തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപത്തിൽ പതിച്ചിരുന്ന നാല് കിലോ സ്വർണം അടിച്ചുമാറ്റിയ സർക്കാരും ദേവസ്വം ബോർഡുമാണ് അയ്യപ്പസംഗമം നടത്തി കേരളത്തെ കബളിപ്പിക്കാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എൽ.ഡി.എഫ് ഗൂഡസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടയ്ക്കുവയ്ക്കുന്ന അമൂല്യ വസ്തുക്കളുടെ തൂക്കം കണക്കാക്കി മഹസർ തയാറാക്കി സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന അട്ടിമറിച്ചാണ് സ്വർണം പതിച്ച ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കടത്തിയത്.
ട്രാവൻകൂർ ഹിന്ദു റിലീജിയസ് ആക്ടിലെയും ദേവസ്വം സബ്ഗ്രൂപ്പ് മാനുവലിലെയും വ്യവസ്ഥകൾ അനുസരിച്ച് ക്ഷേത്രത്തിലെ സാമഗ്രികൾ അറ്റകുറ്റപ്പണി നടത്തേണ്ടത് ക്ഷേത്ര കോമ്പൗണ്ടിനുള്ളിലാണ്. ഇതിനു വിരുദ്ധമായാണ് 2019-ൽ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച ദേവസ്വം ബോർഡ് ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടത്.
നിലവിലെ ദേവസ്വം ബോർഡും നിയമവിരുദ്ധമായാണ് ദ്വാരപാലക ശിൽപങ്ങൾ വീണ്ടും അതേ സ്‌പോൺസർ വഴി ചെന്നൈയിലേക്ക് കടത്തിയത്. 1999-ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ 2019 വീണ്ടും സ്വർണം പൂശാൻ കൊണ്ടുപോയത് എന്തിനാണ്? ഇതിന് പുറമെയാണ് 2025-ലും ദ്വാരപാലക ശിൽപങ്ങൾ ചെന്നൈയിലേക്ക് കടത്തിയത്. സർക്കാരും ദേവസ്വം വകുപ്പും ദേവസ്വം ബോർഡും അറിയാതെ ഈ നിയമലംഘനങ്ങൾ നടക്കില്ലെന്ന് ഉറപ്പ്. സ്‌പോൺസർ മാത്രമായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സർക്കാരിനും ദേവസ്വം ബോർഡിനും എന്ത് ബന്ധമാണുള്ളത്? ഇയാൾ ആരുടെ ബെനാമിയാണ്? സ്വർണപീഠം സ്‌പോൺസറുടെ ബന്ധുവീട്ടിൽ നിന്നും കണ്ടെത്തിയെന്ന് പറയുമ്പോഴും അയാളെ പ്രതിയാക്കാത്തത് എന്തുകൊണ്ടാണ്? ദ്വാരപാലക ശിൽപത്തിൽ നിന്നും എത്ര കിലോ സ്വർണമാണ് നഷ്ടപ്പെട്ടത്?
ശബരിമലയുമായി ബന്ധപ്പെട്ട കൂടുതൽ തട്ടിപ്പുകൾ പുറത്തു വരുമെന്ന ഭയപ്പാടിലാണ് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും. മറ്റു വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പോലെ കഴിഞ്ഞ ഒൻപതര വർഷം കൊണ്ട് ദേവസ്വം ബോർഡിനെയും അഴിമതിക്കു വേണ്ടി എ.കെ.ജി സെന്ററിന്റെ ഡിപ്പാർട്ട്‌മെന്റാക്കി പിണറായി സർക്കാർ മാറ്റി.
കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മോഷണമാണ് സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ നടത്തിയത്. ദേവസ്വം ബോർഡും ആരോപണനിഴലിലാണ്. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്