വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷന്‍ സെപ്തംബര്‍ മൂന്ന് ബുധനാഴ്ച ചുമതലയേല്‍ക്കും.തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ രാവിലെ പതിനൊന്നിനു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങും കമ്മീഷന്‍ അംഗങ്ങള്‍ക്കുള്ള ആശംസാ സമ്മേളനവും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.
മുന്‍ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലടക്കം പല മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച കെ സോമപ്രസാദ് ചെയര്‍പേഴ്സണായ അഞ്ചംഗ കമ്മീഷനാണ് ബുധനാഴ്ച സ്ഥാനമേല്‍ക്കുന്നത്.
ശ്രീ. സോമപ്രസാദിനു പുറമെ, വയോജനക്ഷേമ പ്രവര്‍ത്തനങ്ങളിലെ നേതൃസ്വരമായി കാല്‍ നൂറ്റാണ്ടോളമായി പ്രവര്‍ത്തിച്ചു പോരുന്ന, സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയായ അമരവിള രാമകൃഷ്ണന്‍, വനിതാ കമ്മീഷന്‍ അംഗമെന്ന നിലയിലും സാമൂഹ്യപ്രവര്‍ത്തകയെന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകള്‍ക്കുടമയായ ശ്രീമതി ഇ എം രാധ, ഗ്രന്ഥകാരനും സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ കെ എന്‍ കെ നമ്പൂതിരി (കെ എന്‍ കൃഷ്ണന്‍ നമ്പൂതിരി), സര്‍വ്വാദരണീയനായ മുന്‍ കോളേജ് അധ്യാപകനും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം, കുസാറ്റ് – എം ജി സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗം തുടങ്ങി നിരവധി നിലകളില്‍ മികച്ച പാരമ്പര്യമുള്ള പൊതുപ്രവര്‍ത്തകനായ പ്രൊഫ. ലോപസ് മാത്യു എന്നിവരാണ് പ്രഥമ കേരള സംസ്ഥാന വയോജന കമ്മീഷന്‍ അംഗങ്ങളായി സ്ഥാനമേല്‍ക്കുക.
വയോജനങ്ങളുടെ ക്ഷേമവും അവകാശവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വയോജനങ്ങളുടെ പുനരധിവാസത്തിന് സഹായങ്ങള്‍ ലഭ്യമാക്കാനുമാണ് കമ്മീഷന്‍ നിലവില്‍ വരുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസം സംബന്ധിച്ച് വര്‍ദ്ധിച്ചു വരുന്ന ആശങ്കകള്‍ അഭിസംബോധന ചെയ്യാനുള്ള കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്