തിരുവനന്തപുരം: ശബരിമലയിലെ പ്രസാദ നിർമ്മാണത്തിനായുള്ള ശർക്കര വിതരണത്തിനുള്ള ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ അന്നപൂർണ്ണ ഷുഗർ ആൻഡ് ജാഗറി കമ്പനിക്ക് ആവശ്യമായ യോഗ്യതയുണ്ടെന്ന് വിലയിരുത്തൽ.
കഴിഞ്ഞ തവണത്തെക്കാൾ കിലോഗ്രാമിന് 7 രൂപ 51 പൈസ കൂടുതൽ നിരക്കാണ് കമ്പനി ഇത്തവണ ക്വോട്ട് ചെയ്തിരിക്കുന്നത്. ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാൻ വില കുറയ്ക്കാനുള്ള കാര്യമായ വിലപേശലുകളും ചർച്ചകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തും. വിലപേശലിലൂടെ ബോർഡ് ഉദ്ദേശിച്ച തുകയിലേക്ക് എത്തിച്ചേർന്നാൽ, വരുന്ന ഒക്ടോബർ 5-ന് മുൻപായി ടെൻഡർ നടപടികൾ പൂർത്തിയാക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് എസ്.പി നേരിട്ടെത്തി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഉടൻതന്നെ ദേവസ്വം ബോർഡിന് കൈമാറും.
അതേസമയം ശബരിമലയിലെ കടകൾ ലേലം ചെയ്യാനുള്ള ഇ-ടെണ്ടർ നടപടികൾ അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നിൽ തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥരടങ്ങിയ ലോബിയാണെന്ന് റിപ്പോർട്ടുകൾ വരുന്നു. ഇന്നലെ നടക്കാനിരുന്ന ഇ-ലേലം വിശദാംശങ്ങൾ ചോർന്നതിനെ തുടർന്ന് റദ്ദാക്കി. ഇതു സംബന്ധിച്ച് ദേവസ്വം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുകയാണ്. അന്വേഷണത്തിൽ ഉദ്യോഗസ്ഥ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
