പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ്. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ വീടുകളടക്കമുള്ള ഇടങ്ങളിലാണ് ഇ.ഡി പരിശോധന പുരോഗമിക്കുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനം ഉൾപ്പെടെ ആകെ 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് ഇ.ഡി സംഘം പ്രധാനമായും പരിശോധിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എൻ. വാസുവിന്റെ പേട്ടയിലെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ പുളിമാത്തെ വീട്, അദ്ദേഹത്തിന്റെ സഹോദരി മിനി ദേവിയുടെ വെഞ്ഞാറമൂട്ടിലെ വീട്, പാങ്ങാപ്പാറയിലെ കെ. എസ്. ബൈജുവിന്റെ ഫ്ലാറ്റ്, ദേവസ്വം ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിലാണ് പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് അമ്മയെ പുളിമാത്തെ വീട്ടിലേക്ക് എത്തിച്ച ശേഷമാണ് റെയ്ഡ് തുടരുന്നതെന്നും സൂചനയുണ്ട്. പത്തനംതിട്ടയിൽ എ. പത്മകുമാറിന്റെ വീട്ടിലും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. പോറ്റിയടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
എറണാകുളത്ത് അങ്കമാലിയിലും കാക്കനാട്ടുമായി രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രണ്ട് മുൻ ജീവനക്കാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കേസിന്റെ വ്യാപ്തി, കൂടുതൽ തെളിവുകൾ, സാമ്പത്തിക ഗുണഭോക്താക്കൾ എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
സംസ്ഥാനത്തിന് പുറത്തും നാല് കേന്ദ്രങ്ങളിൽ ഇ.ഡി പരിശോധന തുടരുകയാണ്. കർണാടകയിലെ ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറി, ഫോർട്ട് ഏരിയയിലെ ഗോവർദ്ധന്റെ വീട്, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പുറത്തുള്ള റെയ്ഡുകൾ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
