശ്ശിയായ കവിയൂർ പൊന്നമ്മയുടെ കഥാപാത്രത്തെ തന്ത്രപൂർവം കബളിപ്പിക്കുന്ന മന്ത്രവാദിയുടെ വേഷത്തിന് നൽകിയ കുമ്പിടിയെന്ന പേര് ഏഷ്യാനെറ്റ് ന്യൂസിലെ 'മുൻഷി' എന്ന ആക്ഷേപഹാസ്യ പരിപാടിയിൽ ശശി തരൂരിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത് കൗതുകമായി.
തരൂരിനെ 'രാഷ്ട്രീയ കുമ്പിടി'യെന്ന പേര് ചാർത്തിയാണ് മുൻഷിയിൽ സംവിധായകനായ അനിൽ ബാനർജി അവതരിപ്പിച്ചത്. കഥാപാത്രങ്ങളായ മനുവും ബാലാമണിയും തമ്മിലുള്ള പ്രണയം സഫലമാക്കാൻ കുമ്പിടിയായ ജഗതി തലയിലുള്ള 'വിഗ്ഗ്' വലിച്ചെറിഞ്ഞ് തന്റെ യഥാർത്ഥ പേര് വെള്ളിപ്പെടുത്തുന്നുണ്ട്: ''പാലാരിവട്ടം ശശി!'' അതോടെ ശശിക്ക് ആ സിനിമയിൽ നേരത്തെയുണ്ടായിരുന്ന പേരുദോഷം മാറുകയാണ്. ഇപ്പോൾ മാർക്‌സിസ്റ്റ് പാർട്ടി അവരുടെ വ്യാവസായിക വളർച്ചയുടെ പ്രതീകമായി അവതരിപ്പിക്കുന്നത് വിശ്വപൗരനായ ശശി തരൂരിനെയാണ്.
സ്റ്റാർട്ടപ്പുകളെക്കുറിച്ചുള്ള ഡി.വൈ.എഫ്.ഐയുടെ സെമിനാറിലേക്ക് ശശി തരൂരിനെ നേതാക്കൾ ക്ഷണിക്കാൻ ഡെൽഹിയിൽ പോയത് 'ഉച്ച വാർത്ത' യിലുണ്ട്. മാർക്‌സിസ്റ്റ് പാർട്ടിക്ക് അവരുടെ സർക്കാർ നേടിയതെല്ലാം ശരിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരു 'വിശ്വപൗര'നെ കണ്ടെത്തേണ്ടി വന്നു. കാരണം, സലിംകുമാർ ഒരു സിനിമയിൽ പറയുന്നതുപോലെ 'എനിക്ക് എന്നെത്തന്നെ വിശ്വാസമില്ല'' എന്ന ദയനീയമായ അവസ്ഥയിലാണ് വികസനം സംബന്ധിച്ച നേട്ടങ്ങൾ കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന വ്യവസായ മന്ത്രിയായ പി. രാജീവ് പോലും!
ചക്കരക്കും മുതുകള്ളിനും ചെത്തുന്നതുപോലെ ?
മോദിജിയെ യു.എസ്. സന്ദർശനത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'കടിച്ചു കുടയുമ്പോൾ' തരൂർ ആ സന്ദർശനത്തെ മഹത്വവൽക്കരിക്കുകയാണ് ചെയ്തത്. ഡെൽഹിയിൽ മോദിജിയെയും തിരുവനന്തപുരത്ത് പിണറായി ഭരണത്തെയും ഒരേ ശ്വാസത്തിൽ പുകഴ്ത്തിയ തരൂരിന്റെ നീക്കങ്ങളിൽ പലരും സന്ദേഹത്തിലാണ്. സോഷ്യൽ മീഡിയയാകട്ടെ 'പുളുവടി' തുടരുകയാണ്. ഒരു വിദ്വാൻ തരൂരിനെ അടുത്ത സി.പി.എം. മുഖ്യമന്ത്രിയായും, മറ്റൊരാൾ അദ്ദേഹത്തെ കേന്ദ്രമന്ത്രിയായും അവരോധിക്കാൻ തിടുക്കം കൂട്ടുകയുണ്ടായി. ഇത്തരം 'ഊഹപോഹ ക്ഷൗരപരിപാടി'കൾ അവഗണിക്കുകയാണ് നല്ലത്. കാരണം അത്രയേറെ തമാശ നിറഞ്ഞ രാഷ്ട്രീയ പ്രവചനങ്ങളാണവ.
ഒരു വർഷം മുമ്പുവരെ കോൺഗ്രസ് മേൽവിലാസത്തിലുള്ള പ്രൊഫഷണലുകളുടെ സംഘടനാ സാരഥിയായിരുന്നു തരൂർ. ഇപ്പോൾ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എന്നതിൽ ഉപരിയായുള്ള കസേരകളൊന്നും തരൂരിന്റെ കൈവശം ഇപ്പോഴില്ല. അതായത് കോൺഗ്രസിൽ തരൂർ അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ അദ്ദേഹത്തിനും അദ്ദേഹത്തോടൊപ്പമുള്ളവർക്കുമുണ്ട്. ഈ 'ധർമ്മസങ്കട'ത്തിന് അറുതി വേണമെന്ന് തരൂർ തീരുമാനിച്ചിട്ടുണ്ടാകാം. അതായത് പുറത്ത് ചാടേണ്ടി വന്നാൽ, രണ്ടു പക്ഷവുമായുള്ള 'വിലപേശൽ' നടത്താനുള്ള രാഷ്ട്രീയ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യം. തരൂരിന്റെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ ലേഖനത്തിനുണ്ടാവാം.
നമ്മുടെ നാട്ടിൽ പറയാറില്ലേ, ''ചക്കരയ്ക്കും മുതുകള്ളിനും'' ചെത്തുകയെന്ന്. കോൺഗ്രസിൽ നിന്ന് തൽക്കാലം പുറത്തു കടക്കാൻ തരൂർ ആഗ്രഹിക്കുന്നില്ല. ചൊവ്വാഴ്ച നടന്ന സോണിയ രാഹുൽ ഗാന്ധിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം 10 ജൻപഥ് മാർഗിലെ സോണിയയുടെ വീടിന്റെ പിൻവാതിലിലൂടെ മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ രക്ഷപ്പെട്ട തരൂർ ഇത്തരത്തിലുള്ള ഒരു സൂചനയാണ് നൽകുന്നതും. വസ്തുതകളെ അടിസ്ഥാനമാക്കി മാത്രമേ സംസാരിക്കൂ എന്ന നിലപാട് കൈക്കൊണ്ട തരൂരിന്റെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ നിലവിലുള്ള വ്യാവസായിക സ്തംഭനാവസ്ഥയെ തുറന്നു കാണിച്ചുകൊണ്ട് ഒരു വാർത്താസമ്മേളനം ചൊവ്വാഴ്ച നടത്തുകയുണ്ടായി.
എന്നാൽ അത്തരമൊരു കണക്കിനെക്കുറിച്ച് തരൂർ കേട്ട ഭാവം നടിച്ചിട്ടില്ല. തരൂർ ഒരേ സമയം കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷമായ കോൺഗ്രസിനെ വെട്ടിലാക്കിയത് ഒരു ഫ്‌ളോയ്ക്ക് പറഞ്ഞുപോയെന്നു കരുതാനാവില്ലെന്ന് വീണ്ടും പറയേണ്ടി വരുന്നത്, ഇനിയുള്ള നാളുകളിൽ തരൂർ-കോൺഗ്രസ് സംഘർഷം രൂപപ്പെടുത്താൻ പോകുന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾ മുന്നിൽ കണ്ടതുകൊണ്ടാണ്.
'ആശയ'റ്റവരുടെ സമരങ്ങൾ
തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ തുടരുന്ന ആശാവർക്കർമാരുടെ സമരം മാർക്‌സിസ്റ്റ് പാർട്ടിക്ക് ചില്ലറ ക്ഷീണമല്ല ഉണ്ടാക്കിയിട്ടുള്ളത്. ഭരണകൂടത്തിന്റെ മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് അത്താഴപ്പട്ടിണിക്കാരും അടിസ്ഥാന ജനസമൂഹവും പൂർണ്ണമായും വെട്ടിമാറ്റപ്പെട്ടു കഴിഞ്ഞുവെന്ന് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്താൻ ഈ സമരത്തിനു കഴിഞ്ഞിട്ടിണ്ട്.
ആശാവർക്കർമാരുടെ കുടിശ്ശികയായ 58.5 കോടി രൂപ ചൊവ്വാഴ്ച രാത്രി അനുവദിച്ചതോടെ ഈ 'എരിപൊരി സമരം' അവസാനിക്കുമെന്ന് ധനമന്ത്രി കണക്കു കൂട്ടിയിരിക്കാം. എന്നാൽ, ശമ്പളക്കുടിശ്ശിക മാത്രമല്ല, മറ്റു ചില പ്രധാനപ്പെട്ട ആവശ്യങ്ങൾ കൂടി അംഗീകരിച്ചാലേ സമരത്തിൽ നിന്ന് പിന്നോട്ടുള്ളുവെന്ന് സമര സമിതി ചൊവ്വാഴ്ച രാത്രി തന്നെ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ 30,113 ആശാവർക്കർമാരാണുള്ളത്.
അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആശ. കോവിഡ് കാലത്തെ ഇവരുടെ പ്രവർത്തനത്തിന് യു.എൻ. പുരസ്‌ക്കാരം വരെ ലഭിച്ചിട്ടുണ്ട്. സ്വന്തം ജീവൻ മാത്രമല്ല കുടുംബത്തിന്റെ ഭാവി പോലും പണയം വച്ച് അവർ നടത്തിയ കഠിന പ്രയത്‌നമാണ് കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാൻ കേരളത്തിന് കരുത്തായത്. സംസ്ഥാന സർക്കാരിന്റെ 7000 രൂപയും, കേന്ദ്രസർക്കാരിന്റെ ഇൻസെന്റീവായി 2000 രൂപയുമാണ് ഇവർക്ക് പ്രതിമാസം ലഭിക്കുന്നത്. ഓണറേറിയവും ഇൻസെന്റിവും കൃത്യമായി ലഭിക്കാൻ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങൾ ചില നിബന്ധനങ്ങൾ വച്ചിട്ടുണ്ട്. ഈ നിബന്ധനകൾ പാലിക്കപ്പെടാൻ ഫോണുകളിലൂടെ സർക്കാർ ഡോക്ടർമാരെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയുമെല്ലാം, ഇവരുടെ പരിചരണത്തിനു കീഴിലുള്ള രോഗികളെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കേണ്ടതുണ്ട്.
ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നതിലുള്ള അറിവില്ലായ്മ, ഡോക്ടർമാരുടെയും തദ്ദേശ സ്ഥാപന ഭരണ സമിതിയംഗങ്ങളുടെ പ്രതികരണങ്ങളിലെ അനാസ്ഥ തുടങ്ങിയവയെല്ലാം ആശാവർക്കർക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയവും ഇൻസെന്റീവും കൃത്യമായി ലഭിക്കാൻ തടസ്സമാകാറുണ്ട്. കർണ്ണാടകത്തിൽ ആശാവർക്കർമാരുടെ ഓണറേറിയം 10,000 രൂപയാണ്. ബംഗാളിൽ പോലും ആശാവർക്കർമാരുടെ വിരമിക്കൽ പ്രായം 65 ആയും, വിരമിക്കുന്നവർക്ക് 3 ലക്ഷം രൂപ ആശ്വാസ ധനമായും നൽകുന്നുണ്ട്. എന്നിട്ടും അധ്വാനവർഗത്തിന്റെ പാർട്ടി ഭരിക്കുന്ന കേരളത്തിൽ എന്തേ ഇങ്ങനെ? ഭരണവും സമരവും ഒരുമിച്ചു കൊണ്ടുപോയ ചരിത്രമാണ് സി.പി.എമ്മിന് പറയാനുള്ളത്. എന്നിട്ടും പിണറായി ഭരണത്തിൽ സമരം ചെയ്യുന്നവരെയെല്ലാം ''ആരോ കുത്തിയിളക്കി വിടുകയാണെ'' ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചീഞ്ഞ ഡയലോഗ് എത്രത്തോളം ഹീനമാണെന്ന് ആ പാർട്ടി തിരിച്ചറിയാത്തതെന്തേ?
വയനാട് വായ്പയും സമയപരിധിയും
50 വർഷം കഴിഞ്ഞ് തിരിച്ചടയ്ക്കാവുന്ന വായ്പയായിട്ടാണ് വയനാടിന് കേന്ദ്രം പണം അനുവദിച്ചത്. മാർച്ച് 31 നു മുമ്പ് പണം ചെലവഴിച്ചിരിക്കണമെന്ന കൽപ്പനയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വിശന്നിരിക്കുന്നവന്റെ മുമ്പിൽ ഒരു വലിയ ചെമ്പ് നിറയെ ബിരിയാണി വിളമ്പി വച്ചിട്ട്, ഇതെല്ലാം ഇന്നു തന്നെ തിന്നു തീർക്കണമെന്ന 'ഊളൻ ഡയലോഗ്' ഒരർത്ഥത്തിൽ മലയാളിയുടെ മുഖത്തേയ്ക്കു വീണ അവഗണനയുടെ തുപ്പൽത്തുള്ളികളാണ്. ഇക്കാര്യത്തിൽ കേന്ദ്രം അയവ് കാണിക്കുമെന്ന് ഒരു ചാനൽ ചർച്ചയിൽ ബി.ജെ.പി.യുടെ മലയാളത്തിലുള്ള മുഖപത്രത്തിന്റെ എഴുത്താളുകളിൽ ഒരാൾ തട്ടിവിടുന്നതു കേട്ടു.
വീണത് വിദ്യയല്ല, വിഴുപ്പാക്കുന്നത് ഏതായാലും നല്ല മാധ്യമ ശൈലിക്ക് നിരക്കുന്നതല്ല. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ജയിപ്പിച്ചു വിട്ടതു മാത്രമല്ല വയനാട്ടിൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടതും മോദിജിയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പക ഇങ്ങനെ മനസ്സിൽ കൊണ്ടു നടക്കുന്നത് ബി.ജെ.പി.യെ പല ലോക്‌സഭാ സീറ്റുകളിലും രണ്ടാമതെത്തിച്ച മലയാളികളോടുള്ള അനാദരവല്ലേയെന്നു കേന്ദ്രം ഭരിക്കുന്നവർ ചിന്തിക്കുന്നത് നല്ലതാണ്.
ആന്റണി ചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്