കേവലം പതിനാറാം വയസ്സിൽ നാട്ടിലെ പാടവരമ്പത്ത് തൊഴിലാളികളെ സംഘടിപ്പിച്ച്, പതിനേഴാം വയസ്സിൽ പാർട്ടി അംഗമായി, പത്തൊൻപതാം വയസ്സിൽ കേരളത്തിൽ നടത്തിയ പ്രഥമ കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തയാൾ. ആദ്യ ഇഎംഎസ് സർക്കാരിനെ ഉപദേശിക്കാൻ പാർട്ടി നിയമിച്ച ഒൻപതംഗ സമിതിയിലെ ഏറ്റവും പ്രായംകുറഞ്ഞ ചെറുപ്പക്കാരൻ, തുടർന്നുള്ള പതിറ്റാണ്ടുകളിൽ പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി കേരളത്തിന്റെ ഗതിതന്നെ തീരുമാനിച്ചവരിൽ പ്രമുഖൻ. ആയിരം പൂർണചന്ദ്രന്മാരെ കണ്ട ആ വിപ്ലവസൂര്യൻ എന്നന്നേക്കുമായി അസ്തമിച്ചിരിക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തിലേറെയായി പൊതുപരിപാടികളിൽ നിന്നെല്ലാം വിട്ടു നിന്ന് തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വി.എസ്. എന്ന രണ്ടക്ഷരം കേരളം നെഞ്ചോട് ചേർത്തു പിടിച്ചു. ഇനിയുമത് തുടരുകതന്നെ ചെയ്യും.പുന്നപ്രയിൽ വെന്തലത്തറ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് അച്യുതാനന്ദൻ ജനിച്ചു.
ഏതാണ്ട് പത്തുമാസത്തോടടുക്കുമ്പോൾ കേരളത്ത അടിമുടി മുക്കിയ 99ലെ വള്ളപ്പൊക്കം. അച്യുതാനന്ദൻ സഖാവിന്റെ അതിജീവനത്തിന്റെ തുടക്കം അന്നുമുതലായിരുന്നു. അടുത്ത കുരിശ് വസൂരിയുടെ രൂപത്തിലാണെത്തിയത്.
നാട്ടിൽ ആദ്യം വസൂരി പിടികൂടിയത് മാതാവ് അക്കമ്മയെത്തന്നെയാണ്. അതോടെ മക്കളെ അപ്പച്ചിയുടെ വീട്ടിലേക്കു മാറ്റി. ഗംഗാധരനും പുരുഷോത്തമനും അച്യുതാനന്ദനും പിന്നെ ആഴിക്കുട്ടിയും. ഇവരായിരുന്നു മക്കൾ. വസൂരി നാട്ടിലെ മറ്റുപലരേയും എന്നതുപോലെ അക്കമ്മയെയും തട്ടിക്കൊണ്ടുപോയി. കുട്ടികൾ നാലുപേരും പിന്നെ എന്നേക്കും അപ്പച്ചിയുടെ മേൽനോട്ടത്തിലായി.
പിതാവ് മരിക്കുന്നത് അച്യുതാനന്ദന് പതിനൊന്നു വയസ്സുള്ളപ്പോൾ. പിന്നെ പിതാവിന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അന്ന് ഏഴാംക്ലാസ് വിദ്യാർത്ഥിയായിരുന്ന അച്യുതാനന്ദൻ അതോടെ പഠനം അവസാനിപ്പിച്ചു. തുടർന്ന് സഹോദരന്റെ സഹായിയായി കുറെക്കാലം ജവുളിക്കടയിൽ ജോലി നോക്കി. ആ കടയിൽ രണ്ടാൾക്കു ജീവിക്കാനുള്ളത് ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ കയർ ഫാക്ടറിയിലേക്ക്. ആസ്പിൻവാൾ എന്ന അയ്യായിരം തൊഴിലാളികൾ ഉണ്ടായിരുന്ന ആ കമ്പനിയിൽ നിന്നാണ് പി. കൃഷ്ണപിള്ള അച്യുതാനന്ദനിലെ നേതാവിനെ കണ്ടെത്തുന്നത്.
നിവർത്തന പ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായി.
1939ൽ കണ്ണൂർ പാറപ്പുറത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ സമയമായിരുന്നു അത്. പുന്നപ്രയിൽ ആദ്യ അംഗത്വം അച്യുതാനന്ദന്. 1943ൽ ബോംബെയിൽ ആയിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്. അതിനു മുന്നോടിയായി കോഴിക്കോട് നടന്ന സമ്മേളനമായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം എന്നു വിളിക്കാവുന്നത്. അതിൽ പങ്കെടുത്ത ഏറ്റവും ചെറുപ്പക്കാരനായിരുന്നു വി.എസ്. അച്യുതാനന്ദൻ.
ആലപ്പുഴ ആസ്പിൻവാൾ ഫാക്ടറിയിലെ തൊഴിലാളി യൂണിയൻ നേതാവെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് അച്യുതാനന്ദനെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാക്കിയത്. 1944ൽ കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനായി പാർട്ടി നിർദേശാനുസരണം കുട്ടനാട് പ്രവർത്തനമേഖലയായി തിരഞ്ഞെടുത്തു. അധികം വൈകാതെ വി.എസ്സിന്റെ ശ്രമഫലമായി 'തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ' രൂപീകരിക്കപ്പെട്ടു. കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതിന് ഈ പ്രവർത്തനങ്ങൾകൊണ്ട് സാധിച്ചു. പിന്നീട് ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയർതൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു. ആലപ്പുഴ ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ ഉപകരിച്ചു.
പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റിലായ അച്യുതാനന്ദന് കൊടിയ മർദനവും നീണ്ട ജയിൽവാസവും അനുഭവിക്കേണ്ടിവന്നു. ഇന്ത്യ സ്വതന്ത്രമായ 1947 ആഗ. 15ന് അച്യുതാനന്ദൻ ജയിലിലായിരുന്നു. ജയിൽ മോചിതനായെങ്കിലും പിന്നീട് വളരെക്കാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അമ്പലപ്പുഴചേർത്തല ഡിവിഷൻ കമ്മിറ്റി സെക്രട്ടറി ആയി പ്രവർത്തിച്ച അച്യുതാനന്ദൻ 1954ൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1956 മുതൽ പാർട്ടി സെക്രട്ടറിയേറ്റ് അംഗമാണ്.
ഇന്ത്യചൈന യുദ്ധകാലത്തും അടിയന്തിരാവസ്ഥക്കാലത്തും തുടർന്നും നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റുപാർട്ടിയുടെ ദേശീയകൗൺസിൽ യോഗത്തിൽനിന്നും എ.കെ.ജി., ബാസവപുന്നയ്യ, പി.സുന്ദരയ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോന്ന 32 നേതാക്കളുടെ കൂട്ടത്തിൽ അച്യുതാനന്ദനുമുണ്ടായിരുന്നു. തുടർന്ന് 1964ൽ പാർട്ടി പിളർന്ന് സി.പി.ഐ.(എം) രൂപീകരിച്ച കാലംമുതൽ അച്യുതാനന്ദൻ പാർട്ടിയുടെ നേതൃനിരയിൽ സമുന്നത സ്ഥാനം വഹിച്ചുപോന്നു. 1970കളിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ നടന്ന മിച്ചഭൂമി സമരത്തിൽ അച്യുതാനന്ദൻ സജീവമായി പങ്കെടുത്തിരുന്നു. 1980 മുതൽ 1992 വരെ ഇദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുകയുണ്ടായി. 1992 മുതൽ 1996 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായും 1996 മുതൽ 2001 വരെ ഇടതുപക്ഷ ഏകോപന സമിതി കൺവീനറായും 2001 മുതൽ 2006 വരെ പ്രതിപക്ഷ നേതാവായും ഇദ്ദേഹം പ്രവർത്തിച്ചു.
2006ൽ വി.എസിന് സീറ്റ് നൽകാനും പിന്നീട് മുഖ്യമന്ത്രിയാക്കാനും കേരളം മുഴുവൻ ഉയർന്ന പ്രതിഷേധങ്ങൾ. ഒരു നേതാവിനു വേണ്ടി പാർട്ടി നടത്തിയ ആദ്യ തിരുത്തായിരുന്നു ആ സീറ്റുനൽകൽ. 2011ൽ വെറും മൂന്നു സീറ്റു കൂടി കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ ആദ്യ ഭരണത്തുടർച്ച അതാകുമായിരുന്നു.
വി.എസിന്റെ നൂറ്റാണ്ട് കേരളത്തിന്റെ ചരിത്രമാണ്. അത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജീവചരിത്രവുമാണ്. വി.എസിലൂടെയാണ് പാർട്ടിയും കേരളവും അടയാളപ്പെടുന്നത്. ജീവിതകാത്ത്് എന്നും വി.എസ്. ഒരു വിമതനായിരുന്നു. പാർട്ടിയിൽ കേരളത്തിൽ രാജ്യത്തു തന്നെ ഇങ്ങനെ കരളുറപ്പോടെ സംസാരിച്ച മറ്റൊരു നേതാവില്ല. 1988ൽ പാർട്ടി അച്ചടക്ക നടപടി എടുത്തത് അതിരപ്പിള്ളി പദ്ധതിക്ക് എതിരേ സംസാരിച്ചതിനാണ്. അന്നു മുതൽ 2015വരെ അച്ചടക്ക നടപടികളുടെ പെരുമഴ കണ്ടു. പോളിറ്റ് ബ്യൂറോയിൽ നിന്നു വരെ പുറത്തുപോയിട്ടും വി.എസ് പാർട്ടിയിൽ നിന്നു പുറത്തുപോയില്ല.
2011 മുതൽ വീണ്ടും നിയമസഭാ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചുവരുന്നു. 1967, 1970, 1991, 2001, 2006, 2011 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഇദ്ദേഹം എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ദീർഘകാലമായി സി.പി.ഐ.(എം)ന്റെ സെൻട്രൽ കമ്മിറ്റി അംഗം, പോളിറ്റ്ബ്യൂറോ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ചൈന, റഷ്യ, മംഗോളിയ, യു.കെ. തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജിക്കാൻ കഴിഞ്ഞിരുന്നു. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്‌ളാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 'സമരം തന്നെ ജീവിതം' എന്ന ആത്മകഥ ത്യാഗപൂർണമായ ആ ജീവിതത്തിന്റെ സ്പന്ദിക്കുന്ന ഏടുകളാണ്. 'ഇരകൾ വേട്ടയാടപ്പെടുമ്പോൾ', 'നേരിനൊപ്പം എന്നും ജനങ്ങൾക്കൊപ്പം' എന്നീ ലേഖന സമാഹാരങ്ങളും അച്യുതാനന്ദന്റെ കൃതികളാണ്.
സഖവേ, ലാൽസലാം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്