മല്ലപ്പള്ളി : നാളെ ഞായറാഴ്ച വൈകുന്നേരം ആറ് മണി മുതൽ പുന്നവേലി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ വെച്ച് 'യാഹെൻ സംഗീതം' എന്ന പേരിൽ നടത്തപ്പെടുന്ന സംഗീത സായാഹ്നത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ജീവിതം ദൈവസ്തുതികൾക്കായി സമർപ്പിച്ച ക്രൈസ്തവ സംഗീത ലോകത്തെ പ്രമുഖർക്ക് ആദരം അർപ്പിക്കുന്നതിനായി ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഒരു ഗാനസന്ധ്യയ്ക്കാണ് പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവക ഗായകസംഘം വേദിയൊരുക്കുന്നത്. 'യാഹെൻ സംഗീതം' സംഗീത സംഗമം കരുതലിന്റെയും കടപ്പാടിന്റെയും ഹൃദയാഞ്ജലിയാണ്.
ആശയസമ്പുഷ്ടമായ വരികളിലൂടെയും അമരമായ ഈണങ്ങളിലൂടെയും തലമുറകളെ സ്വാധീനിച്ച പി. ഡി. ജോൺ, നൈനാൻ കെ. പുന്നവേലി എന്നിവരെ ആദരിക്കുന്നതോടൊപ്പം അവരുടെ അവിസ്മരണീയമായ ഗാനങ്ങളും, ഹൃദയം തൊടുന്ന ജീവിതാനുഭവങ്ങളും ഉൾകൊള്ളിച്ചാണ് ഈ സംഗീത സായാഹ്നം ക്രമീകരിക്കുന്നത്. ആധുനിക കാലഘട്ടത്തിന് വഴിവിളക്കായി മാറിയ ആത്മീയ ഗാന ശാഖയ്ക്ക് അടിത്തറ പാകിയ പി. ഡി. ജോണിന്റെയും, ആഴമേറിയ വിശ്വാസവും സമർപ്പണവും ഉള്ള സംഗീതം കൊണ്ട് നാടിനും ഇടവകയ്ക്കും അഭിമാനമായ നൈനാൻ കെ. പുന്നവേലിയുടെയും സംഗീത സപര്യയ്ക്കുള്ള സമർപ്പണമാണ് 'യാഹെൻ സംഗീതം'. ഈ സായാഹ്ന സംഗമത്തിൽ ഇരുവരും അനുഭവങ്ങൾ പങ്കിടുന്നതും ഗാനരചനകളുടെ പശ്ചാത്തലം വിവരിക്കുന്നതുമാണ്.
പ്രശസ്ത സംഗീതജ്ഞനും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വൈദികനുമായ റവ. ഫാ. സേവേറിയോസ് തോമസ് ഉദ്ഘാടനം നിർവഹിക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ റവ. ഉമ്മൻ കെ. ജേക്കബ് സന്ദേശം നൽകും. റവ. ഫാ. സേവേറിയോസ് തോമസ്, റവ. ഉമ്മൻ കെ. ജേക്കബ് എന്നിവരെ കൂടാതെ ഇടവക ഗായകസംഘവും, മല്ലപ്പള്ളി മേഖല ക്ലെറോസ് ഗായക സംഘവും ഗാനങ്ങൾ ആലപിക്കും. സ്മരണികയുടെ പ്രകാശനം ഡി. എസ്. എം. & സി. മുൻ ഡയറക്ടർ റവ. ജോൺ മത്തായി നിർവഹിക്കും. ഇടവക അംഗങ്ങളായ റവ. തോമസ് മാത്യു, റവ. നിതിൻ പി. ഷിബു എന്നിവരും മല്ലപ്പള്ളി സെന്ററിലും പുന്നവേലി എക്യുമെനിക്കൽ കൂട്ടായ്മയിലും ഉൾപ്പെട്ട വൈദികരും സംബന്ധിക്കും.
റവ. സുനിൽ ജോർജ് മാത്യു (പ്രസിഡന്റ്), നൈനാൻ കെ. പുന്നവേലി (ക്വയർ മാസ്റ്റർ), എലിസബേത്ത് ചെറിയാൻ (വൈസ് പ്രസിഡന്റ്), മാത്യു ജോർജ് (സെക്രട്ടറി), ജോബി ജോയി മാത്യു (പ്രോഗ്രാം കൺവീനർ), രേഷ്മ ജോൺ (ജോയിന്റ് ലീഡർ), അനു എ. സാമുവേൽ (ട്രഷറർ), സോജ സജി (കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി), ലെനി വി. പോൾ (കൺവീനർ, റിസപ്ഷൻ കമ്മിറ്റി), ഷിബു വി. മാത്യു (കൺവീനർ, ലോജിസ്റ്റിക് കമ്മിറ്റി) എന്നിവരടങ്ങിയ സംഘാടക സമിതി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. സംഗീതരംഗത്ത് സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തിയവരെ ആദരിക്കുന്ന ഈ സംഗീത സായാഹ്നത്തിന്റെ ഭാഗമായി മാതൃകാപരമായ കാരുണ്യ പ്രവർത്തനങ്ങൾക്കും ഗായക സംഘം നേതൃത്വം നൽകുന്നുണ്ടെന്ന് പ്രസിഡന്റ് റവ. സുനിൽ ജോർജ് മാത്യു, സെക്രട്ടറി മാത്യു ജോർജ്, ട്രഷറർ അനു എ. സാമുവേൽ, കൺവീനർ ജോബി ജോയി മാത്യു എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
