കൊച്ചിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഷിയാസ്‌ക്കായി വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ് രംഗത്ത്. അവസാന നിമിഷം വരെ സ്ഥാനാർത്ഥിത്വത്തിനായി പരിഗണിക്കപ്പെട്ടവരിൽ ഒരാളായിരുന്ന ദീപ്തി, രണ്ടാം പട്ടികയിൽ ഷിയാസിനെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്തുണ അറിയിച്ചത്.
“കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണം” എന്നാണ് ദീപ്തി മേരി വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചത്. താൻ എൻഡിഎയിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചാരണത്തെയും ദീപ്തി രൂക്ഷമായി വിമർശിച്ചു.
അതേസമയം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് ദീപ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. ‘സർവ്വം ദീപ്തം’ എന്ന പേരിൽ പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു. ഇതിനിടെ കൊച്ചി ബിഷപ്പ് ഹൗസിൽ എത്തി ആന്റണി കാട്ടിപ്പറമ്പിൽനെ കണ്ടതും ശ്രദ്ധേയമായിരുന്നു. സ്ഥാനാർത്ഥിയായാൽ സഭയുടെ പിന്തുണ ഉറപ്പുണ്ടായിരുന്നുവെന്നും, അതിനുള്ള നന്ദി അറിയിക്കാനാണ് സന്ദർശിച്ചതെന്നും ദീപ്തി പറഞ്ഞിരുന്നു.
അതേസമയം, ദീപ്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന് കെ സി വേണുഗോപാൽ പിന്തുണച്ചപ്പോൾ, ഷിയാസിനെ മത്സരിപ്പിക്കണമെന്ന നിലപാടിൽ വി ഡി സതീശൻ ഉറച്ചുനിന്നതായാണ് വിവരം. വിവിധ വശങ്ങൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുത്തതെന്ന് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ അസന്തോഷങ്ങൾ പരിഹരിക്കാമെന്നും, ദീപ്തി പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
