തിരുവനന്തപുരം: മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എച്ച്. സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന സലാമിന്റെ ആവശ്യത്തോടാണ് സുധാകരൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
തന്റെ കൈവശം കണക്കുകളുണ്ടെന്നും അത് സലാം തന്നെ പുറത്തുവിടട്ടെയെന്നും സുധാകരൻ പറഞ്ഞു. സലാമിനെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ എന്തിനാണ് ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.
‘വിവരമില്ലാത്തവർ പലതും വിളിച്ചുപറയും’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ചെലവുകളും പണപ്പിരിവുമായി ബന്ധപ്പെട്ട കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടിക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകാതിരിക്കാൻ കഴിയുമോയെന്നും സുധാകരൻ ചോദിച്ചു.
കണക്കുകൾ പരിശോധിക്കാതെയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഒരു രൂപ പോലും കൈക്കൂലി വാങ്ങാത്ത വ്യക്തിയെ പോലും മോശക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. സലാം ഉന്നയിക്കുന്ന ആരോപണങ്ങളുടെ പിന്നാലെ പോകുന്നതിന് പകരം മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡിജിപിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയതിനെക്കുറിച്ച് വിശദമായി അറിയില്ലെന്നും സുധാകരൻ പറഞ്ഞു. പത്രവാർത്തകളിലൂടെ അറിഞ്ഞ വിവരങ്ങൾ മാത്രമാണുള്ളത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഇഡി അവരുടെ നിയമപരമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. ആരോപണവിധേയരാണ് ഇതുമായി ബന്ധപ്പെട്ട് മറുപടി നൽകേണ്ടതെന്നും വിഷയത്തിൽ താൻ ഇടപെടേണ്ട കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ എട്ടാം തീയതിയാണ് ജി. സുധാകരനെതിരെ എച്ച്. സലാം രംഗത്തെത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് സുധാകരൻ പുറത്തുവിടണമെന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടിരുന്നു.
സുധാകരനാണ് യഥാർഥ ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്നടക്കം കടുത്ത ആരോപണങ്ങളും സലാം ഉന്നയിച്ചിരുന്നു. അഴിമതി വിരുദ്ധതയുടെ പേരിൽ ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു. കൂടാതെ, ഒരു മാധ്യമപ്രവർത്തകനെ ആക്രമിക്കാനും ഒരു വനിതയ്ക്കെതിരെ ഫേസ്ബുക്ക് വഴി വ്യക്തിഹത്യ നടത്താനും സുധാകരൻ ഡിവൈഎഫ്ഐ നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നും സലാം ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
