കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് യുഡിഎഫ് തരംഗമല്ല, മറിച്ച് എൽഡിഎഫ് വിരുദ്ധ തരംഗമാണെന്ന് സാബു ജേക്കബ്. പിണറായി വിജയൻ്റെ അഹങ്കാരത്തിനെതിരായ ജനവിധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
“ഈ പരാജയത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ രണ്ട് മുന്നണികൾ മാത്രം നിലനിൽക്കും — എൻഡിഎയും യുഡിഎഫ്ഉം. അത്തരത്തിൽ വന്നാൽ എൻഡിഎയ്ക്ക് കേരളത്തിൽ അധികാരത്തിലെത്താൻ സാധിക്കും. സംസ്ഥാനത്തെ രക്ഷിക്കാൻ എൻഡിഎക്കാണ് കഴിവ്” എന്നും സാബു ജേക്കബ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിന് ആശംസകൾ നേർന്ന അദ്ദേഹം, വാഗ്ദാനങ്ങൾ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. “ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അധികാരത്തിലെത്തുന്ന അതേ മാസം തന്നെ നടപ്പാക്കണം. കഴിഞ്ഞ ഭരണകാലത്ത് ക്ഷേമ പെൻഷൻ ഉയർത്തുന്നതിൽ താമസം സംഭവിച്ചത് ജനങ്ങൾ കണ്ടതാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്വന്റി ട്വന്റി–എൻഡിഎ വോട്ടുകളിൽ കുറവുണ്ടായതായി അദ്ദേഹം സമ്മതിച്ചു. 2021ലെ വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ കുറവ് ഉണ്ടായെങ്കിലും, കഴിഞ്ഞ തവണത്തേക്കാൾ എൻഡിഎയുടെ പ്രകടനം മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
“കൊടുങ്കാറ്റ് പോലെയുള്ള സാഹചര്യമുണ്ടായപ്പോൾ 99 സീറ്റിൽ നിന്ന് 35 സീറ്റിലേക്ക് എൽഡിഎഫ് താഴ്ന്നു. പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ടുകൾ കുറഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഞങ്ങളുടെയും വോട്ട് കുറവ്. എന്നിരുന്നാലും മൂന്ന് സീറ്റുകൾ നേടിയത് നേട്ടമാണ്,” സാബു ജേക്കബ് വ്യക്തമാക്കി.
എൻഡിഎയുമായി സഖ്യം ഉണ്ടാക്കിയതിനെ തുടർന്ന് വിവിധ രീതിയിൽ വിമർശനം നേരിട്ടതായും, പ്രത്യേകിച്ച് ക്രിസ്ത്യൻ മേഖലകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. “സഖ്യം രൂപീകരിച്ച ഉടൻ തെരഞ്ഞെടുപ്പിലേക്കിറങ്ങിയതിനാൽ ആ ആശയക്കുഴപ്പം മാറ്റാൻ സമയം ലഭിച്ചില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
