തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്. 2019-20-നുശേഷം നിയമിച്ചവരെ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ചില മാനേജർമാർ യോഗ്യതയില്ലാത്തവരെ നിയമിച്ചതിനാലാണ് നടപടി. ഇത്തരം മാനേജർമാരെ അയോഗ്യരാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.
കെ–ടെറ്റ് യോഗ്യതയുള്ളവർക്ക് മാത്രമേ സ്ഥാനക്കയറ്റം നൽകാവൂ. അതതു കാറ്റഗറിയിൽ കെ–ടെറ്റ് യോഗ്യത ഇല്ലാതെ ഇതിനോടകം സ്ഥാനക്കയറ്റം നൽകിയവർക്ക്, കെ–ടെറ്റ് പാസായ തീയതി മുതൽ മാത്രം സ്ഥാനക്കയറ്റം അംഗീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ചട്ടവിരുദ്ധമായും സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന മാനേജർമാരെ അയോഗ്യരാക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ നടപടി സ്വീകരിക്കണം.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, എയ്‌ഡഡ് സ്കൂളുകളിൽ 2012 ജൂൺ ഒന്നുമുതൽ 2019-20 അധ്യയന വർഷം വരെ നിയമിതരായ അധ്യാപകരിൽ കെ–-- ടെറ്റ് യോഗ്യത ഇല്ലാത്തവർക്ക് അത് നേടുന്നതിന് 2020–21 അധ്യയന വർഷാവസാനം വരെ സമയം അനുവദിച്ചിരുന്നു. ഇതിനു ശേഷവും മതിയായ യോഗ്യത നേടാത്തവർക്ക് അവസാന അവസരം എന്ന നിലയ്ക്ക് ഒരു പ്രത്യേക പരീക്ഷ നടത്തുകയും ചെയ്തു. കൂടാതെ വർഷം തോറും രണ്ട് കെ-ടെറ്റ് പരീക്ഷ നടത്തുന്നുണ്ട്. അതിനാൽ നിയമിതർക്ക് ഇതിനോടകം പത്തിൽ കുറയാത്ത അവസരങ്ങൾ ലഭിച്ചിട്ടുള്ളതായി സർക്കുലറിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്