കൊച്ചി: ശബരിമല സ്വര്‍ണപ്പാളിയുടെ തൂക്കം കുറഞ്ഞതായുള്ള ഗുരുതര കണ്ടെത്തലില്‍ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 2019 ല്‍ സ്വര്‍ണ പീഠവും പാളികളും അഴിച്ചെടുക്കുമ്പോള്‍ 42 കിലോ ഭാരമുണ്ടായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഇത് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്ഥാപനത്തില്‍ എത്തിച്ചപ്പോള്‍ 38 കിലോ ആയി മാറിയെന്നാണ് കണ്ടെത്തല്‍.
തൂക്കത്തില്‍ ഉണ്ടായ വ്യത്യാസം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രേഖകള്‍ വിശദമായി പരിശോധിപ്പോഴാണ് ഭാരത്തിലുള്ള വ്യത്യാസം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
25.4 കിലോ ഭാരമാണ് സ്വര്‍ണപ്പാളികള്‍ക്കുള്ളത്. രണ്ട് പീഠങ്ങള്‍ക്കായി 17.4 കിലോ ഭാരമുണ്ട്. 42.8 കിലോയാണ് ഇവയുടെ ആകെ ഭാരം. അറ്റകുറ്റപ്പണിക്കായി അഴിച്ചെടുക്കുമ്പോള്‍ ഉണ്ടായിരുന്ന ഭാരം ദേവസ്വത്തിന്റെ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തില്‍ എത്തി തൂക്കം നോക്കുമ്പോള്‍ ഇത് 38 കിലോയായി കുറഞ്ഞു. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചെന്നൈയിലെ സ്ഥാപനത്തില്‍ തൂക്കം പരിശോധിച്ചത്. നാല് കിലോയുടെ കുറവ് അസ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് ചെന്നൈയിലെ സ്ഥാപനത്തില്‍ എത്തിയത്. ഇതും ദുരൂഹമാണ്. കൂടാതെ ചെന്നൈയിലേക്ക് കൊണ്ടു പോകുമ്പോള്‍ കാര്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്