കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഇന്നറിയാം. രഹസ്യ ബാലറ്റിലൂടെ ഇന്നലെ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. പേര് വത്തിക്കാന്റെ അനുമതിക്കായി വിട്ടിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 4.30 നും ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 നും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. വത്തിക്കാനിലും സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് സമ്മേളനത്തിലും ഒരേ സമയമായിരിക്കും പ്രഖ്യാപനം നടക്കുക. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിറോ മലബാര്‍ സഭയ്ക്ക് പുതിയ അധ്യക്ഷന്‍ വരുന്നത്. 53 ബിഷപ്പുമാരാണ് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു വോട്ട് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. ആദ്യ മൂന്ന് റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാലാ രൂപത ബിഷപ്പിന് ലഭിച്ചെന്നാണ് സൂചന.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഒരു വിഭാഗവുമായി വര്‍ഷങ്ങളോളം നീണ്ട് നിന്ന ഏറ്റുമുട്ടലിനുമൊടുവില്‍ പടിയിറങ്ങിയ കര്‍ദ്ദിനാള്‍ മാര്‍ ജോജ്ജ് ആലഞ്ചേരിയുടെ പിന്‍ഗാമിയെ കണ്ടെത്താനാണ് സിനഡ് സമ്മേളിച്ചത്. സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് ജനുവരി 13 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താന്‍ ആറ് റൗണ്ട് വോട്ടെടുപ്പാണ് നടന്നത്. പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, തലശേരി ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി, താത്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ടായിരുന്നു.
കുര്‍ബാന പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന എറണാകുളം അങ്കമാലി അതിരൂപതിയലെ വൈദികരെ സഭാ നേതൃത്വത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതടക്കം നിരവധി വെല്ലുവിളികള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കാത്തിരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്