ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ കടുപ്പമാകുന്നതിനിടെ “റിസോർട്ട് രാഷ്ട്രീയം” വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. കൂറുമാറ്റം തടയുന്നതിനായി എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നീക്കങ്ങളാണ് വിവിധ പാർട്ടികൾ സ്വീകരിക്കുന്നത്.
എഐഎഡിഎംകെ 15 എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. മുതിർന്ന നേതാവ് സി വി ഷൺമുഖം 20-ലധികം മുറികൾ ബുക്ക് ചെയ്തതായും വിവരമുണ്ട്. മറ്റ് എംഎൽഎമാരും പുതുച്ചേരിയിലെത്തുന്നുണ്ടെന്നാണ് വിവരം.
തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ നേടിയ ടിവികെക്ക് സർക്കാർ രൂപീകരണത്തിനായി കൂടുതൽ പിന്തുണ ആവശ്യമാണ്. എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ടെങ്കിലും ഔദ്യോഗികമായി തീരുമാനം വ്യക്തമല്ല. 47 സീറ്റുകൾ നേടിയ എഐഎഡിഎംകെയിൽ നിന്ന് ചില എംഎൽഎമാർ ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
അതേസമയം, കോൺഗ്രസ് ഇതിനകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കേവല ഭൂരിപക്ഷത്തിനായി ആവശ്യമായ സീറ്റുകൾ ഇപ്പോഴും ഉറപ്പാക്കേണ്ടതുണ്ട്. ഇതോടെ സർക്കാർ രൂപീകരണ ശ്രമങ്ങൾ അനിശ്ചിതത്വത്തിലായി തുടരുകയാണ്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള വിജയ്യുടെ നീക്കവും ഇപ്പോൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾ കാരണം വൈകുന്ന സാഹചര്യത്തിലാണ്. ഗവർണറെ ഭൂരിപക്ഷം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ ടിവികെ തുടരുകയാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
