തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ വിവാദത്തിൽ കടുത്ത നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം. 2025-ൽ ശബരിമല സന്നിധാനത്തെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട പാളിമാറ്റത്തിൽ പുതിയ ഗൂഢാലോചനക്കേസ് എടുക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ കേസിൽ പ്രതികളാകുമെന്നാണ് സൂചന.
ദ്വാരപാലക പാളികൾ കൈമാറിയതിലും മാറ്റിയതിലും വലിയ ദുരൂഹതയുണ്ടെന്നും 2025-ൽ ഇതിനായി കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. അന്നത്തെ ദേവസ്വം ഭരണസമിതിയിലെ മൂന്നംഗങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കുന്നത്. പി.എസ്. പ്രശാന്തിന് പുറമെ അന്നത്തെ ബോർഡ് അംഗങ്ങളായിരുന്ന അജികുമാർ, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ടാകും. ഇവർക്ക് പുറമെ ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും കേസിൽ പ്രതിചേർക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ കർശന നിലപാട് സ്വീകരിച്ചിരുന്നു. കേസ് സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം എപ്പോൾ സമർപ്പിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാൻ കോടതി എസ്.ഐ.ടിയോട് നിർദ്ദേശിച്ചിരുന്നു.
ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശിയ നടപടിയിലെ അഴിമതിയെക്കുറിച്ച് ഈ മാസം 29-നകം സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയപരിധിക്ക് മുൻപായി തന്നെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലവിലെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
