കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിയായ നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ അധ്യാപകന്‍ ഡോ. എം.കെ. റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോളേജില്‍ സ്റ്റാഫ് റാഗിംഗും നിറത്തിന്റെ പേരിലുള്ള അധിക്ഷേപവും ഉള്‍പ്പെടെ കടുത്ത ബുള്ളിയിംഗ് ഉണ്ടായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ഡോ. റാമിനെതിരെ മുമ്പ് പലതവണ എഴുത്തുപരാതികള്‍ നല്‍കിയിരുന്നുവെങ്കിലും അവ പരിഗണിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. “ബ്ലാക്കി, വൈറ്റി, കോക്ക്‌റോച്ച്, ഫാറ്റ്, തിന്‍” തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെ അധിക്ഷേപിച്ചിരുന്നുവെന്നും, “നീ കാന്‍സര്‍ രോഗിയാണോ” എന്ന രീതിയിലും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
റാമിനെതിരെ തുറന്നുപറഞ്ഞ ഒരാള്‍ നിതിന്‍ ആയിരുന്നുവെന്നും, അതിന് പിന്നാലെ സംഭവങ്ങള്‍ ഗുരുതരമായതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ നീതി ലഭിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കാനാണ് വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം.
നിറത്തിന്റെ പേരില്‍ ഉള്‍പ്പെടെ അധ്യാപകരുടെ ഭാഗത്ത് നിന്ന് അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും, ബോഡി ഷെയിമിംഗ് പതിവായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അക്കാദമിക് ഡീനിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റേണല്‍ മാര്‍ക്കും ഹാജറും കുറയ്ക്കുമെന്ന ഭയത്താല്‍ പലരും പരാതി നല്‍കാന്‍ മടിച്ചിരുന്നുവെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സംഭവത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് വ്യക്തമല്ലെന്നും, പക്ഷേ കോളേജില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
