തിരുവനന്തപുരം: ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴവും കോൺഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി ഡസൻ കണക്കിനു ബിജെപി പ്രവർത്തകരെ കൊന്നൊടുക്കിയ ചരിത്രമുള്ള സിപിഎമ്മിനോടും അതിൽ പങ്കാളിയായ പിണറായി വിജയനോടും കാട്ടിയ പ്രതിപത്തി അമ്പരപ്പിക്കുന്നതാണ്.
മുഖ്യമന്ത്രി അപ്രതീക്ഷിതമായി എത്തി പ്രധാനമന്ത്രിയെ കണ്ടപ്പോൾ പിണറായിയുടെ മുഖത്ത് ഭയഭക്തി ബഹുമാനങ്ങൾ ഓളം വെട്ടി. മോദി പിണറായിയെ ചേർത്തുപിടിച്ചത് ഏറ്റവും വിശ്വസ്തനോടെന്നപോലെയാണ്. അനധികൃത എക്സാലോജിക് ഇടപാടും അതിന്റെ പ്രത്യാഘാതങ്ങളും പിണറായിയെ ഓടിയെത്താനും താണുവണങ്ങാനും പ്രേരിപ്പിച്ചു.
തുടർന്ന് എക്സാലോജിക് പണമിടപാടിനെക്കുറിച്ച് അന്വേഷിക്കാൻ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആർഒസിയുടെ റിപ്പോർട്ട് കേന്ദ്രകോർപറേറ്റ് കാര്യ മന്ത്രാലയത്തിനു വിട്ട് പിണറായിയെ സംരക്ഷിച്ചു. ആർഒസിയുടെ വെബ്സൈറ്റിൽനിന്ന് എക്സാലോജിക്കിനെതിരായ റിപ്പോർട്ട് പോലും നീക്കം ചെയ്തു.
സഹകരണബാങ്കുകളിലെ ഇഡി അന്വേഷണം, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ ഇടപാട്, ലാവ്ലിൻ കേസ് തുടങ്ങിയവയുടെ വഴിയെ എക്സാലോജിക് ഇടപാടും ഫ്രീസറിലേക്കു നീങ്ങുന്നുവെന്ന് വ്യക്തം. മതേതര ഇന്ത്യാമുന്നണിയെ ദുർബലപ്പെടുത്തുന്ന ബിജെപിയുടെ ചട്ടുകത്തെയാണ് പിണറായിയിൽ പ്രധാനമന്ത്രി കാണുന്നത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേന്ദ്രാവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്താനിരിക്കെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങൾ നേരിട്ട് ഉന്നയിക്കാനോ, ഒരു നിവേദനം പോലും നല്കാനോ മുഖ്യമന്ത്രി തയാറായില്ല. അതിനു പകരം ഡൽഹിയിലൊരു പ്രഹസന സമരം നടത്തി വാർത്തകളിൽ ഇടംപിടിച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് ശ്രമിക്കുന്നത്.
10 വർഷമായി ഭരിക്കുന്ന മോദി സർക്കാരിനെതിരേ കഴിഞ്ഞ 8 വർഷമായി കേരളത്തിൽ ഒരു സമരം നടന്നിട്ടില്ല. കേരളത്തിന് അർഹമായ സാമ്പത്തിക ആനുകൂല്യങ്ങളും സഹായങ്ങളും കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്നു പിണറായി വാചാടോപം മാത്രം നടത്തുമ്പോൾ നഷ്ടപ്പെടുന്നതു കേരളത്തിലെ ജനങ്ങൾക്കാണ്. കേരളത്തിൽ ബിജെപി ജയിക്കുമെന്ന പ്രധാനമന്ത്രിയുടെ വിശ്വാസം പിണറായിലും സിപിഎമ്മിലും അർപ്പിച്ചുള്ളതാണെന്നും സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്