കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുമ്പിൽ അതിജീവിത സമരം ആരംഭിക്കും. പ്രതികളായ ജീവനക്കാർക്ക് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ചാണ് സമരം.
2023 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയിലായിരുന്ന യുവതിയെ അറ്റൻഡറായിരുന്ന എം എം ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയെ സംരക്ഷിക്കാൻ ഭരണാനുകൂല സംഘടനയിൽപ്പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നാരോപിച്ച് അതിജീവിത നേരത്തേ സമരത്തിന് ഇറങ്ങിയിരുന്നു.
ഇതിന് പിന്നാലെ ശശീന്ദ്രനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു നടപടി സ്വീകരിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ച പ്രതികൾക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ സാഹചര്യമൊരുക്കിയെന്നാണ് ആരോപണം. ട്രൈബ്യൂണലിന് മുന്നിൽ പ്രതികൾക്ക് അനുകൂല റിപ്പോർട്ട് നൽകി സർക്കാർ സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു.
ആരോപണ വിധേയർക്ക് ജോലിയിൽ പ്രവേശിക്കാൻ മറ്റ് മൂന്നുപേരുടെ പ്രമോഷൻ തടഞ്ഞുവെന്നും ആരോപണമുണ്ട്. നേരത്തെ തന്നെ സഹായിച്ചതിന്റെ പേരിൽ സ്ഥലം മാറ്റിയ അനിത സിസ്റ്റർ തിരികെ വരാതിരിക്കാൻ തസ്തികയിൽ ആളുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോൾ മൂന്നുപേരുടെ പ്രമോഷൻ തടഞ്ഞ് സൗകര്യം ഒരുക്കിയതെന്നും അതിജീവിത കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്