കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് തിങ്കളാഴ്ച റെയില്‍വേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 30 നായിരുന്നു ദാരുണ സംഭവം നടന്നത്. ആലുവ യു.സി കോളജിലെ ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പിജി വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ (22) ഹോസ്റ്റലില്‍ നിന്ന് കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്കുള്ള യാത്രയിലാണ് ദാരുണ സംഭവം ഉണ്ടായത്. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെ ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. ജനല്‍ വഴി തെറിച്ചുവന്ന കല്ല് ഐശ്വര്യയുടെ മുഖത്ത് ശക്തിയായി പതിക്കുകയായിരുന്നു.
കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ല് തകരുകയും ഇടതുവശത്തെ രണ്ട് പല്ലുകള്‍ നഷ്ടമാവുകയും ചെയ്തു. ചുണ്ടിന് ആഴത്തില്‍ മുറിവേറ്റ ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ശരിയായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥിനി. പരിക്കിനെത്തുടര്‍ന്ന് ഐശ്വര്യക്ക് സര്‍വകലാശാല പരീക്ഷകളും നഷ്ടമായിരുന്നു.
ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കടലുണ്ടിയില്‍ നിന്ന് പിടികൂടിയത്. സമാനമായ രീതിയില്‍ മുന്‍പും ഇയാള്‍ അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
