കൊച്ചി: എളമക്കര ഭവൻസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ദീക്ഷിതക്ക് അപകടമുണ്ടായ സംഭവത്തിൽ നിർണായക വഴിത്തിരിവ്. ദൃശ്യങ്ങളിൽ കണ്ട കാർ അല്ല കുട്ടിയെ ഇടിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിന്റെ ഹാൻഡിലിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് വ്യക്തമായത്.
സുഭാഷ് നഗർ സ്വദേശിയായ രാജിയാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് ഇടയായ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പുതിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അപകടത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യം വ്യക്തമായത്.
ഈ മാസം 15-ന് വൈകിട്ട് പുതുക്കലവട്ടം അമ്പലത്തിന് സമീപമുള്ള ഹാലിഫാക്സ് എൻക്ലേവ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. പ്രശാന്ത് കുമാറിന്റെ മകൾ ദീക്ഷിതയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പാലാരിവട്ടത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് ദൃശ്യങ്ങളിൽ കണ്ട കിയ സോണറ്റ് കാർ കുട്ടിയെ ഇടിച്ചതായാണ് ആദ്യം കരുതിയിരുന്നത്. അപകടത്തിന് പിന്നാലെ കാർ കുറച്ച് മുന്നോട്ട് നീങ്ങി വേഗം കുറച്ചെങ്കിലും നിർത്താതെ പോയത് സംശയം വർധിപ്പിക്കാൻ ഇടയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
