കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ വൈകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കാനും കേന്ദ്രത്തിന് കോടതി നിർദേശം നൽകി.
കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ എയിംസ് പോലുള്ള ഉയർന്ന നിലവാരത്തിലുള്ള മെഡിക്കൽ സ്ഥാപനത്തിന്റെ ആവശ്യകതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നാല് എണ്ണം നിർമ്മാണ ഘട്ടത്തിലാണെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ അനുവദിച്ച എയിംസ് പദ്ധതികളിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. പുതിയതായി എയിംസ് അനുവദിക്കാൻ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടെന്നും അതിനുശേഷമാണ് സാധ്യതാ പഠനം നടത്താനാകൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, എയിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ പത്ത് വർഷമായി കാര്യമായ നടപടികൾ എടുത്തിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. 2016-ൽ പദ്ധതി മുന്നോട്ട് വെച്ചെങ്കിലും പിന്നീട് സംസ്ഥാനത്ത് നിന്നൊരുതരത്തിലുള്ള പുരോഗതിയും ഉണ്ടായില്ലെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ വാദം സംസ്ഥാന സർക്കാർ തള്ളി. എയിംസിനായി ആവശ്യമായ സ്ഥലം കണ്ടെത്തി കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും, പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
തുടർന്ന് പുതുതായി അനുവദിച്ച 22 എയിംസുകൾക്ക് കേന്ദ്രം സ്വീകരിച്ച മാനദണ്ഡങ്ങൾ എന്താണെന്ന് വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
