തെരഞ്ഞെടുപ്പിന്റെ മൂടൽ മഞ്ഞ് പടരുന്നു; ജനകീയ പ്രശ്‌നങ്ങൾ കാണാതെ രാഷ്ട്രീയ പാർട്ടികൾ !

JANUARY 17, 2024, 8:26 PM

ലോകസഭാ ഇലക്ഷൻ പടിവാതിൽക്കൽ എത്തിനിൽക്കെ, രാഷ്ട്രീയപാർട്ടികളും നേതാക്കളും ചേർന്ന് ''അവിടെ പാലു കാച്ചൽ, ഇവിടെ താലികെട്ട്'' എന്ന ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലെ കേരളം പൂരപ്പറമ്പാക്കിക്കഴിഞ്ഞു. വീടുകളിലും കടകളിലും വാഹനങ്ങളിലുമെല്ലാമായി കേരളത്തിൽ മനുഷ്യ ജീവനുകൾ, ''പഴുത്തു പോയ പൂവൻ പഴം'' പോലെ അടർന്നു വീഴുന്നു. ഭരണ മുന്നണി ഡെൽഹിയിൽ പോയി സമരം നടത്താനുള്ള തത്രപ്പാടിലാണ്. ഡെൽഹിയിൽ തൊട്ടടുത്തു നിൽക്കുന്നവനെപോലും കാണാത്ത വിധത്തിൽ മൂടൽ മഞ്ഞാണിപ്പോൾ.

ഫെബ്രുവരി 8 ആകുമ്പോഴേയ്ക്കും മഞ്ഞുകാലം മാറുമെന്ന കണക്കു കൂട്ടലാണ് ഭരണമുന്നണി നേതാക്കൾക്കുള്ളത്. യു.ഡി.എഫ്. ഡെൽഹിയിൽ പോയി മോദിക്കെതിരെ സമരം നടത്താനില്ലെന്ന് പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ സാമ്പത്തികക്കുഴപ്പങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാർ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും കാരണമായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പച്ചയ്ക്ക് പറഞ്ഞു കഴിഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണത്തിൽ കഴമ്പില്ലാതെയില്ല. കാരണം സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനു നിർദ്ദേശങ്ങൾ നൽകാൻ നിയോഗിച്ച പബ്ലിക് എക്‌സ്‌പെൻഡിച്ചർ കമ്മിറ്റിയുടെ ചെയർമാൻ ടി. നാരായണയുടെ കണ്ടെത്തലിൽ തന്നെ കേരള സർക്കാർ പ്രതിക്കൂട്ടിലാണ്.

ഐ.ജി.എസ്.ടി. പിരിക്കാത്തതുകൊണ്ട് 5 വർഷം കൊണ്ട് 25,000 കോടി രൂപ സംസ്ഥാന സർക്കാരിനു നഷ്ടപ്പെട്ടുവെന്നാണ് നാരായണയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം. സമിതിക്ക് പ്രവർത്തിക്കാനുള്ള സൗകര്യങ്ങളൊന്നും സർക്കാർ ഒരുക്കാതിരുന്നിട്ടും നാരായണ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുവരെയും സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. നാരായണ ചെയർമാൻ സ്ഥാനം രാജിവയ്ക്കാതെ തന്നെ ബാംഗ്ലൂരിലേക്ക് മടങ്ങി പുതിയ ജോലി തുടങ്ങിക്കഴിഞ്ഞു. നാരായണ ചില്ലറക്കാരനല്ല. 40 വർഷമായി കേരളസർക്കാരിന്റെ വിവിധ സാമ്പത്തികാസൂത്രണ പദ്ധതികളുമായി ബന്ധപ്പെട്ട് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കേട് പറ്റുന്ന കണക്ക് പുറത്തു പറയില്ല !

തെരഞ്ഞെടുപ്പ് ആസന്നമായതോടെ സർക്കാരിന്റെ പ്രശസ്തിക്ക് കോട്ടം വരുന്ന റിപ്പോർട്ടുകളെല്ലാം പുറത്തുവിടാതെയിരിക്കാൻ സെക്രട്ടറിയേറ്റിൽ കനത്ത ജാഗ്രതയാണ്. ദുരിതാശ്വാസനിധിയുടെ വിതരണക്കണക്കു പോലും വിവരാവകാശ കമ്മീഷണറുടെ ഓഫീസ് പുറത്തു വിടുന്നില്ല. എല്ലാ  ദിവസവും വൈകുന്നേരം സംസ്ഥാനത്തെ പകർച്ചവ്യാധി മൂലമുള്ള മരണങ്ങളുടെ കണക്ക് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ജനുവരി 11 നു ശേഷം ഈ കണക്കും രഹസ്യമായി സൂക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്. വിദ്യാഭ്യാസ വകുപ്പ് രണ്ടു വർഷമായി ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മേൽ അടയിരിക്കുകയാണ്. തസ്തിക നിർണ്ണയം നടക്കാത്തതു മൂലം 1618 വർഷത്തെ ശമ്പളം വരെ കുടിശ്ശികയായുള്ള അധ്യാപകരുണ്ട്.

അധ്യാപകരെയും അനധ്യാപകരെയും പുനഃക്രമീകരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി ജനുവരി 16ന് പത്ര സമ്മേളനത്തിൽ അറിയിച്ചുവെങ്കിലും, ഇത്തവണയും ധനവകുപ്പ് കനിയാതെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവില്ല. യഥാർത്ഥത്തിൽ തസ്തിക നിർണ്ണയം കഴിഞ്ഞ നാല് വർഷമായി മുടങ്ങിയിരിക്കുകയാണ്. രണ്ടുവർഷം കോവിഡിന്റെ പേരിൽ ചുമത്താമെങ്കിലും വിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം ചെലവഴിക്കാത്ത രീതി ധനവകുപ്പ് തുടരുകയാണ്. ഉച്ചക്കഞ്ഞിയടക്കമുള്ള 'ചെലവ് കാ' കൊടുക്കാതെ കുടിശ്ശിക വരുത്തുകയാണ് ധനവകുപ്പ്. റേഷൻ പോലും മുടങ്ങാൻ പാകത്തിലാണ് ധനവകുപ്പിന്റെ പോക്ക്. റേഷൻ വിഭവങ്ങൾ കടകളിൽ എത്തിച്ചതിന്റെ കൂലി നൽകാത്തതിനാൽ മുടങ്ങിയ റേഷൻ വിതരണം നവംബർ വരെയുള്ള കുടിശ്ശിക തീർത്തതോടെ പുനരാരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വന്യ മൃഗങ്ങൾ ആക്രമിച്ചതിന്റെ പേരിലുള്ള നഷ്ടപരിഹാരം പോലും മുടങ്ങിയിട്ട് വർഷങ്ങളായി. ഈ ഇനത്തിൽ കുടിശ്ശികയായി നൽകാനുള്ളത് 15 കോടിയാണ്. കർഷകരുടെ റബർ സബ്‌സിഡി, പമ്പിങ്ങ് സബ്‌സിഡി, കാരുണ്യ പദ്ധതിയനുസരിച്ച് സ്വകാര്യ ആശുപത്രികൾക്കുള്ള പണം, ഭിന്നശേഷിക്കാരുടെയും, ശ്രവണശേഷി ഇല്ലാത്തവരുടെയും ക്ഷേമപദ്ധതികൾക്കുള്ള ഫണ്ട് തുടങ്ങി നിരവധി മേഖലകളിൽ കുടിശ്ശിക വന്നിട്ടുണ്ട്. ഇതിനിടെ അക്കൗണ്ടിൽ കോടികളുണ്ടായിട്ടും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ വാങ്ങി നൽകാത്ത
കെ.എം.എസ്.സി.എല്ലിനെ പോലെയുള്ള ഏജൻസികളുടെ കള്ളക്കളികളുമുണ്ട്.

ഭരണതലത്തിലെ പിടിപ്പുകേടുകളും പിൻവാതിൽ നിയമനങ്ങളും സ്വജനപക്ഷപാതവുമെല്ലാം തെരഞ്ഞെടുപ്പ് വേളയിൽ മറച്ചുവയ്ക്കാനും എല്ലാ കുറ്റവും കേന്ദ്രസർക്കാരിൽ പഴിചാരാനുമാണ് മുഖ്യമന്ത്രി നയിക്കുന്ന ഡെൽഹി സമരമെന്നു ജനത്തിനറിയാം. ഇങ്ങനെ 'സമരവും ഭരണവും' നടത്താൻ ഇടതു കക്ഷികൾക്ക് അറിയാമെന്ന് ആലപ്പുഴയിലെ വിമത നേതാവ് ജി. സുധാകരൻ വരെ പറഞ്ഞു കഴിഞ്ഞു. എം.ടി.യെ മുന്നിൽ നിർത്തിയുള്ള സാഹിത്യകാരന്മാരുടെ 'ഷോ'യിലും സുധാകരന് എതിർപ്പുണ്ട്. സുധാകരന്റെ ശത്രു സജി ചെറിയാനാകട്ടെ എം.ടിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളുടെ മുമ്പിൽ തടിതപ്പി.

ഇങ്ങനെയൊക്കെ തല്ലാമോ, യൂത്തിന്റെ പുതിയ മുദ്രാവാക്യം

vachakam
vachakam
vachakam

യൂത്തുകോൺഗ്രസുകാരെ തല്ലി ഇഞ്ചപ്പരുവമാക്കാൻ മേലാവിൽ നിന്ന് ഓർഡറുണ്ടെന്ന മട്ടിലാണ് കേരളാ പൊലീസിന്റെ പെരുമാറ്റം. ആലപ്പുഴയിലെ യൂത്തു കോൺഗ്രസിന്റെ ജില്ലാ നേതാക്കളെ തലയ്ക്കും കഴുത്തിനും 'സൊയമ്പൻ അടി' നൽകിയ കേരളാ പൊലീസിന് ഗുഡ് സർവീസ് എൻട്രിയല്ല അതിലും വലിയ ബഹുമതി കാത്തിരിപ്പുണ്ടാവാം. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ 'ഇടതു പ്രിയ' നായ കന്റോൺമെന്റ് സി.ഐയെ തന്നെ നിയോഗിച്ചതെല്ലാം രാഹുൽ പീഡന പർവത്തിന്റെ തിരക്കഥയൊരുക്കിയവർ ശ്രദ്ധിച്ചതും എത്ര ജാഗ്രതയോടെയാണ് !

അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച രാഹുൽ താരമായതിലൊന്നും പിണറായിപ്പോലീസിനു വിഷമമേയില്ല. ഇനി, ബിഷപ്പ് യോഹന്നാന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്തു കോൺഗ്രസ് ജില്ലാ നേതാക്കളിൽ ആരെങ്കിലും രക്തസാക്ഷികളായാലും സി.പി.എം. പിടിച്ചു നിൽക്കും. ഗോവിന്ദനും ഇ.പി.യുമെല്ലാം അത്തരം പൊലീസ് അതിക്രമങ്ങൾ ന്യായീകരിക്കാനുള്ള പ്രസംഗം ഇപ്പോഴേ എഴുതിവച്ചിട്ടുണ്ട്. ഏ.കെ.ജി. സെന്ററിന്റെ മേൽവിലാസത്തിലാണ് മുഖ്യമന്ത്രിയുടെ മകളുടെ 'ബിസിനസ്' രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും അതിനെക്കുറിച്ചൊന്നും കമാന്നു മിണ്ടാതെ ശൂരവീരപരാക്രമിയായ ഗോവിന്ദൻമാഷ് മാധ്യമങ്ങൾക്കു മുമ്പിൽ ഇല്ലാത്ത 'സിക്‌സ് പായ്ക്ക്' ഉണ്ടെന്ന മട്ടിൽ നടത്തുന്ന ന്യായീകരണങ്ങൾ കേരളം കണ്ട ഏറ്റവും വലിയ തടിതപ്പലാണ്.

മലൈക്കോട്ട വാലിബെൻ തിയറ്ററിൽ, കേരളാ വാലിബൻ നിയമസഭയിൽ

അടുത്ത ആഴ്ചക്കുറിപ്പ് എഴുതുന്ന ബഹളത്തിലായിരിക്കും നിയമസഭാ സമ്മേളനം തുടങ്ങുക. അന്ന് മോഹൻലാലിന്റെ മലൈക്കോട്ട വാലിബൻ തിയറ്ററിലെത്തും. നിയമസഭയിൽ 'കേരളാ വാലിബൻ' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി സർക്കാർ എഴുതിക്കൊടുത്ത നയം പ്രഖ്യാപിക്കുമ്പോൾ എന്തെല്ലാം കോലാഹലമുണ്ടാകുമോ ആവോ? ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിലുള്ള മഞ്ഞുരുകിയിട്ടില്ലെന്ന് നെടുമ്പാശ്ശേരി എയർപോട്ടിലെ പ്രധാനമന്ത്രിയുടെ സ്വീകരണവേള തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മദ്ധ്യേ ''ഞാൻ ഈ നാട്ടുകാരനല്ല'' എന്ന മട്ടിലായിരുന്നു ഗവർണറുടെ ഇടം തിരിഞ്ഞുള്ള നിൽപ്പ്. പ്രധാനമന്ത്രിയാകട്ടെ, ഗവർണറോട് അധികം സംസാരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയോട് 'തോനെ വർത്താനം' പറഞ്ഞതായിട്ടാണ് കോട്ടയം അച്ചായന്റെ പത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ സന്ദർശനം അപ്രതീക്ഷിതമാണെന്ന് ഇതേ വാർത്തയിലുണ്ട്. എന്നാൽ കേരളത്തിൽ കേന്ദ്ര സർക്കാർ പണമിറക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ സി.പി.എമ്മിന്റെ യാത്രാ ഷെഡ്യൂളിൽ ഉണ്ടായിരിക്കെ, പിണറായിക്ക് വരാതിരിക്കാനാകുമോ? ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന്റെ 'ആണ്ട് ചാത്ത'ത്തിനു (വാർഷിക അനുസ്മരണം) പോകാനിരുന്ന പിണറായി അവസാന നിമിഷത്തിൽ കൽക്കത്താ സന്ദർശനം റദ്ദാക്കുകയായിരുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗവും മാറ്റിവച്ചിട്ടുണ്ട്. തൃശൂരും കൊച്ചിയും മോദി കീഴടക്കിയെന്നെല്ലാം പറയാമെങ്കിലും വോട്ട് കുത്തുന്ന കാര്യം വരുമ്പോൾ മലയാളികൾ ഇതെല്ലാം ഓർമ്മിക്കുമോ ആവോ?

സുരേഷ് ഗോപിക്ക് ഡെൽഹിയിലുള്ള പിടികണ്ടോ?

'എനിക്ക് ഡെൽഹിയിലുമുണ്ടെടോ, പിടി' എന്ന സിനിമാ ഡയലോഗ് മമ്മൂട്ടിയുടേതാണെങ്കിലും, ആ 'പിടി' വച്ച് സൂപ്പർ താരങ്ങളെ ആന എഴുന്നള്ളിപ്പ് പോലെ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് സുരേഷ് ഗോപിക്ക് കിട്ടിക്കഴിഞ്ഞു. പാർട്ടി നോക്കാതെയുള്ള സിനിമാ സൗഹൃദത്തിന്റെ നേർ സാക്ഷ്യമായി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം. ഇതിനിടെ തൃശൂർ ലൂർദ്ദ് കതീഡ്രലിൽ മാതാവിന്റെ തിരുസ്വരൂപത്തിൽ ചാർത്തിയ തങ്കക്കിരീടം നിലത്തുവീണ് തകർന്നതിൽ സി.പി.എമ്മിന്റെ സൈബർ കടന്നലുകൾ നടത്തിയ കുന്തളിപ്പ് അരോചകമായി. മറ്റ് മതങ്ങളെ ആദരിക്കുന്നതിൽ എന്തിനാണ് ഇടതന്മാർക്ക് ഇത്ര കലി?

പാവം ചിത്രാമ്മേ, മാപ്പ് !

പച്ച വെള്ളം ചവച്ചു കുടിക്കുന്ന പാവമാണ് കെ.എസ്. ചിത്ര എന്ന പാട്ടുകാരി. അയോധ്യയുടെ പേരിൽ ചിത്രയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സി.പി.എമ്മിന്റെ സൈബർ പോരാളികൾ നടത്തിയ കടന്നാക്രമണവും നീചമാണെന്നേ പറയാനാവൂ. ഓരോ വ്യക്തിക്കും ഏതു മതത്തിലും വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനുമുള്ള സ്വാതന്ത്ര്യം ഭാരത പൗരന്മാർക്കില്ലേ? പുതിയ പാഠ പുസ്തകത്തിൽ മന്ത്രി ശിവൻകുട്ടി ചേർത്ത ഭരണഘടനാ വാചകങ്ങളിൽ ഈ സ്വാതന്ത്ര്യം എഴുതിച്ചേർത്തിട്ടില്ലേ?

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam