തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ വിഗ്രഹം തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. രാമായണമാസത്തിന്റെ ആദ്യദിനത്തിൽ കന്യാകുമാരിയിൽ നിന്ന് ശുചീന്ദ്രം വഴി ആചാരാനുഷ്ഠാനങ്ങളോടെയാണ് വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. തുടർന്ന് വൈകിട്ടോടെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു.
12 രാശികളെയും 12 സൂര്യന്മാരെയും സങ്കൽപ്പിച്ചും 27 നക്ഷത്രങ്ങളുടെ പ്രതീകമായും 27 അടി ഉയരത്തിലാണ് ഹനുമാൻ വിഗ്രഹം നിർമിച്ചിരിക്കുന്നത്. ഹനുമാന്റെ സഹോദരന്മാരായി വിശേഷിപ്പിക്കപ്പെടുന്ന ഗതിമാൻ, ശ്രുതിമാൻ, മതിമാൻ, കേതുമാൻ, ധൃതിമാൻ എന്നിവരുടെ വിഗ്രഹങ്ങൾക്കൊപ്പമാണ് ഹനുമാനെയും പ്രതിഷ്ഠിച്ചിരിക്കുന്നത്.
ആത്മീയ സങ്കൽപ്പമനുസരിച്ച്, നല്ല വഴിയിലൂടെ സഞ്ചരിക്കാൻ ഗതിമാൻ, നല്ലത് പറയാനും സ്വീകരിക്കാനും ശ്രുതിമാൻ, അത്യാഗ്രഹമില്ലാതെ സംതൃപ്തിയോടെ ജീവിക്കാൻ മതിമാൻ, നല്ലത് കേൾക്കാൻ കേതുമാൻ, അലസതയില്ലാതെ കാര്യങ്ങൾ വേഗത്തിൽ നിർവഹിക്കാൻ ധൃതിമാൻ എന്നിവരാണ് പ്രതീകങ്ങൾ. ഇവയ്ക്കെല്ലാം മുകളിലായി ശക്തിയുടെയും ഭക്തിയുടെയും പ്രതീകമായാണ് ഹനുമാൻ വിരാജിക്കുന്നത്.
ബ്രഹ്മപുരാണത്തിൽ പരാമർശിക്കുന്ന കേസരിയുടെ ആറു പുത്രന്മാരെയും ഒരുമിച്ച് പ്രതിഷ്ഠിച്ചിരിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രം എന്ന വിശേഷണവും പൗർണമിക്കാവ് ക്ഷേത്രത്തിന് ലഭിച്ചതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
