പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റ് നാടും നഗരവും

DECEMBER 31, 2024, 7:57 PM

കൊച്ചി: ആര്‍പ്പുവിളികളോടെയും ആഘോഷങ്ങളോടെയും പുതുവര്‍ഷത്തെ വരവേറ്റ് നാടും നഗരവും. ലോകത്ത് ഉടനീളമുള്ള ജനങ്ങളെല്ലാം സംഗീതനൃത്ത പരിപാടികളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് 2025 നെ വരവേല്‍ക്കുന്നത്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കോവളം, വര്‍ക്കല തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, നഗരത്തിലെ മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു.

അതേസമയം, പസഫിക് സമുദ്രത്തിലെ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപുകളില്‍ പുതുവത്സരം. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.

പുതുവത്സരദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷരാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്.

നമ്മള്‍ 2025-ലേക്ക് കടക്കുകയാണ്. 2024-ന് തിരശ്ശീല വീഴുകയാണ്. കഴിഞ്ഞുപോയ വര്‍ഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. എന്നാല്‍, എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് നമുക്ക് വേണ്ടത്. 2025 പ്രതീക്ഷകള്‍ നിറയുന്ന ഒരു വര്‍ഷമാണ്. ഈ വര്‍ഷത്തില്‍ ഒരുപാട് നന്മകള്‍ ചെയ്യാന്‍, നമുക്ക് ചുറ്റിലുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍, ഒരുപാട് നന്മചെയ്യാന്‍ സാധിക്കുന്ന ഒരു വര്‍ഷമായി മാറട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആശംസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam