തിരുവനന്തപുരം: ശസ്ത്രക്രിയയെ തുടർന്നു നെഞ്ചിൽ ഗൈഡ് വയർ (കത്തീറ്ററും മറ്റും കടത്തുന്നതിനു മുന്നോടിയായി കടത്തിവിടുന്നത്) കുടുങ്ങിയ യുവതി ദുരിതത്തിൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് യുവതിയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്.
കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം റസിയ മൻസിലിൽ എസ്.സുമയ്യ (26) യ്ക്കാണ് ഈ പിഴവ് നേരിടേണ്ടിവന്നത്. 2023 മാർച്ച് 22നു ഡോ. രാജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു അന്ന്.
ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ ആയപ്പോഴേക്കും ശ്വാസംമുട്ടലും കിതപ്പും ഉണ്ടായി. നടക്കാനും വീട്ടുജോലിക്കും പ്രയാസമായി. ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു. ഫലമുണ്ടായില്ല. തുടർന്നു സമീപത്തെ ക്ലിനിക്കിലെ ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്തു. നെഞ്ചിനുള്ളിൽ എന്തോ അസ്വാഭാവികമായി കാണുന്നെന്നു ഡോക്ടർ പറഞ്ഞു. ഉടൻ എക്സ്റേയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടു.
മുൻപു ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മറ്റു ശസ്ത്രക്രിയകൾക്കു വിധേയയായിട്ടില്ലെന്നു പറഞ്ഞപ്പോൾ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്തു. അവിടെ എക്സ്റേ എടുത്തു പരിശോധിച്ച ഡോക്ടർ ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ് വയറാണ് അകത്തു കിടക്കുന്നതെന്നും ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യാമെന്നും പറഞ്ഞു. അതിനു മുന്നോടിയായി സിടി സ്കാൻ എടുത്തു. ഈ റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ഗൈഡ് വയർ നീക്കം ചെയ്യാനാകില്ലെന്നു മനസ്സിലാകുന്നത്.
ഗൈഡ് വയർ തിരികെ എടുക്കാത്തതിനാൽ രക്തത്തിലൂടെ നെഞ്ചിലെത്തിയെന്നാണു നിഗമനം. ധമനികളുമായി ഒട്ടിച്ചേർന്ന ഗൈഡ് വയർ ഇനി തിരികെ എടുത്താൽ ഹൃദയത്തെ ഉൾപ്പെടെ ബാധിക്കുമെന്നും അവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
