തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഗുരുതര കണ്ടെത്തലുകളുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) റിപ്പോർട്ട്. യാതൊരു സേവനവും നൽകാതെയാണ് പിണറായി വിജയന്റെ മകൾ വീണ ടി സിഎംആർഎൽ കമ്പനിയിൽ നിന്ന് കോടികൾ കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
വീണയുടെ കമ്പനി എക്സാലോജിക്കിനും വ്യക്തിപരമായും ചേർന്ന് ആകെ 2 കോടി 78 ലക്ഷം രൂപയാണ് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലായിരുന്നു ഈ ഇടപാടുകൾ നടന്നത്.
വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും, എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയുമെന്ന രീതിയിലായിരുന്നു പണമിടപാടുകൾ. ഒരു വർഷം ഏകദേശം 96 ലക്ഷം രൂപ വീതമാണ് ലഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2019ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപ വീണയ്ക്ക് നൽകിയതായി കണ്ടെത്തിയിരുന്നു. എന്നാൽ, അതിന് ശേഷവും സിഎംആർഎല്ലിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണമൊഴുക്ക് തുടരുകയായിരുന്നുവെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.
കരിമണൽ കമ്പനിയായ സിഎംആർഎൽ തന്നെയായിരുന്നു എക്സാലോജിക്കിന്റെ പ്രധാന വരുമാനമാർഗമെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് എക്സാലോജിക്കുമായുള്ള കരാർ അവസാനിച്ചതിന് ശേഷം, സിഎംആർഎൽ ഐടി സേവനങ്ങൾക്കായി മറ്റൊരു സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ടു.
യഥാർത്ഥത്തിൽ ഐടി സേവനങ്ങൾ നൽകിയ കമ്പനിക്ക് ലഭിച്ചതിനെക്കാൾ 75 മടങ്ങ് അധികം തുകയാണ് എക്സാലോജിക്കിന് ലഭിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എക്സാലോജിക്കിലെ ഐടി ജീവനക്കാർക്കുപോലും സിഎംആർഎല്ലിന് സേവനം നൽകിയതായി അറിവില്ലായിരുന്നുവെന്നും, എസ്എഫ്ഐഒ അന്വേഷണത്തിനിടെ സേവനം നൽകിയതിന്റെ രേഖകൾ ഒന്നും ഹാജരാക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുമായി നേരിട്ടുള്ള ധാരണയിലൂടെയാണ് ഇടപാട് നടന്നതെന്ന വാദത്തിനും തെളിവുകളില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. പണമിടപാടുകൾ സംബന്ധിച്ച ആശയവിനിമയങ്ങൾ ഒഴികെ, ഇരു കമ്പനികൾക്കുമിടയിൽ ഔദ്യോഗിക ഇമെയിൽ ഇടപാടുകൾ പോലും കണ്ടെത്താനായിട്ടില്ല.
ഇതിനൊപ്പം, 2015-16 കാലഘട്ടത്തിൽ ശശിധരൻ കർത്തയുടെ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം രൂപ വായ്പ നൽകിയതായും, അതിൽ നാല് ലക്ഷം രൂപ മാത്രമാണ് തിരിച്ചടച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കമ്പനി നിയമത്തിലെ 447-ാം വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടതും, തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ശക്തമായതുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
