തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സമസ്ത രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം എഡിറ്റോറിയലിലൂടെയാണ് വിമർശനം ഉയർന്നത്. യുഡിഎഫ് സർക്കാരിന്റെ ഈ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും, ബക്കാർഡി കമ്പനിയെ സഹായിക്കാനാണ് നികുതിയിളവെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണെന്നും സമസ്ത ചൂണ്ടിക്കാട്ടി. മുന്നണിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകേണ്ട ബാധ്യതയുണ്ടെന്നും സമസ്ത വ്യക്തമാക്കി.
അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിക്കിടെയാകും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുക. രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിലും വിഷയം ചർച്ചയാകും. എക്സൈസ് മന്ത്രി എം. ലിജു ഉൾപ്പെടെ ചിലർ നികുതിയിളവിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം നിർണായകമാകുന്നത്.
ഇതിനിടെ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെതിരെയും പിഎം ശ്രീ പദ്ധതിക്കെതിരെയും ഡിവൈഎഫ്ഐ ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമരത്തിൽ, പ്രതിപക്ഷത്തിലിരിക്കുമ്പോൾ സ്വീകരിച്ച നിലപാടുകൾ യുഡിഎഫ് ഇപ്പോൾ മറന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. വിദ്യാർത്ഥികളെ കാവിവത്കരിക്കാനും യുവാക്കളെ ലഹരിയിലേക്ക് തള്ളിവിടാനുമുള്ള നയങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യങ്ങളോടെയാകും പ്രതിഷേധം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
