പാർട്ടി ഗ്രാമങ്ങളെ പാട്ടിലാക്കുമോ കാവിപ്പടയോട്ടം

JULY 4, 2024, 10:52 AM

മലബാറിൽ ചുവപ്പു രാഷ്ട്രീയത്തിന്റെ അടിത്തറയുള്ള പാർട്ടി ഗ്രാമങ്ങളെ ഇളക്കാൻ ബി.ജെ.പി ആവിഷ്‌കരിച്ച കർമ്മപദ്ധതിക്കു തടയിടാൻ സി.പി.എം തയ്യാറെടുപ്പ് തുടങ്ങിയതായി സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ നിന്നു ബി.ജെ.പിക്ക് കിട്ടിയ വോട്ടുകൾ നിലനിർത്താനും സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മുതലാക്കാനുമുള്ള ബി.ജെ.പിയുടെ നീക്കം പാർട്ടി ഗ്രാമങ്ങളെ കേന്ദ്രീകരിക്കുന്നത് ഇടതു മുന്നണി നേതൃത്വം വലിയ ആശങ്കയോടെയാണ് കാണുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, ധർമ്മടം, തളിപ്പറമ്പ് അടക്കമുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബി.ജെ.പിക്ക് കൂടിയത് നാലിരട്ടിയിലേറെ വോട്ടുകളായിരുന്നു. കാര്യമായ പ്രവർത്തനം ഇല്ലാതിരുന്നിട്ട് കൂടി സി.പി.എം വോട്ടുകൾ താമരയിലേക്കൊഴുകിയത് വലിയ മാറ്റമായി ബി.ജെ.പി കാണുന്നു. സി.പി.എം നേതൃത്വത്തോട് അണികൾക്കുള്ള അതൃപ്തിയാണ് കാരണമെന്നിരിക്കെ അത് തുടർന്നും മുതലെടുക്കാനാണ് ബി.ജെ.പി നേതൃയോഗത്തിന്റെ തീരുമാനം.

പാർട്ടി ഗ്രാമങ്ങളിലേക്ക് മുതിർന്ന നേതാക്കളെ തന്നെ ഇറക്കി പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഏകോപനച്ചുമതല പി.കെ കൃഷ്ണദാസിനാണ്. സി.പി.എമ്മിൽ അതൃപ്തരായ പ്രാദേശിക നേതാക്കൾക്ക് ബി.ജെ.പി സ്വാഗതമേകും. തോൽവിക്ക് പിന്നാലെ സിപിഎമ്മിലുണ്ടാകുന്ന പൊട്ടിത്തെറി കോൺഗ്രസ്സിന് ഗുണം ചെയ്യുന്നത് ഒഴിവാക്കാനും ബി.ജെ.പി മനസ്സിരുത്തും.

vachakam
vachakam
vachakam

സി.പി.എമ്മിന്റെ പരമ്പരാഗത ഈഴവ വോട്ടുബാങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽവലിയ വിള്ളൽ വീണു. അതിലേറെയും വോട്ടുകൾ ആലപ്പുഴയിലും ആറ്റിങ്ങലുമെല്ലാം ബി.ജെ.പിക്ക് കിട്ടിയിരുന്നു. ഈഴവ വോട്ടുകൾ കൂടുതൽ ഉറപ്പിച്ചുനിർത്താനും ബി.ജെ.പി ശ്രമമുണ്ട്. വെള്ളാപ്പള്ളി നടേശനെതിരായ സി.പി.എം വിമർശനങളെ തുടർന്നും ബി.ജെ.പി നേതൃത്വം ശക്തമായി പ്രതിരോധിക്കും. സി.പി.എം പ്രതിസന്ധി മുതലെടുത്ത് തദ്ദേശതെരഞ്ഞെടുപ്പിലും പിന്നെ നിയമസഭ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.

ആലപ്പുഴയിലും തൃശൂരിലും ആറ്റിങ്ങലിലും തിരുവനന്തപുരത്തും ഇരു മുന്നണികൾക്കും ഭീഷണിയായാണ് കാവിരാഷ്ട്രീയം പരന്നൊഴുകിയതെന്ന് കാണാൻ പ്രയാസമില്ല. ഇതുവരെ ഇടതു രാഷ്ട്രീയത്തിന്റെ ഓരം ചേർന്നുനിൽക്കാൻ മാത്രം ശീലിച്ച മത്സ്യത്തൊഴിലാളികൾ, പട്ടിക ജാതി, വർഗ വിഭാഗങ്ങൾ, ആദിവാസികൾ, നഗരപ്രാന്തങ്ങളിലെ ചെറ്റക്കുടിലുകളിൽ ജീവിക്കുന്നവർ തുടങ്ങി പിന്നോക്ക വിഭാഗങ്ങളിലെ ഏറ്റവും പിന്നോക്കക്കാരെ വശീകരിച്ച് കൂടെനിർത്തുന്നതിൽ ഒരു പരിധി വരെ ബി.ജെ.പി വിജയിച്ചെന്ന നിരീക്ഷണമാണുള്ളത്.

ഐക്യകേരളം രൂപപ്പെട്ടത് മുതൽ നിലനിൽക്കുന്ന, രാഷ്ട്രീയ സന്തുലിതത്വമാണ് ഇതോടെ തെറ്റാൻ പോകുന്നത് എന്ന അഭിപ്രായം ഇതിനിടെ ശക്തി പ്രാപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞത്, മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടയിൽ സംഘപരിവാർ പലരിലൂടെയായി ഇവിടെ നടപ്പാക്കിയ സോഷ്യൽ എൻജിനീയറിംഗിന്റെഫലമാണിതെന്നാണ്.

vachakam
vachakam
vachakam

കാവി രാഷ്ട്രീയ ധാര

ഹൈന്ദവ വികാരം സ്വായത്തമാക്കിയ കാവി രാഷ്ട്രീയം കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുകയറ്റം നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പ്രകടമായിരുന്നു. കേരളത്തെ കാവി പുതപ്പിക്കാൻ ഏതറ്റം വരെ പോകാനും മടിക്കില്ല തങ്ങളെന്ന് ബി.ജെ.പിയും ആർ.എസ്.എസും വ്യക്തമാക്കുന്നുണ്ടെങ്കിലും ഇടത്, വലതു മുന്നണികളുടെ പ്രതിരോധ നീക്കങ്ങൾ അമ്പേ പാളിയതായാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്. അതേ സമയം, കോൺഗ്രസിന്റെ തട്ടകങ്ങളിൽ വിള്ളലുണ്ടാക്കിയതിനു പിന്നാലെ ചുവപ്പു ഭൂമിയിലും വിത്തിറക്കി മോഹക്കൊയ്ത്ത് നടത്താൻ ബി.ജെ.പിയുടെ നീക്കം കൊഴുക്കുന്നു.

സംസ്ഥാനത്തെ ഹൈന്ദവ രാഷ്ട്രീയ വളർച്ച ഇടത്, വലത് പാർട്ടികൾക്ക് മുൻകൂട്ടി കാണാൻ സാധിച്ചില്ലെന്നതു വസ്തുത തന്നെ. സമൂഹത്തിൽ ആരോരുമറിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കുന്നതിൽ അവർക്കു തുടർച്ചയായി പരാജയം സംഭവിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കേരളത്തിൽ പാർട്ടിയുടെ വളർച്ചയെന്ന്, 1980 തൊട്ട് ഇവിടെ ബിജെപിയുടെ നേതൃനിരയിലുള്ള മൂന്നാം മോദി സർക്കാരിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധി ജോർജ് കുര്യൻ സൺഡേ എക്‌സ്പ്രസ്സുമായുള്ള അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത് വെറും വാക്കല്ല.

vachakam
vachakam
vachakam

1925ൽ ആർ.എസ്.എസ് രൂപവത്കൃതമായപ്പോൾ മുതൽ കേരളം ഹിന്ദുത്വവിചാരഗതിയുടെ ഉന്നമായിരുന്നു. ഒരുവേള യുപിയിലുള്ളതിനേക്കാൾ ശാഖകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. എന്നിട്ടും സംഘപരിവാറിന് ബാലികേറാമലയായി കേരളം നിലകൊണ്ടു.

നവോത്ഥാന, പുരോഗമന, ദേശീയ ചിന്താധാരകളുടെ അതിശക്തമായ അടിത്തറയിലാണ് കേരള സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുത്തത് എന്നത് സംഘപരിവാറിന് ബുദ്ധിമുട്ടുണ്ടാക്കി. പക്ഷേ ,1998 തൊട്ട് ഹിന്ദുത്വ ശക്തികൾ കേരളത്തിൽ തന്ത്രങ്ങൾ മാറി മാറി പ്രയോഗിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, കർണാടക ഒഴികെയുള്ള തെക്കൻ സംസ്ഥാനങ്ങളിലേക്ക് കടന്നുകയറ്റം നടത്താൻ എന്തുകൊണ്ട് ബി.ജെ.പിക്ക് സാധിച്ചില്ല എന്നത് ഹാർവാർഡ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വകുപ്പിന്റെ ഗവേഷണ വിഷയമായിരുന്നു.

ഹിന്ദി മേഖലയിൽ, വിശിഷ്യാ യുപിയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലുമൊക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ അവകാശവാദങ്ങളെയും തകർത്ത് ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ട ഇത്തവണ കാവിരാഷ്ട്രീയം എങ്ങനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേരള മണ്ണിലേക്ക് അധിനിവേശം നടത്തി എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ, കഴിഞ്ഞ പത്ത് വർഷമായി ഹിന്ദുത്വ നേതൃത്വം കേരളത്തെ എങ്ങനെ കണ്ടു, ഏത് വിധത്തിൽ ഇടപെട്ടു, എത്ര കോടികൾ ചെലവഴിച്ചു തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം ആവശ്യമാണ്. ഇവിടത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ കാണാൻ ഇടത്, വലത് രാഷ്ട്രീയ നേതൃത്വത്തിനോ നിരീക്ഷകർക്കോ കഴിഞ്ഞിരുന്നില്ല.                       

കേരള അജൻഡഏതെങ്കിലും ഒരു ജില്ലയിലോ മേഖലയിലോ ഒതുങ്ങുന്നതായിരുന്നില്ല. കേരളത്തിലെ കാവി വർണ പ്രതിഭാസമെന്നും മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ, മലനാടും ഇടനാടും തീരദേശങ്ങളും സ്പർശിച്ചുകൊണ്ടാണ് ഹൈന്ദവ അനുകൂല രാഷ്ട്രീയം പരന്നൊഴുകിയതെന്നും പറയാതെ വയ്യാ.           

ഇതിനിടെ, കേരളത്തിന്റെ സർവ മേഖലകളിലുമുള്ള കുതിപ്പിന് തടയിടാനും സംസ്ഥാനം മുന്നോട്ടുവെക്കുന്ന ബദലുകളെ നിഷ്പ്രഭമാക്കാനും ആർ.എസ്.എസ് ആസ്ഥാനത്ത് ചുട്ടെടുക്കുന്ന 'കേരള അജൻഡ'യുടെ പ്രയോഗവത്കരണം സംസ്ഥാനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സി.പി.എമ്മിനു പുറമേ വിവിധ ഇസ്ലാം പ്രസ്ഥാനങ്ങളും വിലപിക്കുന്നു. ഇതിന്റെ ഓരം പറ്റിയുള്ള സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കിടയിലെ 'ചക്കളത്തിപ്പോരാട്ട' ത്തിന് വലിയ ഗൗരവം കൽപിക്കുന്നില്ല, പ്രതിപക്ഷ നേതാവും മറ്റു യു.ഡി.എഫ് നേതാക്കളും.

കാവി രാഷ്ട്രീയത്തിനു പിന്നിലെ വിവിധ തന്ത്രങ്ങൾ ഇടത്, വലത് മുന്നണി നേതാക്കൾ കണ്ടറിഞ്ഞത് ഏറെ വൈകിയാണ്. അതിപിന്നോക്കദുർബല വിഭാഗങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ താഴേത്തട്ടിൽ എണ്ണമറ്റ കേന്ദ്ര പദ്ധതികളുമായി അൽഫോൻസ് കണ്ണന്താനം, വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ കേന്ദ്ര മന്ത്രിമാരും സുരേഷ് ഗോപിയെ പോലുള്ള ഇടനിലക്കാരും ആർ.എസ്.എസ് പ്രചാരകരും ജനമധ്യത്തിൽ നിരന്തരം പ്രവർത്തിക്കുന്നുണ്ടായിരുന്നു. സ്വദേശ് ദർശൻ സ്‌കീം തുടങ്ങിയുള്ള പദ്ധതികളിലൂടെ ഇക്കോടൂറിസം മേഖലയിൽ മോദി സർക്കാർ കോടികൾ വാരിവിതറിയപ്പോൾ ആരും അന്വേഷിച്ചില്ല ആരാണ് അതിന്റെ ഗുണഭോക്താക്കളെന്ന്. തങ്ങളുടെ ടാർഗറ്റ് ഗ്രൂപ്പിലേക്ക് നിഷ്പ്രയാസം ഇറങ്ങിച്ചെല്ലാനുള്ള പാലമായിരുന്നു അവയെല്ലാം.

ശബരിമലപമ്പസന്നിധാനം സർക്യൂട്ട്, ശ്രീപത്മനാഭക്ഷേത്ര വികസന പദ്ധതി, ഗുരുവായൂർ വികസന പദ്ധതി തുടങ്ങി എണ്ണമറ്റ ഹിന്ദുത്വ അജൻഡകളിലേക്ക് കേന്ദ്ര ഖജനാവിൽ നിന്ന് നൂറുകണക്കിന് കോടികൾ ഒഴുകുന്നുണ്ടായിരുന്നു. അവർണ വിഭാഗത്തെ കൈയിലെടുക്കാൻ ശിവഗിരി സ്പിരിച്വൽ ടൂറിസം സർക്യൂട്ട് രൂപകൽപ്പന ചെയ്ത് 750 കോടിയോളം നൽകി. തങ്ങൾക്കിതുവരെ വേണ്ടവിധം സ്വാധീനം ചെലുത്താൻ പറ്റാതിരുന്നപിന്നോക്ക വിഭാഗത്തിലേക്ക് വൻ സന്നാഹത്തോടെ ഇരച്ചുകയറാൻ സാധിച്ചതാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദുത്വവത്കരണത്തിന്റെ വഴിയിൽ വളരെ മുന്നോട്ട് പോകാൻ ബി.ജെ.പിക്ക് തുണയായത്.

വീർ സവർക്കറും ഗോൾവാൾക്കറും മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വം 'ദേശ ദ്രോഹി'കളായ അപരന്മാരെ അടയാളപ്പെടുത്തിയുള്ള വംശീയ ദേശീയതയാണ്. ജാതിയും മതവും ഭാഷയും സംസ്‌കാരവുമൊക്കെയാണ് അതിന്റെ ആധാരശില. അവിടെ നിന്നാണ്, ഫ്രഞ്ച് പൊളിറ്റിക്കൽ സയന്റിസ്റ്റും ഇൻഡോളജിസ്റ്റുമായ ക്രിസ്റ്റോഫി ജഫ്‌ളറ്റ് എടുത്തുകാട്ടിയ വംശീയ ജനാധിപത്യത്തിന് നരേന്ദ്ര മോദിയുടെ കാലഘട്ടം കളമൊരുക്കിയത്. ജാതിയിലും മതത്തിലും ഹൈന്ദവ സംസ്‌കൃതിയിലും ഊന്നിയ ഈ രാഷ്ട്രീയ സംവിധാനത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കോ കമ്മ്യൂണിസ്റ്റുകൾക്കോ പ്രത്യേകിച്ച് ഇടമൊന്നുമില്ല.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ സവർണ, തീവ്രവലതുപക്ഷത്തിന്റെ മനസ്സിലേറിയതിന്റെ പിറ്റേന്ന്, 2024 ജനുവരി 23ന് പ്രധാനമന്ത്രി മോദി ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തി. അതിപിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ സോഷ്യലിസ്റ്റ് നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ കർപ്പുരി ഠാക്കൂറിനെ ഭാരതരത്‌നം നൽകി ആദരിക്കുന്നു എന്നതാണത്. ഠാക്കൂർ മരിച്ച് 35 വർഷം കഴിഞ്ഞ ശേഷം രത്‌നം ചാർത്തുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് അപ്പോൾ തന്നെ പ്രതികരണങ്ങളുണ്ടായി. മതേതരപക്ഷത്തു നിന്ന് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എൻ.ഡി.എയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിന്റെ നിർദേശ പ്രകാരമുള്ള ഈ അടവ് പ്രയോഗം തിരഞ്ഞെടുപ്പിൽ ഫലം കണ്ടു. ആർ.ജെ.ഡി കോൺഗ്രസ്സ് കൂട്ടുകെട്ടിനെ പിന്തള്ളി ജനതാദൾ(യു) ബി.ജെ.പി സഖ്യം വൻ മുന്നേറ്റം നടത്തി.

ഒ.ബി.സി വിഭാഗത്തെ പോലെ ഇബിസിയും തിരഞ്ഞെടുപ്പിൽ നിർണായകമാണെന്ന കണ്ടെത്തൽ രാജ്യത്തുടനീളം ബി.ജെ.പിയുടെ ഇലക്ഷൻ തന്ത്രത്തിന്റെ പുതിയ ഫോർമുലയായി. അതിന്റെ ഭാഗമായാണ് മോദി തിരഞ്ഞെടുപ്പ് ക്യാമ്പയിനിലുടനീളം പട്ടികജാതി, പട്ടികവർഗത്തിനു വേണ്ടി വാദിച്ചതും അവരുടെ സംവരണം തട്ടിയെടുക്കാൻ മുസ്‌ലിംകൾ ശ്രമിക്കുകയാണെന്ന് ആരോപിച്ചതും. കേരള സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദി പരസ്യമായി ഇമ്മട്ടിലുള്ള പ്രസംഗങ്ങൾ നടത്തിയില്ലെങ്കിലും ഈ വിഭാഗത്തിലേക്ക് ഇറങ്ങിച്ചെല്ലാനും കാവിരാഷ്ട്രീയത്തോടൊപ്പം അവരെ ചേർത്തുപിടിക്കാനും അണിയറയിൽ ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. സവർണ വോട്ടിൽ വലിയ ശതമാനം പരമ്പരാഗതമായി കോൺഗ്രസ്സിന്റെ കൈയിലാണെന്നിരിക്കെ, ഈഴവർ, അടിസ്ഥാന വർഗങ്ങൾ, ക്രൈസ്തവ ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെ ഒപ്പം കൂട്ടാനാണ് ബി.ജെ.പി ശ്രമിച്ചത്.  തിരഞ്ഞെടുപ്പ് ഫലം വരികയും ഇടതുപക്ഷത്തിന് കനത്ത പ്രഹരമേൽക്കുകയും ചെയ്തപ്പോഴാണ് വെള്ളാപ്പള്ളി നടേശനെ പോലുള്ളവർ അണിയറയിൽ താമരക്കുവേണ്ടി വോട്ട് പിടിക്കുകയായിരുന്നുവെന്ന സത്യം ജനത്തിന് ബോധ്യമായത്. ഇടതു സർക്കാർ രൂപം നൽകിയ നവോത്ഥാന സമിതിയുടെ തലപ്പത്തിരിക്കുന്നയാളാണ് നടേശൻ. ആലപ്പുഴയിൽ ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രൻ വാരിക്കൂട്ടിയ വോട്ടിന്റെ വലിയൊരു വിഹിതം ഇടതു സ്ഥാനാർത്ഥി എം. ആരിഫിന് കിട്ടേണ്ട ഈഴവ വോട്ടായിരുന്നു.

കേരള രാഷ്ട്രീയം വഴിത്തിരിവിലാണെന്നും എത്ര പുരോഗമനം പറഞ്ഞാലും ജാതി, മത ശക്തികളാണ് ഇന്നും ഇവിടെ രാഷ്ട്രീയഗതിയും തിരഞ്ഞെടുപ്പ് ഫലവും തീരുമാനിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്ന നിരീക്ഷകർ ഏറെ. ക്രൈസ്തവ, ഈഴവ, അതിപിന്നോക്ക വിഭാഗങ്ങൾ ബിജെ പിക്ക് അനുകൂലമായി ഇപ്പോൾ എടുത്ത നിലപാട് തിരുത്തപ്പെടുന്നില്ലെങ്കിൽ 1967 തൊട്ട് കേരളം പിന്തുടർന്ന് പോന്ന ഇരുമുന്നണി സംവിധാനം താളം തെറ്റുകയും രാഷ്ട്രീയ ഋതുപ്പകർച്ചയിലേക്ക് വഴിമാറുകയും ചെയ്യുമെന്നും അവർ പറയുന്നു. കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യനെയും സുരേഷ് ഗോപിയെയും ബി.ജെ.പി ഏൽപ്പിച്ച ദൗത്യം ചെറുതല്ല. അവർക്ക് നൽകിയ ന്യൂനപക്ഷം, ടൂറിസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാൻ അവസരമൊരുക്കിക്കൊടുക്കുമെന്ന പ്രതീക്ഷയുണ്ട് സംഘപരിവാറിന്.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam