കോട്ടയം: രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ, പാലാ ഈഴവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''കത്തോലിക്കരാണെന്ന് ഞാൻ പറയുന്നില്ല. ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത് അവരാണ്. ഇതാരെയാണ് ചെയ്യുന്നത്. നമ്മളെയും പട്ടികജാതിക്കാരെയും. അതാരാണ് ചെയ്യുന്നത്? ക്രിസ്ത്യൻ വിഭാഗക്കാരെല്ലാവരുമാണെന്ന് പറയാനാവില്ല, കത്തോലിക്കരാണെന്നും പറയാനും സാധിക്കില്ല. ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യാനികളുമായി നോക്കുമ്പോൾ മതപരിവർത്തനത്തിൽ മുസ്‍ലിംകൾ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികൾ കൂട്ടത്തോടെ കുടുംബത്തോടെ തട്ടിക്കൊണ്ടുപോവുകയാണ് നമ്മുടെ ആളുകളെ. ഇതെല്ലാം പറയുമ്പോൾ ക്രിസ്ത്യാനികൾക്ക് എന്നോട് വിരോധം തോന്നിയിട്ട് കാര്യമുണ്ടോ? സത്യം ഞാൻ തുറന്നുപറയുകയല്ലേ? ലൗ ജിഹാദില്ലെന്നല്ല പറയുന്നത്. കുറച്ചേയുള്ളൂ. ഇവിടെ സാമൂഹ്യസത്യങ്ങൾ തുറന്നുപറയാനുള്ള ഇച്ഛാശക്തി വേണം. അതു തുറന്നു പറയുമ്പോൾ നമ്മളെല്ലാം കൊള്ളുകേലാത്തവരും ജാതി മാത്രം പറഞ്ഞുനടക്കുന്നവരുമാകും. കേരളത്തെ സംബന്ധിച്ചിടത്തോളം നമ്മളൊരു കണക്ക് വച്ച് നോക്കുകയാണെങ്കിൽ കോട്ടയം ജില്ലയിൽ 549 സ്കൂളുകളുണ്ട്. കേരളത്തിൽ 7227 സ്കൂളുകളുണ്ട്.
കോളജുകൾ 24 എണ്ണം കോട്ടയത്തുണ്ട്. ഈഴവർക്കുള്ളത് നാമമാത്രമാണ്. ഇതൊരു സാമൂഹ്യനിതീയാണോ എന്ന് ചോദിച്ചാൽ ജോസഫും കേരളാകോൺഗ്രസുമെല്ലാം ഭരിച്ചുഭരിച്ച് നമ്മളെ ഇല്ലാതാക്കിയെന്നു വേണം പറയാൻ.മലപ്പുറം ജില്ലയിൽ ഈഴവ സമുദായത്തിന് ഒരൊറ്റ എയ്ഡഡ് സ്കൂളോ കോളജോ കുടിപ്പള്ളിക്കൂടമോ ഇല്ല. എത്രയോ പ്രാവശ്യം എൻറെ സമുദായത്തിന് വേണ്ടി ഞാൻ കരഞ്ഞുപറഞ്ഞു. ഒരു വിദ്വേഷമല്ല, എൻറെ സമുദായത്തിൻറെ ദുഃഖമാണ്, സങ്കടമാണ്...നിങ്ങൾ തരണേ...തരണേ എന്ന്. കരഞ്ഞുപറഞ്ഞിട്ടു പോലും ഒറ്റെണ്ണം തന്നില്ലെന്ന് മാത്രമല്ല ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും സർക്കാർ കാണിച്ചില്ല. മലപ്പുറത്ത് നാല് നിയോജക മണ്ഡലങ്ങളുണ്ട്. മുസ്‍ലിംകൾ അവിടെ എല്ലാം പിടിച്ചടക്കുമ്പോൾ നമുക്കതിനെക്കുറിച്ച് ചോദിക്കാൻ പോലും അവകാശമില്ല. 11 കോളജാണ് മുസ്‍ലിം സമുദായത്തിന് മലപ്പുറത്തുള്ളത്. സമുദായത്തിനല്ല, ആ സമുദായത്തിലെ സമ്പന്നരുടെ പേരിലാണ് കൊടുത്തിരിക്കുന്നത്. അറബിക് കോളജ് ആറെണ്ണമുണ്ട്. അറബി ഒരു വിഷയമായി എടുത്തിട്ട് ബാക്കിയെല്ലാം ആർട്സ് ആൻഡ് സയൻസ് കോളജ് വിഷയങ്ങളാണ്. അങ്ങനെ 17 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നൂറു കണക്കിന് സ്കൂളുകളുണ്ട്. നമുക്കൊരു കുടിപ്പള്ളിക്കൂടം പോലുമില്ല. നമ്മുടെ കുട്ടികൾക്ക് പഠിക്കണ്ടേ. ഒന്നുമില്ല.ഈ ദുഃഖം ഒരു സങ്കടമായി ഞാൻ പറയുമ്പോൾ അത് സഹതാപത്തോടു കൂടി കണ്ട് അതിന് പരിഹാരമുണ്ടാക്കുന്നതിന് പകരം ഞാനൊരു ജാതിവാദിയാണെന്ന് പറഞ്ഞുകൊണ്ട് എന്നെ ക്രൂശിക്കാൻ നോക്കി.കഴിഞ്ഞ 30 വർഷമായി എസ്‍എൻഡിപിയുടെ കണക്കുകൾ എല്ലാം പരിശോധിക്കുന്നത് റഹിം അസോസിയേറ്റ്സാണ്.
എസ്എൻഡിപിയുടെ കേസെല്ലാം നടത്തുന്നത് കൊല്ലത്തുള്ള നിസാറാണ്. ഈഴവർക്ക് ആളില്ലാത്തതുകൊണ്ടാണോ ഇതെല്ലാം മുസ്‍ലിംകൾക്ക് കൊടുത്തത്. സോദരചിന്തയുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ വർഗീയവാദിയാണെന്നും മുസ്‍ലിം വിരോധിയാണെന്നും പറയുന്നവരുണ്ട്. ഞാനൊരു മുസ്‍ലിം വിരോധിയല്ല. നമ്മുടെ കൂടെ എത്രയോ മുസ്‍ലിംകൾ സഹകരിച്ചുപോരുന്ന കാര്യമാണ് ഞാൻ പറഞ്ഞത്. പക്ഷെ ഈ രാജ്യത്ത് നീതി പങ്കിടുമ്പോൾ അതിനൊക്കെ ഒരു സാമൂഹ്യനീതി വേണം. ഇവിടെതന്നെ കുരിശുമല എത്രയുണ്ട്...480 ഏക്കറുണ്ട്. തങ്ങൾപാറ 300 ഏക്കറുണ്ട്. മുരുകൻമല 25 ഏക്കറുണ്ട്. സർക്കാർ പതിച്ചു കൊടുത്ത കുരിശുമല 450 ഏക്കറാണ്. ഞാനും വെള്ളാപ്പള്ളിയാണ്. രണ്ട് പള്ളിയാണ്, പക്ഷെ കുരിശില്ലാത്ത പള്ളിയായിപ്പോയെന്ന് മാത്രം. കുരിശുള്ള പള്ളിക്കാർക്ക് പതിച്ചുകൊടുത്തത് 450 ഏക്കറാണ്. പാലായിൽ..തങ്ങൾപാറയ്ക്ക് പതിച്ചുകൊടുത്തത് 300 ഏക്കറാണ്. അതുകഴിഞ്ഞിട്ട് ആർക്കും വേണ്ടാത്ത മുരുകൻ മല മാണിസാറിൻറെ ഔദാര്യത്തിൽ 15 ഏക്കർ എസ്എൻഡിപിക്കും 10 ഏക്കർ എസ്എൻ ട്രസ്റ്റിനുമായിട്ട് തന്നു.
ഇതെന്ത് നീതിയാണ്. ഇതു പറയുമ്പോൾ ഞാൻ ജാതി വിരോധിയാണ്. ജാതിചിന്തയുണ്ടാക്കരുത്. ജാതി വിവേചനമാണ് ജാതിയുണ്ടാക്കുന്നത്.വോട്ടുകുത്തുന്ന യന്ത്രങ്ങളായി ഈഴവരും പിന്നാക്കക്കാരും ഇവിടെ അധഃപതിച്ചു. ഈഴവത്തി പെറ്റ ഈഴവനാണെന്ന് പറയാനുള്ള ആർജവം നമുക്ക് നഷ്ടപ്പെട്ടുപോയി. മറ്റ് സമുദായങ്ങളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ആ സമുദായങ്ങൾ സംഘടിച്ച് ശക്തരായി വോട്ടുബാങ്കുകളായി മാറി. ആ വോട്ടുബാങ്കിൻറെ ബലത്തിൽ രാഷ്ട്രീയ ശക്തികളായി മാറി. കേരളാ കോൺഗ്രസിൻറെ ജനകീയ പിന്തുണയാരാണ്, അവരെ നയിക്കുന്നതാരാണ്? അതോടൊപ്പം തന്നെ ലീഗിനെ നയിക്കുന്നത് ആരാണ്. മുസ്‍ലിം ലീഗെന്ന് കേട്ടാൽ മുസ്‍ലിം കൂട്ടായ്മയാണ്. അതിനകത്ത് വേറെയാരെങ്കിലുമുണ്ടോ?'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. നമ്മൾ അങ്ങനെയല്ലേ പെരുമാറുന്നത്. ഒരു മുസ്‍ലിമിനോട് നമുക്ക് വിരോധമുണ്ടോ? ഒരു ക്രിസ്ത്യാനിയോട് വിരോധമുണ്ടോ? ഒരു നായരോട് നമ്മൾ വിദ്വേഷം കാണിക്കാറുണ്ടോ? നമ്മളെല്ലാവരോടും സ്നേഹത്തോടും മര്യാദയോടെയുമാണ് പെരുമാറുന്നതെന്നും വെളളാപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്