കാലം തെറ്റി പെയ്യുന്ന മഴയും താളം തെറ്റിയ ഭരണവും നാട് മുടിക്കുമ്പോൾ...

JANUARY 10, 2024, 10:48 PM

ഇരട്ടച്ചങ്കൻ, ഇരട്ട നീതി തുടങ്ങിയ പദങ്ങൾ കേരളത്തിൽ അലയടിച്ചുകൊണ്ടിരിക്കുന്നു. കാലം തെറ്റിയ മഴയും നീതി മറഞ്ഞുപോയ നിയമവഴികളും ജനങ്ങളെ വലയ്ക്കുന്നു. ക്ലിഫ് ഹൗസിലെ ചാണകക്കുഴിയോ, വാട്ടർ ടാങ്കോ ആയി ജനിച്ചിരുന്നെങ്കിൽ എന്ന് ഏതൊരു മലയാളിയും മധുര മനോഹര സ്വപ്‌നം കണ്ടു നടക്കുന്ന കാലം. നവകേരള സദസ്സ് എന്നത് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നൊന്നര രാഷ്ട്രീയ ഹിറ്റായി മാറേണ്ടതായിരുന്നു. പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതുകൊണ്ട് സംഗതി പൊളിക്കാമെന്ന് കരുതിയാണ് നവകേരളസദസ്സിനായി പണം പൊടിച്ചത്.

കേരളീയം പോലുള്ള പരിപാടികൾ തന്നെ കാശ് വാരിയതോടെ പിണറായിയും കൂട്ടരും ആകെ പൂത്തുലഞ്ഞുവെന്നത് നേര്. എന്നാൽ, ആ പിരിവിന്റെ കണക്ക് ചോദിച്ച വിവരാവകാശ പ്രവർത്തകനോട് 'അതൊക്കെ ചോദിക്കാൻ താനാര് ഉവ്വ' എന്ന മട്ടിൽ സിനിമാ ഡയലോഗ് കാച്ചിയാണ് വിവരാവകാശ വകുപ്പിലെ ഏമാന്മാർ തൽക്കാലം രക്ഷപ്പെട്ടു നിൽക്കുന്നത്. കണക്കും കുണുക്കുമൊന്നുമില്ലാത്ത മണ്ഡലപര്യടനത്തിന് പോലീസുകാർ മുഴുവൻ പോയപ്പോൾ, ശബരിമലയിലെ മണ്ഡലകാലത്തിനു വേണ്ട പോലീസില്ലാതെയായെന്ന പരാതിയുയർന്നിരുന്നു.

എന്നാൽ, ഇതിനേക്കാൾ വലിയ പണിയാണ് യൂത്തു കോൺഗ്രസുകാർ മന്ത്രിസഭയ്ക്ക് കൊടുത്തത്. കരിങ്കൊടി കാണിച്ച് നവകേരള യാത്ര അലമ്പാക്കിയ യൂത്തു കോൺഗ്രസ് പ്രസിഡന്റിനെ പുലർച്ചെ വീട് വളഞ്ഞ് പൊക്കിയ പോലീസ് നാട്ടിലെ ക്രമസമാധാനം തകർക്കരുതെന്ന് എത്ര മോഹിച്ചുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഗുഡ് സർവീസ് എൻട്രി തീർച്ചയായും 'നൻട്രി പത്ര'മായി പിണറായി സർക്കാർ അവർക്ക് നൽകുമെന്ന കാര്യവും ഉറപ്പ്.

vachakam
vachakam
vachakam

രാഹുൽ മാങ്കുട്ടത്തിലിനെ വെളുപ്പിനുള്ള പ്രഭാത കൃത്യങ്ങൾ പോലും നിർവ്വഹിക്കാൻ അനുവദിക്കാതെ പോലീസ് പൊക്കിയതോടെ, ആ നേതാവിനു ലഭിച്ച രാഷ്ട്രീയ ഗ്‌ളാമറിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചുവോ? ജയിലിൽ കിടക്കുന്നതും, കേസിൽ പ്രതി ചേർക്കുന്നതുമെല്ലാം നേതാക്കൾക്ക് ലഭിക്കുന്ന സുവർണ്ണാവസരങ്ങളാണെന്ന് സഖാവ് ഇ.പി. പറഞ്ഞുകഴിഞ്ഞു. ദേശീയതലത്തിൽ രാഹുലിനെ ബി.ജെ.പിയും സംസ്ഥാനതലത്തിലുള്ള രാഹുലിനെ പിണറായിയും വേട്ടയാടുന്നുവെന്ന തോന്നൽ ജനത്തിനുണ്ട്. അത്തരമൊരു വിജയചമയം രണ്ട് രാഹുൽമാർക്കും ഗുണപ്രദമാകണമെങ്കിൽ അണികൾ കൂടുതൽ ശൗര്യം കാണിക്കേണ്ടിവരും. അത് സംഭവിച്ചാൽ കോൺഗ്രസിന് നല്ലത്.

കടമെടുക്കാനും കണ്ണൂരിലെ ബാങ്ക് മതി

സാമ്പത്തിക ഞെരുക്കത്തിന്റെ പാരമ്യത്തിലാണ് സംസ്ഥാന സർക്കാർ. കരാറുകാരുടെ പണം എന്നു കിട്ടുമെന്നുറപ്പില്ല. ആശയറ്റ ആശാവർക്കർമാർ പോലും മറിയക്കുട്ടിച്ചേടത്തിയെ പോലെ പിച്ചപ്പാത്രവുമായി തെരുവിലിറങ്ങി. കാരുണ്യ ഫണ്ട് പോലും വറ്റിക്കഴിഞ്ഞു. ക്ഷേമപെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. സർക്കാർ ജീവനക്കാരുടെ ഡി.എ. കുടിശ്ശിക എന്നു നൽകാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചിട്ടും സർക്കാർ അഭിഭാഷകൻ മാനത്തേയ്ക്ക് നോക്കിനിൽക്കുന്നു. മദ്യം വിറ്റതിന്റെയും ലോട്ടറി വിറ്റതിന്റെയും ലാഭവും ഇന്ധന സെസും കൂട്ടിയാലും ശമ്പളപെൻഷൻ അക്കൗണ്ട് നിറയില്ലെന്നറിഞ്ഞ ധനവകുപ്പ് വീണ്ടും കടമെടുക്കുകയാണ്. കടമെടുക്കാനുള്ള അനുമതി നൽകിയിട്ടുള്ളത് കണ്ണൂർ ജില്ലയിലെ മാടായിയിലെ സഹകരണ ബാങ്കിനാണ്.

vachakam
vachakam
vachakam

എന്തായാലും ഫെബ്രുവരി, മാർച്ച് മാസങ്ങൾ സർക്കാരിനെ വലയ്ക്കും. സാമ്പത്തിക വർഷം തീരുന്നതിനു മുമ്പ് പദ്ധതികൾ വെട്ടിക്കുറച്ചും സർക്കാർ കൊടുക്കാനുള്ള ആനുകൂല്യങ്ങൾ നൽകാതെയും അരങ്ങേറുന്ന ഭരണം ജനങ്ങൾക്ക് ദുരിതപൂർണ്ണമാകും. ജനങ്ങളുടെ അമർഷം കത്തിക്കയറി നിൽക്കേ ലോകസഭാ തെരഞ്ഞെടുപ്പ് വരും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതിന് ഒപ്പം നിന്ന ആലപ്പുഴ പോലും ഇത്തവണ കൈവിട്ടുപോയാൽ ഈ സർക്കാരിന്റെ മാനം കാക്കാൻ തിരുവാതിരയും പാട്ടുമൊന്നും മതിയാവില്ല. പിണറായി സൂര്യനാണെന്നും അടുത്തു ചെന്നാൽ കരിഞ്ഞുപോകുമെന്നും പറയുന്ന നേതാക്കളുടെ എണ്ണം സി.പി.എമ്മിൽ കൂടി വരികയാണ്. പാർട്ടിക്കാർക്കുവേണ്ടി പാർട്ടിയുടെ ഭരണം എന്ന മട്ടിലുള്ള നിലവിലുള്ള ശൈലി ബംഗാളിലും ത്രിപുരയിലും പരാജയപ്പെട്ടതാണെന്ന ചരിത്രസത്യം പോലും പാർട്ടി ജന്മികൾ മറക്കുകയാണ്.

'മണി മണി'യായി വനം കൈയ്യേറുന്നതാരാ?

ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ അധിക്ഷേപിച്ചുകൊണ്ട് ഇടുക്കിയിൽ നടന്ന സി.പി.എം. ജാഥ രാഷ്ട്രീയമായി ഭരണഘടനാ തലവനെ നേരിടുകതന്നെ ചെയ്യുമെന്ന സൂചന നൽകിക്കഴിഞ്ഞു. ഗവർണറാകട്ടെ, 'ഇതൊക്കെ എത്ര കണ്ടതാ', എന്ന മട്ടിൽ നാട്ടിൽ ഓടി നടക്കുന്നു, ജനങ്ങളെ കാണുന്നു. ബി.ജെ.പിയുടെ കേരളത്തിലെ ഏറ്റവും വലിയ താരപ്രചാരകൻ ഇപ്പോൾ ഗവർണറാണ്.സർക്കാർ ഖജനാവും സർക്കാർ വക വനവും സർക്കാർ നിയമനങ്ങളുമെല്ലാം പാർട്ടിക്കാർക്കു മാത്രം നൽകുന്ന രീതി പ്രതിഷേധാർഹമാണ്. വനം വകുപ്പിന്റെ വാർഷിക റിപ്പോർട്ടിൽ 5024 ഏക്കർ വനം കൈയ്യേറിയതായി വെളിപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇതിൽ പകുതിയിലേറെ കൈയ്യേറ്റവും മൂന്നാർ ഡിവിഷനിലെ മണിയാശാന്റെ താലൂക്കിലാണ്. ഭൂപതിവ് നിയമഭേദഗതി ഗവർണർ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ ഈ കൈയ്യേറ്റമെല്ലാം വനം വകുപ്പിന് ഒഴിപ്പിക്കാൻ കഴിയും. അതുകൊണ്ട്, ഇടുക്കിയിലെ എല്ലാ ചടങ്ങുകളിലും ഗവർണറുടെ 'മുത്തനും മുത്തപ്പനും' വിളിച്ചുകൊണ്ട് മണിയാശാൻ വെളിച്ചപ്പാടിനെ പോലെ തുള്ളുകയാണ്. മണിയാശാൻ മന്ത്രിയായിരിക്കെ, ഇലക്ട്രിസിറ്റി ബോർഡിന്റെ സ്ഥലത്ത് പാർക്ക് സ്ഥാപിച്ചതും വിവാദമായിരുന്നു. ഇതിനിടെ 'വെറുമൊരു തൊഴിലാളി നേതാവായ' മണിയാശാന്റെ സഹോദരന്റെ വീട്ടിലും ഓഫീസിലും ഇ.ഡി. കയറി നിരങ്ങിയതും പൊല്ലാപ്പായിട്ടുണ്ട്. പാർട്ടിയിലെ എല്ലാ ചോട്ടാ നേതാക്കളും എങ്ങനെയെല്ലാം സർക്കാർ പണം വെട്ടിച്ചെടുക്കാമെന്നു ചിന്തിച്ച് തല പുകയ്ക്കുകയാണ്.

പാർട്ടിക്കാരെ കണ്ടാൽ പോലീസിന് മുട്ടുവിറയ്ക്കും ...

ഇരട്ട നീതിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു തെളിവായി എസ്.എഫ്.ഐക്കാർ പോലീസ് ജീപ്പ് തല്ലിത്തകർക്കുന്നതിന്റെയും എസ്.ഐയുടെ കൈയ്യും കാലും വെട്ടുമെന്ന് പറയുന്നതിന്റെയും വിഷ്വലുകൾ കഴിഞ്ഞ ദിവസം ചാനലുകളിൽ കണ്ടു. വെഞ്ഞാറമൂടിൽ പോലീസ് സ്റ്റേഷനിൽ കയറി കോൺഗ്രസുകാരെ തല്ലിയതും സി.പി.എംകാരാണ്. ഈ കേസുകളിലൊന്നും ആരെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കലാപാഹ്വാനം പ്രതിപക്ഷം നടത്തുന്നുവെന്ന ആരോപണം മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കുന്നുണ്ടെങ്കിലും ആരാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന യാഥാർത്ഥ്യം മാധ്യമങ്ങളിൽ വായിച്ചെടുക്കാൻ കഴിയും. പിണറായിക്കു മുമ്പിൽ കരിങ്കൊടി പോയിട്ട്, കറുത്തതൊന്നും പാടില്ലെന്നാണ് പൊലീസിന്റെ പിടിവാശി. ഗവർണർക്കു നേരെ എസ്.എഫ്.ഐ കരിങ്കൊടി കാണിക്കുന്നവരെ പോലീസ് എത്ര  വാത്സല്യത്തോടെയാണ് തള്ളിമാറ്റുന്നത്? 32 ലേറെ കേസുകളിൽ പ്രതിയായ യുവജന നേതാവിനെതിരെ പോലീസ് ചെറുവിരൽ അനക്കുന്നില്ല.

കറ നല്ലതാണെന്ന് മാത്രം പറയരുതേ ...

കള്ളം പറയുന്ന പോലീസിനെ എങ്ങനെ ജനം വിശ്വസിക്കും? പണവും പിണറായി ഭക്തിയുമാണ് ഇപ്പോൾ പോലീസിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിയമം കൈയിലെടുത്തുവെന്നും അവർക്കെതിരെ കേസെടുക്കണമെന്നും കോടതി പറഞ്ഞിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഒരുപാട് പഴകിത്തേഞ്ഞ മുദ്രാവാക്യത്തിലുള്ളതാണെങ്കിലും ''ഇതു പോലൊരു നാറിയ ഭരണം'' എന്ന വിശേഷണം ഈ സർക്കാരിനു ചേരുമെന്ന് ജനം പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി തൃശൂരിൽ വച്ച് സ്ത്രീകൾക്ക് നൽകിയ ഗ്യാരന്റി ബിൽക്കീസ് ബാനു കേസിൽ സുപ്രീംകോടതി. പൊളിച്ചടുക്കിയോ? വീണ്ടും മോദി വരുമ്പോൾ ഈ കോടതി വിധിയുടെ കറ അദ്ദേഹത്തിന്റെ മുഖത്തുണ്ടാകാം. പരസ്യത്തിൽ പറയുന്നതുപോലെ ''കറ നല്ലതാണ്'' എന്നല്ലേ ബി.ജെ.പിക്ക് പറയാൻ കഴിയൂ.

കർഷകർ കരയുന്നില്ല, മരിക്കുകയാണ് ...

കാലം തെറ്റിപ്പെയ്യുന്ന മഴയും , കാടിറങ്ങി വരുന്ന വന്യമൃഗങ്ങളും , 'ജപ്തി ജപ്'തി യെന്ന് വിളിച്ചുകൂവുന്ന ബാങ്കുകളും കർഷകരെ ദുരിതത്തിലാക്കിക്കഴിഞ്ഞു. റബറിന്റെ താങ്ങ് വിലക്കനുസരിച്ചുള്ള സബ്‌സിഡി വിതരണം മുടങ്ങികിടക്കുകയാണ്. ഇടയ്ക്ക് പെയ്യുന്ന മഴ ഏറ്റവും കൂടുതൽ റബർ ഉൽപ്പാദനം നടക്കേണ്ട ജനുവരി മാസത്തിൽ റബർ കർഷകരെ കണ്ണീര് കുടിപ്പിക്കുന്നു. നെല്ലിന്റെ വില ഇനിയും സർക്കാർ നൽകിയിട്ടില്ല.

മാവിലെ പൂക്കുലകളെല്ലാം മഴയിൽ ആർത്തലച്ച് നിലത്ത് വീണ് കഴിഞ്ഞു. വാഴക്കൃഷി കാറ്റിൽ അടിപതറി. ഏത്തക്കായ്ക്ക് കിലോയ്ക്ക് 30 രൂപ കിട്ടിയാലായി. ഇഞ്ചി കച്ചവടക്കാർക്ക് കൊടുക്കുമ്പോൾ 70 രൂപ വാങ്ങാൻ ചെന്നാൽ 150 രൂപ എന്നിങ്ങനെയാണ് അവസ്ഥ. വാഴക്കൃഷി നടത്തി വന്ന ഒരു കർഷകൻ കൂടി ജനുവരിയിൽ ആത്മഹത്യ ചെയ്തു. കൃഷിവകുപ്പിന് ഇതിനൊന്നും പറയാനില്ലേ! അതാണ് ഏറെ  കഷ്ടം

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam