തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാ ജോർജിന്‍റെ ആരോപണം നാടകമാണെന്നും വീണാജോർജ് വഞ്ചനയുടെ ആള്‍രൂപമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
ക്യൂബൻ സർക്കാരിന്‍റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്‍റെ ആരോഗ്യ മന്ത്രി ഡല്‍ഹിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യ യാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നല്‍കിയത് മന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇത്തരം നാടകങ്ങള്‍ വീണാ ജോർജിന് പുത്തരിയല്ല. ഇതിന് മുമ്ബ് കുവൈറ്റിലേക്ക് യാത്രാ അനുമതി ലഭിക്കാതെ വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചുവെന്ന് പറഞ്ഞ് ബഹളം വച്ചത് മലയാളികള്‍ മറന്നിട്ടില്ല. വിദേശത്ത് ദുരന്ത മുഖത്ത് കേന്ദ്രസർക്കാരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നിരിക്കെ അധികാരദുർവിനിയോഗം നടത്താനായിരുന്നു അന്ന് മന്ത്രി ശ്രമിച്ചത്.
ആശാ വർക്കർമാരുടെ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന മന്ത്രിയുടെ അലംഭാവത്തെ തുറന്നു കാണിക്കേണ്ട പ്രതിപക്ഷമായ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അടുത്ത ആഴ്ച വീണയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച ജെ.പി. നദ്ദ പക്വമായ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്