ഷിഗെല്ല പടരുന്നു; ഈ മാസം മാത്രം അഞ്ച് മരണം, സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

JUNE 17, 2026, 10:27 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് ശക്തമാക്കിയത്.

ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച ഷിഗെല്ല കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ കണക്കുകളെ മറികടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം രോഗബാധയെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഈ വർഷം ഇതിനകം ആറു പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ അഞ്ച് മരണവും ഈ മാസത്തിനിടെയാണ് ഉണ്ടായത്.

ഈ മാസം മാത്രം 91 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ പകുതിയിലധികവും ഈ മാസത്തിലാണ് കണ്ടെത്തിയത്. ഇതോടെ രോഗവ്യാപനത്തിന്റെ തീവ്രത ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്.

vachakam
vachakam
vachakam

മുൻ വർഷങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളിലായിരുന്നു പ്രധാനമായും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും കേസുകൾ കണ്ടെത്തിയിട്ടുണ്ട്. മലിനമായ ഭക്ഷണവും കുടിവെള്ളവുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങളെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും പരിശോധന കർശനമാക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. പ്രത്യേകിച്ച് ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസ് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിലയിരുത്തൽ. അതിനാൽ ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.

അതേസമയം, മഴക്കാല ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചാൽ ഡെങ്കിപ്പനിയും എലിപ്പനിയും ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികളും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

vachakam
vachakam
vachakam

ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ്. രോഗബാധിതരുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ ഭക്ഷണം, വെള്ളം, മലിനമായ പ്രതലങ്ങൾ എന്നിവ വഴി മറ്റുള്ളവരിലേക്ക് പകരുന്നു. വയറിളക്കം, ചിലപ്പോൾ രക്തം കലർന്ന മലവിസർജ്യം, വയറുവേദന, പനി, ഛർദ്ദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗം തടയാൻ ഭക്ഷണത്തിന് മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക, തിളപ്പിച്ചോ ശുദ്ധീകരിച്ചോ ഉള്ള വെള്ളം മാത്രം കുടിക്കുക, ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക, പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകുക, രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam