ചെന്നൈ: ഓണക്കാലത്ത് സ്‌പെഷല്‍ ട്രെയിനെന്ന പേരില്‍ റെയില്‍വേ നടത്തുന്ന പ്രഹസനത്തില്‍ വീണ്ടും മലയാളികളുടെ യാത്രാ പ്രതീക്ഷകള്‍ മങ്ങി. ഓണത്തിരക്ക് കുറയ്ക്കാനെന്ന പേരില്‍ കേരളത്തിന്റെ തെക്കോട്ടും വടക്കോട്ടും റെയില്‍വേ ശനിയാഴ്ച രാത്രി പ്രഖ്യാപിച്ച സ്‌പെഷല്‍ ട്രെയിന്‍ ഓടിയത് കാലിയായി. സ്ഥിരം ട്രെയിനുകളില്‍ നൂറുകണക്കിനു ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റില്‍ കിടക്കുമ്പോഴാണ് സ്‌പെഷല്‍ ട്രെയിനുകള്‍ യാത്രക്കാരില്ലാതെ ഓടിയത്. സ്‌പെഷല്‍ ട്രെയിനുകള്‍ നേരത്തേ പ്രഖ്യാപിക്കണമെന്ന ചെന്നൈ മലയാളികളുടെ നിരന്തര ആവശ്യത്തിന് പുല്ലുവില കല്‍പിക്കുന്ന സമീപനം ഇത്തവണയും മാറ്റമില്ലാതെ റെയില്‍വേ തുടര്‍ന്നുവെന്നാണ് ആരോപണം.
ചെന്നൈ സെന്‍ട്രലില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.45നു തിരുവനന്തപുരം നോര്‍ത്തിലേക്കു പുറപ്പെട്ട ട്രെയിനില്‍ 800ലേറെ സീറ്റുകളാണു ബാക്കിയായത്. കാട്പാടി, സേലം, നാമക്കല്‍, കരൂര്‍, മധുര, കൊല്ലം വഴി സര്‍വീസ് നടത്തിയ ട്രെയിന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമായിരുന്നു. എന്നാല്‍, ട്രെയിന്‍ പുറപ്പെടുന്നതിനു തലേന്നു രാത്രി 9നു ശേഷമാണു സ്‌പെഷല്‍ ട്രെയിന്‍ സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഒരാഴ്ച മുന്‍പെങ്കിലും അറിയിച്ചിരുന്നെങ്കില്‍, ഒട്ടേറെ പേര്‍ക്കു സുഗമമായി നാട്ടിലെത്താന്‍ സാധിക്കുമായിരുന്നു.
ഇതിനൊപ്പം പ്രഖ്യാപിച്ച, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ വഴി കടന്നു പോകുന്ന വില്ലുപുരംഉധ്‌ന സ്‌പെഷല്‍ ട്രെയിനിലും സമാനമായ സ്ഥിതിയാണ്. ഇന്ന് ഉച്ചയ്ക്കു 12.34നു താംബരത്ത് നിന്നു പുറപ്പെടുന്ന ട്രെയിനില്‍ ഇന്നലെ വൈകിട്ട് വരെ 500ലേറെ ടിക്കറ്റുകള്‍ ബാക്കിയാണ്. ചെന്നൈയില്‍ എഗ്മൂര്‍, പെരമ്പൂര്‍ എന്നിവിടങ്ങളിലും കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്.
നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാര്‍ നിറയേണ്ടതായിരുന്നു. ടിക്കറ്റ് കിട്ടാനില്ലാത്തതിനാല്‍ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നു മലബാറിലേക്കുള്ള പതിനായിരക്കണക്കിനു പേര്‍ ചിന്തിച്ചു വലയുമ്പോഴാണു ട്രെയിന്‍ കാലിയായി ഓടുന്ന അവസ്ഥ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്