കൊച്ചി: മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന തന്റെ മുൻ പ്രസ്താവന തിരുത്തി കൊച്ചി മേയർ വി.കെ. മിനിമോൾ. രാവിലെ വൈകാരികമായ സാഹചര്യത്തിലാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും, തന്റെ സീനിയോറിറ്റിയും പ്രവർത്തന മികവും പരിഗണിച്ചാണ് പാർട്ടി മേയർ സ്ഥാനം നൽകിയതെന്നും മിനിമോൾ വ്യക്തമാക്കി.
കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലായിരുന്നു വിവാദമായ ആദ്യ പ്രതികരണം. തനിക്ക് മേയർ പദവി ലഭിക്കാനായി സഭയിലെ പിതാക്കന്മാർ ഇടപെട്ടെന്നും, അർഹതയ്ക്കപ്പുറമുള്ള അംഗീകാരമാണ് ലഭിച്ചതെന്നുമായിരുന്നു മിനിമോൾ പറഞ്ഞത്. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
സഭ മാത്രമല്ല, എല്ലാ സംഘടനകളും വ്യക്തികളും തന്നെ സഹായിച്ചിട്ടുണ്ട്. തന്റെ സീനിയോറിറ്റിയും കഴിവും നോക്കിയാണ് കോൺഗ്രസ് നേതൃത്വം പദവി ഏൽപ്പിച്ചത്. ഇതിൽ അനർഹതയുടെ പ്രശ്നമില്ല. രാവിലെ പറഞ്ഞത് സഭയുമായുള്ള ആത്മബന്ധം കൊണ്ട് വൈകാരികമായി പറഞ്ഞുപോയതാണെന്ന് മേയർ വിശദീകരിച്ചു.
മേയറുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമായിട്ടുണ്ട്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ദീപ്തി മേരി വർഗീസ് ഒളിയമ്പുമായി രംഗത്തെത്തി. ആർക്കെങ്കിലും പദവികൾക്കായി പ്രത്യേക പരിഗണന നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അവർ പ്രതികരിച്ചു. അതേസമയം, മിനിമോളുടെ വിജയത്തിന് സഭയും സഹായിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
