ആലപ്പുഴ: തപാല്‍ ബാലറ്റ് തിരുത്തിയെന്ന മുന്‍മന്ത്രി ജി.സുധാകരന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച അന്വേഷണത്തില്‍ തിരഞ്ഞെടുപ്പു രേഖകള്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പൊലീസ് കത്തു നല്‍കും. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണ് ഇത്. രേഖകള്‍ കിട്ടിയ ശേഷമേ സുധാകരന്റെയും അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടെയും മൊഴിയെടുക്കു.
പൊലീസ് അന്വേഷണത്തിന്റെ പുരോഗതി യഥാസമയം അറിയിക്കണമെന്നു സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കേസെടുത്ത വിവരം കളക്ടര്‍ മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറെ അറിയിച്ചിരുന്നു. അതേസമയം 36 വര്‍ഷം മുന്‍പ് നടന്നതായി പറയുന്ന സംഭവത്തെപ്പറ്റിയുള്ള അന്വേഷണം അത്ര എളുപ്പമല്ലെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവം നടന്ന തിയതിയോ സമയമോ അറിയില്ല. അന്നത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആരെന്നോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നും വ്യക്തമല്ല. അന്നത്തെ തിരഞ്ഞെടുപ്പു രേഖകളെല്ലാം നശിപ്പിച്ചിട്ടുണ്ടാകും എന്നതും അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നു. സുധാകരന്‍ ഇതു പിന്നീടു മാറ്റിപ്പറഞ്ഞതിനാല്‍ കേസ് കൂടുതല്‍ ദുര്‍ബലമാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
സുധാകരന്റെ പരാമര്‍ശത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ സ്വമേധയാ ഇടപെടുകയായിരുന്നു. കേസെടുപ്പിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കളക്ടര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കളക്ടറുടെ പരാതിയിലാണു പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്